Crime | ആള്‍ക്കൂട്ട കൊലപാതകം, ബുള്‍ഡോസര്‍ രാജ്, അക്രമം, വിദ്വേഷ പ്രസംഗം; മോദിയുടെ മൂന്നാമൂഴത്തിന്റെ ആദ്യ 20 ദിവസത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് നിരവധി അക്രമസംഭവങ്ങൾ 

 
 mob violence


ഇത്രയും ദിവസത്തിനിടെ ആള്‍ക്കൂട്ടം ആറ് പേരെയാണ് കൊലപ്പെടുത്തിയത്

അർണവ് അനിത 

ന്യൂഡല്‍ഹി: (KVARTHA) ഇന്ത്യയുടെ വികസന കുതിപ്പിന് പാര്‍ലമെന്റില്‍ പ്രതിപക്ഷ സഹായം തേടിയ മൂന്നാം മോദി സര്‍ക്കാര്‍ ആഭ്യന്തരകാര്യങ്ങളില്‍ യാതൊരു മാറ്റത്തിനും തയ്യാറല്ലെന്ന് ആദ്യത്തെ 20 ദിവസം കൊണ്ട്  വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ വിമർശനം. ഇത്രയും ദിവസത്തിനിടെ ആള്‍ക്കൂട്ടം ആറ് പേരെയാണ് കൊലപ്പെടുത്തിയത്. ബക്രീദ് സമയത്ത് അക്രമവും വിദ്വേഷ പ്രസംഗങ്ങളും ഉണ്ടാവുകയും നിരവധി പേരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. 

 mob violence

ചത്തീസ്ഗഡില്‍ രണ്ട് സംഭവങ്ങളിലായി നാല് പേരെയും യുപിയിലെ അലിഗഡിലും ഗുജറാത്തിലും ഓരോരുത്തരെയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. ബക്രീദിനോട് അനുബന്ധിച്ച് ഹിന്ദുത്വ ശക്തികള്‍ രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് വിമർശനം.

ജൂണ്‍ ഏഴിന് ചത്തീസ്ഗഡിലെ റായ്പൂരില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് സദ്ദാം ഖുറേഷി (23), ബന്ധുവായ ചാന്ദ് മിയാ ഖാന്‍ (23), ഗുഡു ഖാന്‍ (35) എന്നിവരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്ന് പേരും യുപി സ്വദേശികളാണ്. സംഭവം നടന്ന ദിവസം തന്നെ ചാന്ദും ഗുഡുവും മരണപ്പെട്ടു. ഖുറോഷി ഒരാഴ്ചയോളം കോമായില്‍ കിടന്ന ശേഷമാണ് മരിച്ചതെന്ന് രായ്പൂരിലെ ശ്രീ ബാലാജി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ചാ നേതാവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മോഷണം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് യുപിയിലെ അലിഗഡില്‍ മുഹമ്മദ് ഫരീദ് (35) എന്ന ഔറംഗസേബിനെ ആള്‍ക്കൂട്ടം ജൂണ്‍ 19ന് കൊലപ്പെടുത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആരോപണം. ഗുരുതരമായ പരിക്കുകളോടെ ഫരീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നെന്ന് എസ്പി മൃഗംഗ് ശേഖര്‍ പഥക് പറഞ്ഞു. 

സംഭവത്തെ കുറിച്ചുള്ള വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. പ്രതികള്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫരീദിന്റെ ഉമ്മ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി നേതാക്കള്‍ക്കൊപ്പം ജില്ലകളക്ടറെ സമീപിച്ചു. അതേസമയം ബിജെപി നേതാക്കളായ മുക്താ രാജ, ശകുന്തള ഭാരതി എന്നിവര്‍ അറസ്റ്റിലായവരെ ന്യായീകരിച്ച് രംഗത്തെത്തി.

ഗുജറാത്തിലെ ചിക്കോദ്രയില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ നാലഞ്ച് പേര്‍ ചേര്‍ന്ന് സല്‍മാന്‍ വോറ (23) എന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് മറ്റൊരു കേസ്. നാല്‍പ്പതോളം പേര്‍ മര്‍ദ്ദനത്തിന് പ്രോത്സാഹനവും നല്‍കി. ജൂണ്‍ 23 അര്‍ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് മുസ്ലിം യുവാക്കള്‍ നേരത്തെ പരാതി പറഞ്ഞിരുന്നതായി പ്രാദേശിക  സന്നദ്ധപ്രവര്‍ത്തകനായ അസിം പറയുന്നു. സല്‍മാന്‍ വോറയും കളിച്ചുകൊണ്ടിരുന്നപ്പോള്‍ ആള്‍ക്കൂട്ടം ജയ്ശ്രീരാം വിളിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ട് സല്‍മാനെ മര്‍ദിക്കുകയും കത്തി കൊണ്ട് ഒരു ചെവി മുറിക്കുകയും ചെയ്തു. എന്നിട്ടും മര്‍ദനം തുടര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്തുമതം സ്വീകരിച്ച ബിന്ദു സോദി എന്ന യുവതിയെ ജൂണ്‍ 24ന് കൊലപ്പെടുത്തി. ചത്തീസ്ഗഡിലെ ദന്തേവാഡയിലെ ടൊയിലങ്ക ഗ്രാമത്തിലായിരുന്നു സംഭവം. മതംമാറിയതിനെ തുടര്‍ന്ന് ബിന്ദുവിനെ പാടത്ത് പണിചെയ്യുന്നതില്‍ നിന്ന് ബന്ധുക്കള്‍ അവരെ വിലക്കിയിരുന്നുവെന്നും പിന്നീട് അമ്പും വില്ലും മഴുവും കത്തിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയുന്നത്. മൃതദേഹം അടക്കം ചെയ്യാനും അവര്‍ സമ്മതിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

പശുവിനെ കശാപ്പ് ചെയ്യുന്ന ചിത്രം വാട്‌സ് ആപ് സ്റ്റാറ്റസ് ആക്കിയെന്ന് ആരോപിച്ച്  ഹിമാചല്‍ പ്രദേശിലെ നഹാനില്‍ ആള്‍ക്കൂട്ടം മുസ്ലിം വ്യാപാരിയായ ജാവേദിന്റെ തുണിക്കട നശിപ്പിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസും ഇതിനിടെ രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം ഹിന്ദുത്വ ശക്തികളുടെ ആക്രമണം ഭയന്ന് മുസ്ലിം വിഭാഗക്കാരായ 16 വ്യാപാരികള്‍ തങ്ങളുടെ കടകള്‍ ഉപേക്ഷിച്ച് പോയെന്നാണ് റിപ്പോര്‍ട്ട്. 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജാവേദിന്റെ വാട്‌സ് ആപ് സ്റ്റാറ്റസിലെ ചിത്രം പശുവിന്റെ ആയിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. നിയമപ്രകാരം കശാപ്പ് ചെയ്യാവുന്ന മൃഗത്തിന്റെയായിരുന്നു അത്. ബക്രീദിനോട് അനുബന്ധിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി ഈ ചിത്രം പ്രചരിപ്പിച്ചെന്ന് കരുതുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പശുകടത്തിനെ ചൊല്ലി തെലങ്കാനയിലെ മേധക്കില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ജൂണ്‍ 15ന് സംഘര്‍ഷം നടന്നിരുന്നു. യുവമോര്‍ച്ച നേതാക്കള്‍ പശുവിനെ കൊണ്ടുപോകുന്നത് തടയുകയും പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പിന്നാലെ മദ്രസയും പ്രദേശത്തെ ആശുപത്രിയും ആക്രമിക്കുകയും ചെയ്തു. മദ്രസയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഗദ്ദാം ശ്രീനിവാസ്, ടൗണ്‍ പ്രസിഡന്റ് എം. നയാം പ്രസാദ് എന്നിവരടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ സംഘര്‍ഷത്തിന് ഇവര്‍ക്കെതിരെ കേസെടുത്തു.

ജൂണ്‍ 17ന് ഒഡീഷയിലെ ബാലസോറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് നിരോധനജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഈ ആഴ്ചയാണത് പിന്‍വലിച്ചത്. ശവകുടീരത്തിനടുത്ത് പശുവിനെ കശാപ്പ് ചെയ്തതിനെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ശവകുടീരത്തിനടുത്തെ വെള്ളം ചുവന്നതിനെ തുടര്‍ന്ന്, കശാപ്പ് കാരണമാണ് ഇത് സംഭവിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. തുടര്‍ന്ന് നടന്ന വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.  

ഖോര്‍ദയിലെ ഒരു മുസ്ലിം കുടുംബത്തില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് ഹിന്ദുത്വ ശക്തികള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മാംസം എടുത്ത് കൊണ്ട് പോവുകയും ചെയ്തുവെന്നും ആരോപണമുണ്ട്. സ്ഥലത്ത് പൊലീസെത്തിയെങ്കിലും അവരുടെ സാനിധ്യത്തില്‍ വീട് അടിച്ച് തകര്‍ത്തെന്നാണ് ആരോപണം. സംസ്ഥാനത്ത് 24 കൊല്ലം അധികാരത്തിലിരുന്ന ബിജു ജനതാദള്‍ ഇത്തവണ പരാജയപ്പെടുകയും ബിജെപി അധികാരത്തിലേറുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഈ അക്രമം അരങ്ങേറിയത്.

മുസ്ലിംങ്ങളെ ആക്രമിക്കാനുള്ള കാരണം മാത്രമായാണ് ഹിന്ദുത്വ ശക്തികള്‍ കരുതുന്നതെന്ന് എഴുത്തുകാരനായ പ്രാഫ. അപൂര്‍വാനന്ദ് പറയുന്നു. മൃഗങ്ങളുടെ രക്തം കാണാന്‍ ആഗ്രഹമില്ലാത്ത അവര്‍ മുസ്ലിംങ്ങളുടെ ചോര വീഴ്ത്തുകയാണെന്നും ആരോപിച്ചു.  വളരെ സ്വാഭാവികമായി അക്രമം അഴിച്ചുവിടുന്ന ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുകയാണ് ബിജെപി ചെയ്തത്. മുസ്ലിം സമ്പദ് വ്യവസ്ഥ തകർക്കുകയാണ് ഇതിന്റെ ലക്ഷ്യമെങ്കിലും അവര്‍ ആഗ്രഹിച്ച തരത്തിലുള്ള ജനവിധി ലഭിക്കാത്തതില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് നിരാശയും രോഷവുമുണ്ട്. ഇത് മുസ്ലീങ്ങളെ ആക്രമിച്ച് പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

പശുവിന്റെ മാംസം കൈവശം വെച്ചുവെന്നാരോപിച്ച് മധ്യപ്രദേശിലെ മണ്ഡ്ലയില്‍ മുസ്ലിംകളുടെ നിരവധി വീടുകള്‍ അധികൃതര്‍ തകര്‍ത്തു. എന്നാല്‍, സര്‍ക്കാര്‍ ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ചതാണ് പൊളിക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ അക്ബര്‍നഗറിലാണ് വന്‍തോതിലുള്ള മറ്റൊരു കുടിയൊഴിപ്പിക്കല്‍ നടന്നത്. അത് പക്ഷെ, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ബാധിച്ചു. 1,320  'അനധികൃത കയ്യേറ്റങ്ങള്‍' പൊളിച്ചുനീക്കി. ഇതില്‍ നാല് ക്ഷേത്രങ്ങളും മൂന്ന് മസ്ജിദുകളും രണ്ട് മദ്രസകളും ഉള്‍പ്പെടുന്നു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

ജൂണ്‍ നാല് മുതല്‍ ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ചില ഭാഗങ്ങളില്‍ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ നേതാക്കള്‍ കുറഞ്ഞത് അഞ്ച് വിദ്വേഷ പ്രസംഗങ്ങളെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 'നമ്മുടെ പെണ്‍മക്കളെയും കൊണ്ട് ഒളിച്ചോടാന്‍ ഏതെങ്കിലും മുസ്ലീം ധൈര്യപ്പെടുമോ' എന്നാണ് ഒരാള്‍ പ്രസംഗിച്ചത്. മറ്റൊരു സംഭവത്തില്‍, ഹരിയാനയിലെ കൈതലില്‍ ഒരു സിഖ് വിശ്വാസി ജൂണ്‍ 10 ന് തന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് യുവാക്കള്‍ മര്‍ദ്ദിക്കുകയും ഖാലിസ്ഥാനി എന്ന് വിളിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. കേസില്‍ രണ്ടുപേരെ പിന്നീട് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് അടക്കമുള്ള പല പ്രതിപക്ഷ പാര്‍ട്ടികളും ഈ സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കുക പോലും ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

കടപ്പാട്: ദ ക്വിൻറ് 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia