Policy Change | പാർട്ടി പരിപാടിക്ക് പകരം നവകേരള നയ രേഖ; കൊല്ലം സമ്മേളനത്തിൻ്റെ ദിശാ സൂചികകളെന്ത്?

 
Pinarayi Vijayan, New Kerala Policy, CPM Party Congress, Kerala Politics
Pinarayi Vijayan, New Kerala Policy, CPM Party Congress, Kerala Politics

Photo Credit: Facebook/ CPIM Kollam District Committee

● നയരേഖ അവതരിപ്പിച്ചത് മുഖ്യമന്ത്രിയാണ്.
● ഒരാളിൽ കേന്ദ്രീകൃത അധികാരമെന്ന് വിമർശനം.
● സ്വകാര്യ നിക്ഷേപത്തിന് അനുകൂല നയം.

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) പതിറ്റാണ്ടുകളായി തുടരുന്ന സംഘടനാ ശൈലികളാകെ പൊളിച്ചെഴുതിയാണ് 24-ാം പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം സമാപിച്ചത്. അലകും പിടിയും മാറ്റിയ പാർട്ടിയിൽ പുതുപരീക്ഷണങ്ങൾ കൊണ്ടുവരുന്നതും നവീകരിക്കപ്പെടുന്നതും യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്ന ചിന്താപദ്ധതികൾ നടപ്പിലാക്കുന്നതും സ്വാഗതാർഹമാണ്. ജനകീയ ജനാധിപത്യ പാർട്ടിയായാണ് സി.പി.എം സ്വയം വിശേഷിപ്പിക്കാറുള്ളത്. ജനങ്ങളെ അണിനിരത്തിയുള്ള വിപ്ലവം ഏതു വിധേനെയുമാകാം. 

1957 ൽ ബാലറ്റിലൂടെ കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന നാടാണ് ഈ കൊച്ചു കേരളം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരി പാട് പ്രത്യയശാസ്ത്ര വിദഗ്ദ്ധനും പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണെങ്കിലും പാർട്ടിക്ക് കീഴ്പ്പെട്ടു കൊണ്ടാണ് ഭരണം നയിച്ചിരുന്നത്. ഭൂപരിഷ്കരണമെന്നത് പാർട്ടിയുടെ ആശയമായിരുന്നു. നവകേരളത്തിനായി കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോഴെക്കെ പുരോഗമന, നവോത്ഥാന ആശയങ്ങൾ നടപ്പിലാക്കി. കേന്ദ്രീകൃത ജനാധിപത്യമായിരുന്നുവെങ്കിലും അവിടെ ഒരു പാർട്ടി പരിപാടി ഉയർത്തി പിടിക്കാനുണ്ടായിരുന്നു. 

പാർട്ടി പരിപാടി മുൻനിർത്തിയാണ് കമ്യുണിസ്റ്റ് പാർട്ടികൾ അവരുടെ സർക്കാരിനെ മുൻപോട്ടു നയിച്ചിരുന്നത്. എന്നാൽ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ഒരു മുഖ്യമന്ത്രി തന്നെ പാർട്ടി പരിപാടി അവതരിപ്പിക്കുന്ന സാഹചര്യമാണുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാധികാര പ്രഖ്യാപനമാണ് നടന്നതെന്നാണ് വിമർശനം. കേരളത്തിലെ പാര്‍ട്ടിയെന്നാൽ പിണറായി എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിനു പോലും എതിരഭിപ്രായമില്ല. തൊഴിലാളി പാര്‍ട്ടിയെന്ന അടിസ്ഥാന സ്വഭാവത്തിൽ നിന്ന നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള സിപിഎമ്മിന്‍റെ കൂടുമാറ്റത്തിനും കൊല്ലം സമ്മേളനത്തിൽ പിണറായി വിജയൻ അസ്ഥിവാരമിട്ടു.

ആടിയുലഞ്ഞ ദശാബ്ദങ്ങൾക്ക് ഇപ്പുറം ചെങ്കടലിൽ കൊല്ലത്ത് നങ്കൂരമിട്ട സിപിഎമ്മിന് ഒരൊറ്റ കപ്പിത്താനെ ഉള്ളു. അതു പിണറായി വിജയൻ മാത്രമാണെന്ന് പറയുകയാണ് ഇവിടെ. ഭരണാലസ്യം മറികടക്കാനായിമാറ്റത്തിന്റെ കാറും കോളും പ്രതീക്ഷിച്ചവർക്കെല്ലാം തെറ്റി, പേരിനും പോലും ഒരു തിരുത്തില്ലാതെ പാർട്ടിയിൽ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് പിണറായി വിജയൻ. 1964 ലെ പിളര്‍പ്പിന് ശേഷം കേരളത്തിലെ പാര്‍ട്ടിയെന്നാൽ കടുംപിടുത്തങ്ങൾ കൂടിയാണെന്ന് ചരിത്രം വായിക്കുന്നവർക്ക് അറിയാം. നിലപാടുകളിൽ തുടങ്ങി സംഘടനാ ചിട്ടകളിലും അച്ചടക്കത്തിലും വരെ ഉരുക്കുമുഷ്ടി. 
നയസമീപനങ്ങളിൽ കടുകിട വ്യതിചലിക്കാത്ത പാര്‍ട്ടിയെ കൊല്ലം സമ്മേളനത്തിൽ നവകേരള പുതുവഴി നയരേഖയിൽ പിണറായി വിജയൻ തളച്ചിടുകയായിരുന്നു.

റോഡിലെ ടോളിനെ രാജ്യമാകെ എതിർത്ത പാർട്ടി ഇപ്പോൾ ടോൾ മാത്രമല്ല സർക്കാർ നൽകുന്ന സേവനങ്ങൾക്കെല്ലാം സെസ് ഏർപ്പെടുത്താനൊരുങ്ങുകയാണ്. നവകേരളത്തിന്റെ വഴി പിണറായി തെളിച്ച് മണിക്കൂറുകൾക്കകമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിൽ കേന്ദ്രത്തെ പഴിക്കുന്ന പ്രമേയം കൊല്ലത്ത് അവതരിപ്പിച്ചത്. പൊതുമേഖലയിൽ പങ്കാളിത്ത മാതൃകയിൽ സ്വകാര്യ നിക്ഷേപം ആകാമെന്ന നയരേഖയിലെ ഉള്ളടക്കം  മുതിര്‍ന്ന നേതാക്കൾ വരെ അറിഞ്ഞില്ല. സമ്മളന അജൻഡ തീരുമാനിച്ച സംസ്ഥാന സമിതിയെ പോലും ഇരുട്ടിൽ നിർത്തിയായിരുന്നു പിണറായി വിജയന്‍റെ പുതുവഴി വെട്ടൽ. 

ബഹുജന സമരങ്ങളിലൂടെ ഉയർന്നുവന്ന നേതാക്കൾ കമ്യൂണിസ്റ്റു പാർട്ടികൾക്ക് എപ്പോഴും ആവേശമാണ്. അവരെ വാഴ്ത്തിപ്പാടുകയും അനുസ്മരണ സമ്മേളനങ്ങൾ നടത്താറുമുണ്ട്. എന്നാൽ പാർട്ടിയാണ് ജനനായകനെന്നാണ് കമ്യുണിസ്റ്റു പാർട്ടികളുടെ നിലപാട്. ഒരിക്കലും വ്യക്തികേന്ദ്രീകൃതമായ നയസമീപനങ്ങൾ സ്വീകരിക്കാറില്ല. അങ്ങനെയുള്ള സമീപനങ്ങൾ സ്വീകരിക്കുന്ന ഇടങ്ങളിൽ തകർന്നിട്ടുമുണ്ട്. റഷ്യയിലും പോളണ്ടിലുമൊക്കെ അതാണ് നടന്നത്. പാർട്ടി പരിപാടികളുടെ അടിസ്ഥാന മൂല്യം മാറ്റിമറിക്കുമ്പോൾ ജനങ്ങൾ മറ്റൊരു പരിപാടി നിശ്ചയിക്കും, പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്താക്കൽ. കേരളത്തിൽ നടക്കാൻ പോകുന്നത് അതാണെന്ന് ദീർഘദർശനം ചെയ്യുന്നവർക്ക് അറിയാം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The 24th Party Congress in Kollam introduced a new Kerala policy document, with criticism on the shift from traditional party principles to more liberal economic approaches.

#NewKeralaPolicy #PoliticalShift #CPM #PinarayiVijayan #KeralaPolitics #LeftistReforms

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia