Legal Dispute | മുനമ്പം വഖ് ഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമീഷന്റെ അധികാരമെന്ത്? ഹൈകോടതി ഉന്നയിച്ചത് വലിയ നിയമപ്രശ്നം; സര്‍കാരിനെ കുടയുന്ന നിരീക്ഷണങ്ങള്‍

 
Kerala High Court building Representing High Court Questions Judicial Commission on Munambam Waqf Land
Kerala High Court building Representing High Court Questions Judicial Commission on Munambam Waqf Land

Photo Credit: X/High court of Kerala

● സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് കോടതി നിരീക്ഷണം.
● സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
● രാഷ്ട്രീയപരവും സാമൂഹികപരവുമായ നിരവധി പ്രതികരണങ്ങള്‍ ഉണ്ടായി. 

കൊച്ചി: (KVARTHA) മുനമ്പം വഖ് ഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍കാരിനെ കുടയുന്ന നിരീക്ഷണങ്ങളാണ് വെള്ളിയാഴ്ച ഹൈകോടതിയില്‍ നിന്നുണ്ടായത്. മുനമ്പത്തെ ഭൂമി വഖ് ഫ് സ്വത്താണെന്ന് നിലവിലെ കോടതി വിധികള്‍ ഉണ്ടായിരിക്കെ, ഇതേ വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന കോടതിയുടെ ചോദ്യം സര്‍ക്കാരിന് തിരിച്ചടിയായി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരള വഖ്ഫ് സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

മുനമ്പം വഖ് ഫ് ഭൂമിയാണെന്ന കോടതി വിധികളെ മറികടന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ഒരു നിലപാട് സ്വീകരിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന കോടതിയുടെ ചോദ്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും കോടതി നിരീക്ഷിച്ചു. സിവില്‍ കോടതിയും ഹൈകോടതിയും ശരിവെച്ച ഒരു വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് എങ്ങനെ വ്യത്യസ്തമായ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയുമെന്ന കോടതിയുടെ ചോദ്യം നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. 

1968-ല്‍ സിവില്‍ കോടതി മുനമ്പത്തെ ഭൂമി വഖ് ഫ് സ്വത്താണെന്ന് കണ്ടെത്തിയിരുന്നു. ഈ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ 1975-ല്‍ ഹൈകോടതി തള്ളുകയും ചെയ്തു. എന്നിട്ടും, മുനമ്പത്തെ തര്‍ക്കങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം കാണാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചുവെന്ന് കാട്ടിയാണ് കേരള വഖ് ഫ് സംരക്ഷണ സമിതി ഹൈകോടതിയെ സമീപിച്ചത്. കമ്മീഷന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സര്‍കാര്‍ സമയം തേടിയതിനാല്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

Rahmathullah Saquafi Elamaram  protesting against the land grab in Munambam

മുനമ്പം ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വ്യക്തത വേണമെന്നാണ്  ഹൈകോടതി പറഞ്ഞിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം സിവില്‍ കോടതി തീര്‍പ്പാക്കിയ കേസില്‍ കമ്മീഷന് ഇടപെടാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. വഖ് ഫ് കേന്ദ്ര നിയമമായതിനാല്‍ അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണോ സംസ്ഥാന സര്‍ക്കാരാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. എന്നാല്‍, ഭൂമി വിഷയം സംസ്ഥാന പട്ടികയിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണെന്ന് സര്‍ക്കാര്‍ വാദിച്ചു. തര്‍ക്കത്തിലുള്ള 400 ഏക്കര്‍ ഭൂമിയില്‍ 104 ഏക്കര്‍ വഖഫ് ഭൂമിയാണെന്നും ബാക്കിയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വ്യക്തത വരുത്താന്‍ കമ്മീഷന് കഴിയുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹൈകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വഖ് ഫ് ഭൂമിയാണെന്ന് കോടതി വിധി ഉണ്ടായിരിക്കെ പിന്നെ ജുഡീഷ്യല്‍ കമ്മീഷനെ വെക്കാന്‍ എന്താണ് അധികാരമെന്ന ചോദ്യം ശക്തമായി ഉയര്‍ന്നു വരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയപരവും സാമൂഹികപരവുമായ നിരവധി പ്രതികരണങ്ങള്‍ ഉണ്ടായി. 

എഴുത്തുകാരനും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ റഹ്‌മതുല്ല സഖാഫി എളമരം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാണ്. 'വഖ് ഫ് ഭൂമിയാണെന്നു കോടതി വിധി ഉണ്ടായിരിക്കെ പിന്നെ ജുഡീഷല്‍ കമ്മീഷനെ വെക്കാന്‍ എന്താണാധികാരം?' എന്ന ചോദ്യം ഭൂമി വിറ്റു കാശാക്കിയവരെയും, ഇത് വഖ് ഫ് ഭൂമിയല്ല എന്ന് 'വിധി' പറഞ്ഞ പ്രതിപക്ഷ നേതാവിനെയും, വഖ് ഫ് ഭൂമിയാണെന്നു കോടതി വിധി ഉണ്ടായിരിക്കെ വീണ്ടും അത് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ വെച്ച ഗവണ്‍മെന്റിനെയും ഞെട്ടിച്ചിരിക്കുകയാണ്. 

നിയമം നിയമത്തിന്റെ വഴിക്കു പോകണം. വോട്ട് രാഷ്ട്രീയത്തിനു വേണ്ടി വളഞ്ഞ വഴി സ്വീകരിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. ഗവണ്‍മെന്റ് ഭൂമിയോ, മറ്റേതെങ്കിലും വിഭാഗത്തിന്റെയോ വ്യക്തിയുടെയോ ഭൂമി നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെ ആരെങ്കിലും വില്‍ക്കുകയോ കയ്യേറ്റം നടത്തുകയോ ചെയ്താല്‍ എന്ത് നടപടിയാണോ ഗവണ്‍മെന്റ് സ്വീകരിക്കുക ആ രീതി തന്നെയാവണം മുനമ്പത്തിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ഇവിടെ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമഞ്ഞു ആരും വഖ്ഫ് കൊള്ളയ്ക്ക് കൂട്ടു നില്‍ക്കാന്‍ മുതിരരുത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പ്രതികരണങ്ങളും നിയമനടപടികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

he Kerala High Court has raised questions about the authority of a judicial commission set up to investigate the Munambam Waqf land dispute. The court noted that previous court verdicts had already established the land as Waqf property and questioned the need for a commission to re-examine the issue.

#Munambam, #WaqfLand, #KeralaHighCourt, #LegalDispute, #LandOwnership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia