Political Crisis | മഹാരാഷ്ട്രയില്‍ നടക്കുന്നത് നാടകീയ സംഭവങ്ങള്‍; സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും സമയവും സ്ഥലവും എല്ലാം തീരുമാനിച്ചു; പക്ഷേ മുഖ്യമന്ത്രിയായില്ല!

 
Maharashtra Government Formation Stalled
Maharashtra Government Formation Stalled

Photo Credit: X/Devendra Fadnavis

● ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
● പരിപാടി മുംബൈയിലെ ആസാദ് മൈതാനിയില്‍വെച്ച്. 
● തിരഞ്ഞെടുപ്പ് ഫലം മുതല്‍ രാഷ്ട്രീയ കോളിളക്കം.

മുംബൈ: (KVARTHA) നവംബര്‍ 23നാണ് മഹാരാഷ്ട്ര നിയമസഭാ ഫലം വന്നത്. എന്നാല്‍ വിജയിച്ചിട്ടും ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയോ പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. വകുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞി ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എക്സ് പോസ്റ്റിലൂടെ മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. ഡിസംബര്‍ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് ബവന്‍കുലെ അറിയിച്ചു. 

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നത് മുതലുള്ള ദിവസങ്ങള്‍ മുഴുവന്‍ രാഷ്ട്രീയ കോളിളക്കം നിറഞ്ഞതാണ്, എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സസ്പെന്‍സ് ഇപ്പോഴും തുടരുന്നു. ഞായറാഴ്ച ഏകനാഥ് ഷിന്‍ഡെ മുംബൈയിലെ സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി തന്റെ നഗരമായ സത്താറയിലേക്ക് പോയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ബിജെപി നേതാക്കളുടെ തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ 288ല്‍ 240 സീറ്റും നേടി മഹായുതി വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. സഖ്യത്തില്‍ ബിജെപി 130 സീറ്റുകളും ശിവസേന (ഷിന്‍ഡെ വിഭാഗം) 57 സീറ്റുകളും അജിത് പവാറിന്റെ എന്‍സിപി 41 സീറ്റുകളും നേടി. പിന്നാലെ, പരമാവധി സീറ്റുകള്‍ നേടിയതിനാല്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ശിവസേന നേതാക്കള്‍ നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് തുടങ്ങി. ബിഹാര്‍ മാതൃക മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന് ചില ശിവസേന നേതാക്കള്‍ പറഞ്ഞു. 

നവംബര്‍ 28ന് മൂന്ന് മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെയും കണ്ടു. ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ഈ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഷിന്‍ഡെ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്ന് ഏകനാഥ് ഷിന്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു.

നവംബര്‍ 29ന് മുംബൈയിലെ മഹായുതി നേതാക്കളുടെ യോഗം പെട്ടെന്ന് റദ്ദാക്കി. ഇതിന് പിന്നാലെയാണ്  ഏകനാഥ് ഷിന്‍ഡെ ഉടന്‍ തന്നെ സ്വന്തം നാടായ സത്താറയിലേക്ക് പോയത്. നവംബര്‍ 30ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തിയെങ്കിലും നേതാവാരെന്ന് തീരുമാനിച്ചില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിടിവാശി ഉപേക്ഷിക്കാതെ തന്നെ, ഉപമുഖ്യമന്ത്രിയാക്കണമെന്നും മന്ത്രിസഭയില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കണമെന്നുമാണ് ഏകനാഥ് ഷിന്‍ഡെയുടെ ആവശ്യമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് വിട്ടുകൊടുത്താല്‍ ആഭ്യന്തരമന്ത്രി സ്ഥാനമാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ സുപ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാന്‍ ബിജെപി തയ്യാറല്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

നിലവില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ക്കൊപ്പം ചേര്‍ന്നാല്‍ ബിജെപിക്ക് കേവല ഭൂരിയപക്ഷമാകും. അജിത് പവാറിന് 41 സീറ്റുണ്ട്. ഏകനാഥ് ഷിന്‍ഡെ ഇല്ലെങ്കിലും സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവും. അതേസമയം, ഏകനാഥ് ഷിന്‍ഡെയുമായി വേര്‍പിരിയാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. കൂടാതെ, ഇത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെയും ബാധിച്ചേക്കാം. മാത്രമല്ല, ലോക്സഭയില്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന്  ഏഴ് എംപിമാരുണ്ട്. 

ആഭ്യന്തര വകുപ്പും ധനവകുപ്പും ഒപ്പം നിയമസഭാ സ്പീക്കര്‍ സ്ഥാനവും ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെടുന്നതായാണ് സൂചന. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഏകനാഥ് ഷിന്‍ഡെ എന്തുചയ്യുമെന്നാണ് ഉറ്റുനോക്കുന്നത്. പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യവും പരിഗണിച്ചേക്കുമെന്നും പറയുന്നുണ്ട്. 

നിയമസഭാ കക്ഷി യോഗത്തില്‍, ശിവസേന ഏകനാഥ് ഷിന്‍ഡെയെ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും തീരുമാനങ്ങള്‍ എടുക്കാനുള്ള എല്ലാ അധികാരങ്ങളും നല്‍കുകയും ചെയ്തു. എന്‍സിപിയുടെ നേതാവായി അജിത് പവാറും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ബിജെപി നിയമസഭാ കക്ഷി യോഗം ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും, ബിജെപി അത്ഭുതപ്പെടുത്തുന്ന തീരുമാനം എടുക്കുമോയെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

#MaharashtraPolitics #IndiaPolitics #GovernmentFormation #PowerStruggle #BJP #ShivSena #NCP


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia