Alliance | ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം; സീറ്റ് വിഭജനമായി; സിപിഎമ്മും ഒപ്പം 

 
Farooq Abdullah, Mallikarjun Kharge, Rahul Gandhi meeting in Srinagar

Photo Credit: X/ Mallikarjun Kharge

സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക

ശ്രീനഗർ: (KVARTHA) ജമ്മു കശ്മീരിലെ നിയമസഭ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിൽ സഖ്യമായി മത്സരിക്കും. ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജനം നടത്തിയതായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചു. ദൈവത്തിന്റെ അനുഗ്രഹത്തോടെ സഖ്യം നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇപ്പോൾ ജമ്മു കാശ്മീരിൽ ഉള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും സഖ്യത്തിൽ ഉണ്ട്. സിപിഎം നേതാവും മുൻ എംഎൽഎയുമായ യൂസഫ് തരിഗാമി തങ്ങളോടൊപ്പം ഉണ്ടെന്ന് ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.

പിഡിപിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാം, ആരുടെയും വാതിൽ അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ, മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ശ്രീനഗറിലെ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിൽ അദ്ദേഹവുമായും മകൻ ഉമർ അബ്ദുല്ലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ജമ്മു കാശ്മീരിൽ പുതിയ നിയോജകമണ്ഡലങ്ങളുടെ നിർണയത്തെ തുടർന്ന് നിയമസഭ സീറ്റുകൾ 83ൽ നിന്ന്  90 ആയി ഉയർന്നു. 2014 ലാണ് അവസാന നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. 2018 ജൂൺ മാസത്തിൽ അന്നത്തെ മുഖ്യമന്ത്രിക്ക് പിന്തുണ പിൻവലിച്ചതോടെ പിഡിപി-ബിജെപി സഖ്യം തകരുകയായിരുന്നു. 
ജമ്മുവിൽ 43 സീറ്റുകളും മുസ്ലീം ഭൂരിപക്ഷ കശ്മീരിൽ 47 സീറ്റുകളുമുണ്ട്. 

കശ്മീരില്‍ കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിക്കുകയും ജമ്മുവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 12 സീറ്റുകള്‍ നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം ഒക്ടോബർ നാലിന് പുറത്തുവരും.

#JammuKashmirElections, #NationalConference, #CongressAlliance, #FarooqAbdullah, #RahulGandhi, #Election2024

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia