Comparison | വെറും രണ്ട് കമ്പിയും വെച്ച്, 10 ലക്ഷം എംഎൽഎ വക എന്ന് എഴുതി വെക്കുന്നവർക്ക് ഒരു പാഠമാകട്ടെ; മാതൃകയായി ശിഹാബ് തങ്ങളുടെ പേരിലുള്ള മനോഹരമായ ബസ് സ്റ്റോപ്പ്
ഇനി ഇത് വഴി ബസില്‍ പോകുമ്പോള്‍ അവിടെയിറങ്ങി ബസൊന്ന് മാറിക്കേറണം, അത് മനസ്സിന് വല്ലാത്തൊരു അനുഭൂതി പകരും, എന്ന് പറയുന്നവരെ എങ്ങനെ കുറ്റം പറയാൻ സാധിക്കും
കെ ആർ ജോസഫ്
(KVARTHA) വെറും രണ്ടു കമ്പിയും വെച്ച് 10 ലക്ഷം എംഎൽഎ വക എന്ന് എഴുതി വെക്കുന്നവർക്ക് ഒരു പാഠമാകട്ടെ ശിഹാബ് തങ്ങളുടെ പേരിലുള്ള ഈ മനോഹരമായ ബസ് സ്റ്റോപ്പ്. ജീവിതം അനേകം മനുഷ്യർക്കു തണലാക്കിയ ഒരു മഹാന്റെ ഓർമ്മയിൽ ഒരു പുതിയ ഭംഗിയുള്ള ബസ് സ്റ്റോപ്പ്. എന്നും മനോഹരമായി വൃത്തിയോടെ ഈ ബസ് സ്റ്റോപ്പ് കാത്തു സൂക്ഷിക്കാൻ നാട്ടുകാർക്കാവട്ടെ. തങ്ങളുടെ പേരിൽ ഉള്ളതൊന്നും നിറം മങ്ങിക്കൂടാ. പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ആദ്യമേ തന്നെ നേരുന്നു.
മലപ്പുറം ജില്ലയിൽ ശിഹാബ് തങ്ങളുടെ ഓർമ്മയ്ക്കായി പണി കഴിപ്പിച്ച ഒരു മനോഹരമായ ബസ് കാത്തിരുപ്പ് കേന്ദ്രമാണ് ശ്രദ്ധയാകർഷിക്കുന്നത്. വയനാട് ദുരന്തത്തെത്തുടർന്ന് ഇതിൻ്റെ ഉദ്ഘാടനം അധികം ആളും ആരവങ്ങളുമൊന്നും ഇല്ലാതെ കടന്നുപോകുകയായിരുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചപ്പോഴാണ് മാലോകർ ഈ വിവരം അറിയുന്നത്. ബസ് സ്റ്റോപ്പിൻ്റെ ഫോട്ടോയും അദേഹം ഷെയർ ചെയ്യുകയുണ്ടായി.
പി കെ ഫിറോസിന്റെ പോസ്റ്റ്: 'ശിഹാബ് തങ്ങളുടെ ഓർമ്മക്കായി ജനങ്ങൾക്ക് തണലൊരുക്കാൻ എന്റെ നാട്ടിൽ ഒരു ബസ് സ്‌റ്റോപ്പ് നിർമ്മിച്ചിട്ടുണ്ട്. വയനാട് ദുരന്തം കാരണം മാറ്റി വെച്ചതായിരുന്നു ഉദ്ഘാടന ചടങ്ങ്. ലളിതമാക്കിയ ചടങ്ങ് സയ്യിദ് സാദിഖലി തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. നാട്ടുകാരൻ തന്നെയായ അഫ്സലാണ് മനോഹരമായ ഈ ബസ്സ്റ്റോപ്പിന്റെ ആർക്കിടക്റ്റ്. വാട്ടർ കൂളർ, എഫ്.എം റേഡിയോ, ചാർജിംഗ് പോയന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തുന്നുണ്ട് ഈ ബസ്സ്റ്റോപ്പിൽ. സഹകരിച്ച എല്ലാവർക്കും നന്ദി'.
ഇനി ഇത് വഴി ബസില്‍ പോകുമ്പോള്‍ അവിടെയിറങ്ങി ബസൊന്ന് മാറിക്കേറണം, അത് മനസ്സിന് വല്ലാത്തൊരു അനുഭൂതി പകരും, എന്ന് ഇതിന് താഴെ കമൻ്റ് ഇട്ട ആളുകളെ എങ്ങനെ കുറ്റം പറയാൻ സാധിക്കും. അത്രയ്ക്ക് മനോഹരം തന്നെയല്ലോ ഈ ബസ് സ്റ്റോപ്പ്. ഈ ബസ് കാത്തിരുപ്പ് കേന്ദ്രം കണ്ട് മറ്റൊരാൾ തൻ്റെ കമൻ്റ് ആയി കുറിച്ചത് മന്ത്രി മുഹമ്മദ് റിയാസിനോട് ഒരു ഉപദേശമായിരുന്നു. 'പി എ മുഹമ്മദ് റിയാസ് നമുക്കിത് പൊളിച്ചാലോ?! അങ്ങനെ സർക്കാരിൻ്റെ പി ഡബ്ള്യു ഡി നാല് ലക്ഷം ചെലവഴിച്ച് ഉണ്ടാക്കുന്ന 4500 രൂപയുടെ ഷീറ്റ് മേഞ്ഞ കുടിൽ അല്ലാതെ വേറെ ആരും ഇത്ര മനോഹരമായി ബസ് വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കേണ്ട', എന്നായിരുന്നു കമന്റ്.
എന്തായാലും ഈ ബസ് കാത്തിരുപ്പ് കേന്ദ്രം ഇന്ന് വളരെ ശ്രദ്ധനേടുന്നു എന്ന് വേണമെങ്കിൽ പറയാം. വെറും രണ്ടു കമ്പിയും വെച്ച് 10 ലക്ഷം എംഎൽഎ വക എന്ന് എഴുതി വെക്കുന്നവർക്ക് ഇത് ഒരു പാഠമാണ്. എംഎൽഎ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ മുടക്കി നാലു പൈപ്പും മേലെ ഒരാസ്ബറ്റോസും കൊണ്ട് വെയിറ്റിംഗ് ഷെഡ് എന്ന് പറഞ്ഞു കൂടുകൂട്ടുന്ന കേരളത്തിലാണ് ഇത്രയും മനോഹരമായ, അതും ഒരു മനുഷ്യന് റസ്റ്റ് എടുക്കാനുള്ള എല്ലാം സംവിധാനങ്ങളോട് കൂടിയുള്ള മനോഹരമായ ഇരിപ്പിടം തയ്യാറാക്കിയത് എന്നോർക്കണം.
ചില ചെറിയ സംരംഭങ്ങൾ ഒന്നാന്തരം പൊതുജന പ്രയോജന കേന്ദ്രമായി മാറുന്നു എന്നത് മാതൃകാപരവും ഏറെ അഭിനന്ദനാർഹവും ആണ്. ഇതാണ് രാഷ്ട്രീയം. ഇങ്ങനെയാവണം രാഷ്ട്രീയ പ്രവർത്തനം. മുസ്ലിലീഗ് മാതൃകയാകുകയാണ് എന്ന് വേണമെങ്കിൽ പറയാം. കാത്തിരിപ്പ് എപ്പോഴും എല്ലാവർക്കും തന്നെ അരോചകമാണ്. കാത്തിരിക്കുന്ന ഇടം കൂടി അങ്ങനെ ആയാലോ. ഒരു വണ്ണമുള്ള ഉരുണ്ട സ്റ്റീൽ പൈപ്പ് ചില ബസ് സ്റ്റോപ്പുകളിൽ കാണാറുണ്ട്. മഹാൻ്റെ പേരും ചിലവാക്കിയ തുകയും എഴുതി വെച്ചതും കാണാം. പരമപുച്ഛം, മഹാകഷ്ടം എന്ന് അല്ലാതെ എന്ത് പറയാൻ.
സുഖമില്ലാതെ ആശുപത്രിയിൽ പോകേണ്ടി വരുന്ന യാത്രക്കാർ, വൃദ്ധർ ഒക്കെയും നിലത്തിരിക്കണം. കാക്കയിരുന്ന് കാഷ്ഠിച്ചതിന് തണൽ മരം മുറിച്ച ഒരു നമ്പൂതിരിയുടെ കഥയാണോർമ്മ വരുന്നത്. ആരെങ്കിലും വെറുതെ വന്നിരിക്കും എന്ന് കരുതിയാണത്രെ അങ്ങനെ ഉണ്ടാക്കുന്നത്. ഉറക്ക് കൊണ്ട് പോലും ഉപകാരം ചെയ്യാത്ത ചില പിശാചുക്കളുണ്ട് അവരാണിതിൻ്റെ പിന്നിൽ. ഇവിടെയാണ് ഈ കാത്തിരുപ്പ് കേന്ദ്രം വ്യത്യസ്തമാവുന്നത്. അല്ലെങ്കിലും ആമഹാമനുഷ്യൻ്റെ പേര് പോലെ മനോഹരമാവണം ഈ കാത്തിരിപ്പ് കേന്ദ്രവും. കാത്തിരിപ്പിലും കുളിരു കോരണം. കാത്തു കൊള്ളുമെന്നുറപ്പ് തോന്നണം. പൊള്ളുന്ന ചൂടിലും ചെയ്യുന്ന മഴയിലും.
ഒരു കാര്യം കൂടി ഈ അവസരത്തിൽ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിന് എത്ര ചിലവായി എന്നത് ഈ കാലത്തെ മന്ത്രിമാർ അറിയുന്ന രൂപത്തിൽ ഒന്ന് ചുരുങ്ങിയ രൂപത്തിൽ എഴുതി ഇട്ടാൽ നന്നാവും. നാട്ടുകാർ അറിയട്ടെ ഇങ്ങനെ വൃത്തിയായിട്ട് ഉണ്ടാക്കുമ്പോൾ എത്ര രൂപ ചെലവാകും എന്നുള്ളത്. അതും ഒരു മാതൃകയാകുമല്ലോ. പിന്നെ പറയാനുള്ളത് എന്നും മനോഹരമായി വൃത്തിയോടെ ഈ ബസ് സ്റ്റോപ്പ് കാത്തു സൂക്ഷിക്കാൻ നാട്ടുകാർക്കാവട്ടെ എന്നാണ്. ശിഹാബ് തങ്ങളുടെ പേരിൽ ഉള്ളതൊന്നും നിറം മങ്ങിക്കൂടാ. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.