Rahul Gandhi | സൂര്യശോഭയോടെ ദേശീയരാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധി; മോദിക്കും സര്‍ക്കാരിനും ഇനി നേരിടേണ്ടി വരിക ശക്തനായ പ്രതിപക്ഷ നേതാവിനെ


വിമർശനങ്ങളെ അതിജീവിച്ചു കൊണ്ടു കൂറ്റന്‍ വിജയമാണ് വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ നേടിയത്
ഭാമനാവത്ത്
ന്യൂഡെല്‍ഹി: (KVARTHA) തനിക്കെതിരെയുളള വിമര്‍ശനങ്ങളെ പൂമാലയാക്കി അണിഞ്ഞു കൊണ്ടു രാഹുല്‍ ഗാന്ധിയുടെ വന്‍തിരിച്ചുവരവ്. ദേശീയ രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെല്ലുവിളി ഉയര്‍ത്തി പ്രതിപക്ഷ നേതാവായി ഇനി രാഹുലുണ്ടാവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ നിന്നും രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും സി.പി. എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആരോപണമുന്നയിച്ചിരുന്നു.
എന്നാല്‍ ഇതിനെ അതിജീവിച്ചു കൊണ്ടു കൂറ്റന്‍ വിജയമാണ് വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ നേടിയത്. വിമര്‍ശകരുടെ വായയടിപ്പിച്ചുകൊണ്ടുളള മിന്നും വിജയമാണ് രാഹുല്‍ നേടിയത്. യു.പിയില്‍ അഖിലേഷ് യാദവിനൊപ്പം സഖ്യമുണ്ടാക്കി ബി.ജെ.പിയെ വീഴ്ത്തിയെന്നു മാത്രമല്ല രാജ്യത്ത് മുഴുവനും ഇന്ത്യാ മുന്നണിക്ക് വേരോട്ടമുണ്ടാക്കാനും രാഹുലിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഇന്ത്യയില്‍ ഒരു പ്രതിപക്ഷമില്ലാത്തതാണ് തന്റെ നിര്‍ഭാഗ്യമെന്നു പറഞ്ഞു പരിഹസിച്ച നരേന്ദ്രമോദിക്ക് ശക്തമായ പ്രതിപക്ഷ നേതാവിനെയാണ് രാഹുലിലൂടെ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പപ്പുമോനെന്നു പരിഹസിച്ചവര്‍ക്കു മുന്‍പില്‍ റായ്ബറേലിയിലും വയനാട്ടിലും ലക്ഷങ്ങളുടെ വോട്ടിന്റെ ലീഡു നേടിയാണ് രാഹുല്‍ ഗാന്ധി നെഞ്ചുവിരിച്ചു നിന്നത്. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. വയനാട്ടില്‍ നിന്നും രാജിവെച്ചു രാഹുല്‍ ഗാന്ധി ഇന്ത്യാ സഖ്യത്തിന്റെ നേതൃനിരയില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതോടെ മൂന്നാം മോദിസര്‍ക്കാരിന് മുന്‍പില്‍ വൈതരണികള്‍ ഏറെ സൃഷ്ടിച്ചേക്കാം.