PM Modi | ചരിത്രമുഹൂർത്തം! പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
രാഷ്ട്രത്തലവന്മാരും സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുമടക്കം 8000 അതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു
ന്യൂഡെൽഹി: (KVARTHA) ഇന്ത്യയുടെ 16-ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രത്തലവന്മാരും സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുമടക്കം 8000 അതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
രാഷ്ട്രപതി ഭവന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ഞായറാഴ്ച വൈകീട്ട് 7.15 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവാണ് നരേന്ദ്ര മോദി.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വ്യവസായി മുകേഷ് അംബാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുടങ്ങിയ വിശിഷ്ട വ്യക്തികൾ, കലാ, സിനിമ, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍, ഗവർണർമാർ, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങിലെത്തി.