Party Congress | മധുര പാർട്ടി കോൺഗ്രസിന് ബുധനാഴ്ച കൊടിയേറും; ഇ പി ജയരാജനും കെ കെ ശൈലജയും പി ബി യിൽ ഇടം നേടിയേക്കും


● കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കളാണ് ഇരുവരും.
● ഇ.പി. ജയരാജന് പ്രായപരിധി ഒരു നിർണായക ഘടകമാണ്.
● കെ.കെ. ശൈലജയ്ക്ക് വനിതാ അംഗങ്ങളുടെ ഒഴിവ് സാധ്യത നൽകുന്നു.
● മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇ.പി.യെ പിന്തുണയ്ക്കുന്നു.
● പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇല്ലെന്ന് അറിയിച്ചു.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജയും ഇ.പി. ജയരാജനും ഇത്തവണ സി.പി.എം. പൊളിറ്റ് ബ്യൂറോയിലേക്ക് എത്താൻ സാധ്യതയേറെ. പാർട്ടി ശക്തികേന്ദ്രമായ കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാവെന്ന നിലയിലാണ് ഇ.പി.യെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കുന്നത്. ഇത്തവണ പി.ബി.യിലെത്തിയില്ലെങ്കിൽ പ്രായപരിധിയിൽ കുടുങ്ങി അടുത്ത തവണ ഇ.പി. ജയരാജന് പുറത്തുപോകേണ്ടിവരും.
രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഇ.പി.യെ പി.ബി.യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പിന്തുണയ്ക്കുന്നുണ്ട്. മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗവും വനിതാ നേതാവുമായ കെ.കെ. ശൈലജയും സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നാണ്.
കേരളത്തിൽനിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിൽ പ്രഥമ പരിഗണന കെ.കെ. ശൈലജയ്ക്കാണ് എന്നാണ് പുറത്തുവരുന്ന സൂചന. പി.ബി.യിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും പ്രായപരിധിയുടെ പേരിൽ ഒഴിയുന്നതാണ് ശൈലജയ്ക്ക് അനുകൂലമായ ഘടകം. കെ. രാധാകൃഷ്ണൻ എം.പി., തോമസ് ഐസക് എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
കേരളത്തിൽനിന്നുള്ള മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബിയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. സി.പി.എം. ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. മൂന്ന് ടേം പൂർത്തിയായതിനാൽ മാറിനിൽക്കുമെന്ന് പ്രകാശ് കാരാട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
സി.പി.എം. പാർട്ടി കോൺഗ്രസിന് ബുധനാഴ്ച മധുരയിൽ കൊടിയുയരുന്നത്. മധുരയിലെ തമുക്കം കൺവെൻഷൻ സെന്ററിലെ 'സീതാറാം യെച്ചൂരി നഗറി'ലാണ് നാല് ദിവസത്തെ പാർട്ടി കോൺഗ്രസ് നടക്കുക. കേരളത്തിലെ അധികാരം നിലനിർത്തുന്നതിനൊപ്പം ദേശീയതലത്തിൽ പാർട്ടി സംഘടനാപരമായി കൂടുതൽ ശക്തിപ്പെടുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളാകും പാർട്ടി കോൺഗ്രസിൽ ഉണ്ടാവുക. പാർട്ടി ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ബുധനാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യുക.
മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർ പി.ബി.യിൽ തുടർന്നേക്കും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The CPM Party Congress is set to begin in Madurai on Wednesday. E.P. Jayarajan and K.K. Shailaja, senior leaders from Kerala, are likely contenders for the Polit Bureau. Age factor for Jayarajan and the potential vacancies of women members for Shailaja are significant considerations. M.A. Baby's name is also being discussed for the General Secretary position, while Prakash Karat has already stated his unavailability for the role.
#CPIM #PartyCongress #Madurai #EPJayarajan #KKShailaja #PolitBureau