Election | ശ്രീലങ്കയിൽ പാർലമെൻ്റ് പിരിച്ചുവിട്ട് പുതിയ പ്രസിഡന്റ്; രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക്
● നവംബർ 14 ന് പുതിയ പാർലമെൻറ് തിരഞ്ഞെടുപ്പ് നടക്കും.
● 2020 ഓഗസ്റ്റിലാണ് ശ്രീലങ്കയിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്.
● നിലവിൽ ദിസനായകെയുടെ പാർട്ടിക്ക് മൂന്നു സീറ്റുകളാണ് ഉള്ളത്
കൊളംബോ: (KVARTHA) ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ പാർലമെൻ്റ് പിരിച്ചുവിട്ടു. ഇതോടെ നവംബർ 14ന് പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കും. 225 അംഗ പാർലമെന്റിൽ ദിസനായകെയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ സഖ്യത്തിന് മൂന്ന് സീറ്റുകൾ മാത്രമാണുള്ളത്.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം, തിരഞ്ഞെടുപ്പിനായി ഉടൻ തന്നെ പാർലമെൻ്റ് പിരിച്ചുവിടുമെന്ന് ദിസനായകെ പറഞ്ഞിരുന്നു. തൻ്റെ നയങ്ങൾ നടപ്പാക്കാൻ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുമെന്നും ജനഹിതത്തിന് വിരുദ്ധമായി രൂപീകരിച്ച പാർലമെൻ്റ് തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
2020 ഓഗസ്റ്റിലായിരുന്നു ശ്രീലങ്കയിൽ അവസാനത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം ഹരിണി അമരസൂര്യയെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതോടെ ശ്രീലങ്കയിൽ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി അവർ ചരിത്രത്തിൽ ഇടം നേടി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെണ്ണലിൽ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പിന്തള്ളിയാണ് കമ്യൂണിസ്റ്റ് പാർടിയായ ജനതാ വിമുക്തി പെരമുന (ജെവിപി) യുടെ നേതാവ് അനുര കുമാര ദിസനായകെ വിജയം ഉറപ്പിച്ചത്. ആദ്യഘട്ട വോട്ടെണ്ണലിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. ദിസനായകെ ആദ്യഘട്ടത്തിൽ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനവും നേടി.
#SriLanka #Elections #Politics #NewPresident #HariniAmarasuriya #Governance