Protest | 'പാതയോര ബോർഡുകൾ നീക്കിയതിന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി'; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പിണറായി പഞ്ചായത്ത് ജീവനക്കാർ


● മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ജീവനക്കാരുടെ നീക്കം.
● നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
● 'മൂന്ന് തവണ സർവകക്ഷി യോഗം വിളിച്ചെങ്കിലും പ്രശ്നം പരിഹരിച്ചില്ല'
● പിണറായി പഞ്ചായത്ത് ജീവനക്കാരിൽ ഭൂരിഭാഗവും പ്രതിഷേധം തുടരുന്നു
കണ്ണൂര്‍: (KVARTHA) പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ പേരിൽ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് നേരെ സിപിഎം ലോക്കൽ സെക്രട്ടറിയും പ്രവർത്തകനും ഭീഷണി മുഴക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നീക്കം. ഫെബ്രുവരി ഒന്നിന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി അഞ്ച് വരെ കണ്ണൂർ ജില്ലയിലുണ്ട്. ഇതിനിടയിൽ മുഖ്യമന്ത്രിയെ പിണറായി കൺവെൻഷൻ സെൻ്ററിൽ പോയി നേരിട്ട് കണ്ട് പരാതി നൽകാനാണ് ജീവനക്കാർ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ നീക്കം നടത്തുന്നത്.
കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി സിപിഎം പിണറായി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതിനെതിരെ ജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചാണ് ജോലി ചെയ്യുന്നത്. സിപിഎം ലോക്കൽ സെക്രട്ടറി നന്ദനൻ ഉൾപ്പെടെയുളളവർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ ജീവനക്കാരുടെ പരസ്യപ്രതിഷേധം നടത്തിയത്.
പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാതയോരങ്ങളിലെ ബോർഡുകളും മറ്റും പഞ്ചായത്ത് ജീവനക്കാർ നീക്കം ചെയ്തിരുന്നു. സിപിഎമ്മിന്‍റെ പ്രചാരണ ബോർഡുകളും ഇക്കൂട്ടത്തിൽ നീക്കിയതോടെയാണ് നേതാക്കൾ പഞ്ചായത്ത് ഓഫീസിലെത്തിയത്. ലോക്കൽ സെക്രട്ടറി നന്ദനൻ ഉൾപ്പെടെയുളളവർ വധഭീഷണി മുഴക്കിയെന്ന് ജീവനക്കാർ പറയുന്നു.
കറുത്ത തുണി കൊണ്ട് വായമൂടിക്കെട്ടിയാണ് വനിതകൾ ഉൾപ്പെടെയുള്ള നേതാക്കൾഓഫീസിലെത്തിയത്. നേതാക്കളുടെ പേരെഴുതിയ പ്രതിഷേധ പോസ്റ്ററുകളും പഞ്ചായത്ത് കോംപൗണ്ടിൽ പതിച്ചു. ഉത്തരവ് നടപ്പാക്കും മുൻപ് മൂന്ന് തവണ സർവകക്ഷി യോഗം വിളിച്ചതാണെന്നും അടിമകളായി നിൽക്കില്ലെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ സിപിഎം നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണസമിതി ഒപ്പം നിന്നില്ലെന്നും പരാതിയുണ്ട്.
ജനുവരി 25ന് തലശേരി ജില്ലാ കോടതി ഉദ്ഘാടനത്തിന് ഇതുവഴി പോയ ഹൈക്കോടതി ജഡ്ജുമാരുടെ ശ്രദ്ധയിൽ പിണറായി ടൗണിലെ റോഡരികിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പിഴ ബാധ്യത പഞ്ചായത്ത് സെക്രട്ടറി വഹിക്കേണ്ടി വരുമെന്നും കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും നിയമവൃത്തങ്ങളിൽ നിന്നും മുന്നറിയിപ്പു നൽകിയിരുന്നു.
ഇക്കാര്യം ജീവനക്കാർ സിപിഎം നേതാക്കളോട് വിശദീകരിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാത്തതിനാൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടു തന്നെ പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്യുകയായിരുന്നു. ഇതിൽ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ബോർഡുകൾ കൂടി ഉൾപ്പെട്ടതാണ് സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
Pinarayi Panchayat staff faced death threats from CPM local leaders after removing roadside boards as per a High Court directive. The employees allege that CPM leaders, including the local secretary, entered their office and threatened them. Despite clarifying that the removal was based on court orders, the leaders remained dissatisfied.
#KeralaNews #CPM #Panchayat #Protest #RoadsideBoard