Leadership Crisis | പ്രതിനിധി സമ്മേളന ചർച്ചയിൽ എം വി ഗോവിന്ദന് നേരെയുണ്ടായത് രൂക്ഷ വിമർശനം; പ്രതികരിച്ചവരിൽ ഇപി യെ അനുകൂലിക്കുന്നവരും

 
 M.V. Govindan Faces Intense Criticism at CPM Kollam Conference
 M.V. Govindan Faces Intense Criticism at CPM Kollam Conference

Photo Credit: Facebook/MV Govindan Master

● 'പറയുന്നത് എന്താണെന്ന് പാർട്ടി നേതാക്കൾക്ക് പോലും മനസിലാവുന്നില്ല'
● 'സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കഥാപാത്രമായി'
● 'പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല'

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന ചൊല്ലുപോലെ സി.പി.എം കൊല്ലം സമ്മേളനത്തിൽ വിമർശനങ്ങളേറ്റ് തളർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂരും, കാസർകോടും കോഴിക്കോടും ഒഴിച്ചു മറ്റുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ എം.വി ഗോവിന്ദനെതിരെ അതിരൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. എം.വി ഗോവിന്ദൻ്റെ എതിരാളിയായി അറിയപ്പെടുന്ന കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനുമായി അടുപ്പമുള്ളവരാണ് വിമർശനങ്ങൾ അഴിച്ചുവിട്ടവരിൽ ഭൂരിഭാഗവും. 

നേരത്തെ പാർട്ടിക്കുള്ളിൽ പി ജയരാജൻ ഉൾപ്പെടെയുള്ളവരെ മുൻ നിർത്തി ഇ പി ജയരാജനെതിരെ നിരന്തരം ആരോപണങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിപ്പിച്ചതിനു പിന്നിൽ എം.വി ഗോവിന്ദനാണെന്ന് പാർട്ടിക്കുള്ളിൽ ആരോപണം ഉയർന്നിരുന്നു. ഇതിനു തിരിച്ചടിയാണ് സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് കിട്ടിയത്. ഇതോടെ കൊല്ലം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. 

സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലെ വിമർശന കുന്തമുന മുഴുവൻ പാർട്ടി സെക്രട്ടറിക്കെതിരെയാകുന്നത് സി.പി.എമ്മിൻ്റെ ചരിത്രത്തിൽ ഇന്നുവരെയില്ലാത്തതാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളിൽ ഇഴകീറി പരിശോധിച്ചുവെങ്കിലും കടുത്ത വിമർശനത്തിന് ആരും തയ്യാറായിരുന്നില്ല. 

എന്നാൽ പാർട്ടിയിലും സർക്കാരിലും സർവശക്തനായ മുഖ്യമന്ത്രിയെ ഭയക്കുമ്പോഴും സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനെ വിമർശിക്കാൻ പലരും തയ്യാറായി. മുഖ്യമന്ത്രിക്ക് നൂറിൽ നൂറ് മാര്‍ക്കിട്ട പ്രതിനിധി ചര്‍ച്ചയിൽ പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിക്കും നിലപാടിനും പൂജ്യം മാർക്കാണ് പലരും നൽകിയത്. കടിച്ചാൽ പൊട്ടാത്ത കാര്യങ്ങൾ പറയുന്ന എം.വി ഗോവിന്ദൻ പറയുന്നത് എന്താണെന്ന് പാർട്ടി നേതാക്കൾക്ക് പോലും മനസിലാവുന്നില്ലെന്നായിരുന്നു വിമർശനം. 

മാർക്സിസം ലെനിനിസമില്ല ഗോവിന്ദസമാണ് കടിച്ചാൽ പൊട്ടാത്ത വിധത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതെന്ന് പലരും വിമർശിച്ചു. സിൽവർ ലൈൻ അതിവേഗ ട്രെയിനിൽ അപ്പംകൊണ്ടുപോകുന്നതും എ.ഐ ക്യാമറ സംവിധാനത്തെ പാർട്ടി സഖാക്കൾ ഉപയോഗിക്കണമെന്നുമൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഗോവിന്ദനെപ്പോലെ മറ്റൊരു പാർട്ടി സെക്രട്ടറിയും കഥാപാത്രമായിട്ടില്ലെന്ന് ചിലർ വിമർശിച്ചു. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ലെന്നതാണ് പലരും ചൂണ്ടിക്കാണിച്ചത്. ഒരേ കാര്യത്തിൽ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങൾ പറയുന്നത് പാര്‍ട്ടി അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു. 

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ പാര്‍ട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്ന് വരെ പ്രതിനിധികൾ പറഞ്ഞുവെച്ചു. മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികൾ വരുമ്പോൾ കാണിക്കുന്ന കണ്ണൂര്‍ പക്ഷപാതിത്വം വരെ പ്രതിനിധികൾ വിമര്‍ശിച്ചു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് ഇതു സംബന്ധിച്ചു എംവി ഗോവിന്ദന്‍റെ മറുപടി. സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള മേൽക്കയ്യാണ് പൊതു ചര്‍ച്ചയിലുടനീളം പ്രതിഫലിച്ചത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

M.V. Govindan faces strong criticism during the CPM Kollam conference, with several party members questioning his leadership, clarity, and approach.

#MVGowindan, #CPM, #KeralaPolitics, #PoliticalCriticism, #KollamConference, #Leadership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia