Decision | തദ്ദേശ സ്വയംഭരണ വകുപ്പ് അദാലത്തില്‍ വ്യക്തികള്‍ നല്‍കിയ പരാതികള്‍ പൊതു ചട്ടങ്ങള്‍ക്ക് വഴി തുറന്നു: മന്ത്രി എം ബി രാജേഷ്
 

 
Minister MB Rajesh inaugurating the local self-government adalath

Photo: Supplied

തദ്ദേശ സ്വയംഭരണ അദാലത്തുകളിൽ ലഭിച്ച പരാതികൾ പരിഗണിച്ച് പൊതു ചട്ടങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തി. 

കണ്ണൂര്‍: (KVARTHA) വിവിധ ജില്ലകളിലെ തദ്ദേശ അദാലത്തുകളില്‍ വ്യക്തികള്‍ നല്‍കിയ പരാതികള്‍ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴി തുറന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് (MB Rajesh) പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്ത് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ചട്ടത്തിന്റെയും നിയമത്തിന്റെയും തെറ്റായ വ്യാഖ്യാനം കൊണ്ടോ, യാന്ത്രികമായി വ്യാഖ്യാനിക്കുന്നതുകൊണ്ടോ കുരുക്കില്‍ അകപ്പെട്ടയാളുകളെ അതില്‍നിന്ന് രക്ഷപ്പെടുത്താനും അവര്‍ക്ക് നീതി ലഭ്യമാക്കാനും ഉള്ളതാണ് അദാലത്തെന്ന് മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന പൊതുതീരുമാനങ്ങളാണ് അദാലത്തുകളിലെടുത്തത്. ഇളവുകള്‍ മാനുഷികമായ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ്. എന്നാല്‍, എല്ലാ ചട്ടലംഘനങ്ങളും സാധൂകരിച്ച്, നിയമലംഘനങ്ങളെ സാധൂകരിക്കാനുള്ള വേദിയല്ല അദാലത്തുകള്‍ എന്ന് കൂടി വ്യക്തമാക്കുകയാണ്. ഇതുവരെയുള്ള അദാലത്തുകളില്‍ 86 ശതമാനം മുതല്‍ 90 ശതമാനം വരെ പരാതിക്കാര്‍ക്ക് അനുകൂലമായിട്ടാണ് തീര്‍പ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി സുപ്രധാനമായ പൊതുതീരുമാനങ്ങള്‍ അദാലത്തില്‍നിന്നുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വസ്തുനികുതി, വാടക കുടിശ്ശികയ്ക്ക് കൂട്ടുപലിശ ഈടാക്കുന്നത് ഒഴിവാക്കിയ തീരുമാനം എടുത്തത് അദാലത്തില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്. ഓരോ മാസവും കുടിശ്ശികയില്‍ രണ്ട് ശതമാനം പലിശ ചുമത്തുകയും, ഇത് കുടിശികയ്ക്കൊപ്പം ചേര്‍ത്ത്, അടുത്ത മാസം ഈ പലിശയ്ക്ക് മുകളില്‍ വീണ്ടും പലിശ ചുമത്തുകയുമാണ് ചില തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്. ഇത് ന്യായമല്ലാത്ത ബാധ്യത നികുതിദായകര്‍ക്കും വാടകക്കാര്‍ക്കും വരുത്തിവെക്കുന്നു. പലിശ മുതലില്‍ ചേര്‍ത്ത് അതിന് മേലെ വീണ്ടും പലിശ കണക്കാക്കുന്ന വര്‍ഷങ്ങള്‍ പഴക്കുള്ള തെറ്റായ രീതി പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൂടി അദാലത്തില്‍ എടുത്തു. കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മ്മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ മൂന്ന് മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത് അതിലൊന്നാണ്. 
കേരളം അതിവേഗത്തില്‍ നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2035 ആവുമ്പോഴേക്കും കേരളത്തിലെ 95 ശതമാനം ജനസംഖ്യയും നഗരജനസംഖ്യയായി മാറും എന്നാണ് കണക്ക്. അത് ജനങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറുന്നതുകൊണ്ടല്ല, നഗരം ഗ്രാമങ്ങളിലേക്ക് കൂടി പടരുന്നത് കൊണ്ടാണ്. കേരളം ആകെ ഒരു നഗരമായി മാറുകയാണ്. നഗരങ്ങളില്‍ ഭൂമി വളരെ ദൗര്‍ലഭ്യമുള്ള ഒരു വിഭവമായി മാറുകയാണ്. നഗരപ്രദേശങ്ങളില്‍ നിലവിലെ ചട്ടങ്ങള്‍ വീടുവെക്കുക എന്ന സ്വപ്നത്തിന് വിഘാതമായി മാറുന്നത് കൊണ്ടാണ് ഇങ്ങനെയൊരു ഭേദഗതി കൊണ്ടുവന്നത്. 

സംസ്ഥാനത്ത് 80 ചതുരശ്ര മീറ്റര്‍ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകള്‍ക്ക് 2024-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി നല്‍കാന്‍ തീരുമാനിച്ചു. ഈ കുടുംബങ്ങള്‍ക്ക് നികുതിയും കുടിശ്ശികയും മാത്രം അടച്ചാല്‍ മതിയാവും. ഇവയും അദാലത്തിലെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

60 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് യുഎ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ലെന്ന തീരുമാനം എടുത്തു. യുഎ നമ്പറുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ മൂന്ന് ഇരട്ടി നികുതിയാണ് ചുമത്തുന്നത്. അതേസമയം 60 ച. മീറ്ററില്‍ താഴെയുള്ള വീടുകളെ നികുതിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ ഇളവ് യുഎ നമ്പര്‍ ലഭിച്ച വീടുകള്‍ക്കും ബാധകമാക്കാനാണ് നിര്‍ദേശം നല്‍കിയത്.

ഒരു വശം അടഞ്ഞതും 75 മീറ്ററില്‍ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍, ആ തെരുവുമായി ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്ന നിലവിലെ വ്യവസ്ഥയില്‍ ഇളവ് വരുത്തും. അപ്രകാരമുള്ള തെരുവ് അഞ്ചില്‍ അധികരിക്കാത്ത എണ്ണം പ്ലോട്ടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ നയിക്കുന്ന വഴിയാണെങ്കില്‍ ആ വഴി പ്രയോജനപ്പെടുത്തുന്ന മുഴുവന്‍ ഭൂവുടമകളും കെട്ടിട ഉടമകളും എഴുതി നല്‍കുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ തെരുവിനോട് ചേര്‍ന്നുള്ള പ്ലോട്ട് അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റര്‍ വരെയാക്കി കുറയ്ക്കാവുന്നതാണ് എന്ന ഭേദഗതിയാണ് വരുത്തുക. 

അഞ്ച് സെന്റില്‍ താഴെയുള്ള ഭൂമിയിലെ വീട് നിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷ ദേശീയപാതാ സര്‍വീസ് റോഡിലേക്കുള്ള ആക്സസ് പെര്‍മിഷന്‍ ഇല്ലെന്ന കാരണം ചുണ്ടിക്കാട്ടി നിഷേധിക്കരുതെന്ന് നിര്‍ദേശിച്ചു. ദേശീയപാത ആക്സസ് പെര്‍മിഷന്‍ വളരെ ദുഷ്‌കരമായ, വളരെ വര്‍ഷങ്ങള്‍ എടുക്കുന്ന കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകള്‍ക്ക് യു എ നമ്പറാണ് ലഭിക്കുന്നതെങ്കില്‍ പോലും അവസാന ഗഡു അനുവദിക്കാന്‍ തീരുമാനിച്ചു. ഭവന ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും വീട് വില്‍ക്കാനുള്ള സമയപരിധി പത്ത് വര്‍ഷമായിരുന്നത് ഏഴ് വര്‍ഷമായി കുറച്ചു. അദാലത്തിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങള്‍.

റിയല്‍ എസ്റ്റേറ്റ് ഡവലപര്‍മാര്‍ നിയമവിരുദ്ധമായി പ്ലോട്ടുകള്‍ മുറിച്ചുകൊടുക്കുന്നതിനാല്‍ ചെറിയ പ്ലോട്ടുകള്‍ എടുത്തവര്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് നിഷേധിക്കപ്പെടുന്നുണ്ട്. പ്ലോട്ട് ഉടമസ്ഥര്‍ക്ക് ലഭിക്കേണ്ട പൊതു സൗകര്യങ്ങള്‍ ഇതു വഴി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥര്‍ക്ക് പെര്‍മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യും. ഇത്തരം കേസുകളില്‍ ഡെവലപ്പര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്പെഷ്യല്‍ സ്‌കൂളുകള്‍, വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഒഴിവാക്കാനും തീരുമാനമെടുത്തതായും അറിയിച്ചു.

രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡോ. വി ശിവദാസന്‍ എംപി, എംഎല്‍എമാരായ കെ വി സുമേഷ്, കെ പി മോഹനന്‍, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവറാവു, റൂറല്‍ ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ സുരേഷ്ബാബു, കേരള മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ എക്സിക്യൂട്ടീവ് അംഗം പി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സെക്രട്ടറി സിഎം കൃഷ്ണന്‍, അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി പി ഷാജിര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം ശ്രീധരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സറീന എ റഹ്‌മാന്‍, എഡിഎം കെ നവീന്‍ബാബു, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍, എല്‍ എച്ച് ഡി ചീഫ് എന്‍ജിനീയര്‍ കെ ജി സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

#Kerala #localgovernment #rulechanges #citizens #MBRajesh #governance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia