Criticism | അടുത്ത തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ജയിക്കും, കാരണമുണ്ട്; അഖിൽ മാരാർ തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ 

 
Akhil Marar discussing Kerala politics and predictions for future elections.
Akhil Marar discussing Kerala politics and predictions for future elections.

Photo Credit: Facebook/ CPIM Kerala, UDF Keralam

● യു.ഡി.എഫ് നേതാക്കൾ അധികാര കൊതി മൂലം പരസ്പരം മത്സരിക്കുന്നു.
● ഇടതുപക്ഷം തന്ത്രപരമായ നീക്കങ്ങളിലൂടെ ജനവിശ്വാസം നേടാൻ ശ്രമിക്കുന്നു.
● ബി.ജെ.പി കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു.
● പുതിയ തലമുറയെ ആകർഷിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല.

റോക്കി എറണാകുളം 

(KVARTHA) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച തുടർഭരണത്തിൻ്റെ ക്ഷീണം യു.ഡി.എഫിന് ഇതുവരെയും മാറിയിട്ടില്ല. യു.ഡി.എഫ് നേതാക്കാൾ ഒരിക്കലും ചിന്തിക്കാത്ത ഒന്നായിരുന്നു പിണറായി വിജയൻ കേരളത്തിൽ വീണ്ടും മുഖ്യമന്ത്രിയായി എത്തിയത്. അത് ഇതുവരെ കേരളത്തിൽ നടക്കാത്ത ഒരു കാര്യവുമായിരുന്നു. ഒരു പ്രാവശ്യം എൽ.ഡി.എഫ് ഭരിച്ചാൽ അടുത്ത തവണ യു.ഡി.എഫ് ഭരണം എന്ന നിലയിലായിരുന്നു അതുവരെ ഇവിടെ കണ്ടുകൊണ്ടിരുന്നത്. അതിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറി സംഭവിച്ചത്. 

കഴിഞ്ഞ തവണ ഭരണത്തിലെത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ എല്ലാം തന്നെ അമിത പ്രതീക്ഷയിലും ആയിരുന്നു. ചിലരൊക്കെ മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചതുമാണ്. അവിടെയാണ് ഇരുട്ടടിയേറ്റത്. അടുത്ത തവണ തങ്ങളാണ് അധികാരത്തിൽ എത്തുക എന്ന് യു.ഡി.എഫ് നേതാക്കൾ ഇപ്പോഴെ സ്വപ്നം കാണാൻ തുടങ്ങിയിട്ടുണ്ട്. ഒരുപാട് പേർ മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചും വെച്ചിരിക്കുന്നു. അതിനായി ഒരാൾ മറ്റൊരാൾക്കിട്ട് പാരപണിയും നടത്തിക്കൊണ്ടിരിക്കുന്നു. ഇനി അധികാരത്തിൽ എത്താൻ യു.ഡി.എഫ് എന്തെങ്കിലും ഗ്രൗണ്ട് വർക്ക് ചെയ്യുന്നുണ്ടോ.? അത് ചെയ്തില്ലെങ്കിൽ ഇനിയും എൽ.ഡി.എഫിന് ഭരണത്തുടർച്ചയാകും ഉണ്ടാകാൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് അഖിൽ മാരാർ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയായിൽ വൈറൽ ആകുന്നത്. 

കുറിപ്പിൽ പറയുന്നത്: 'അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് പക്ഷം ജയിക്കും. കാരണം അത്രയേറെ ചിന്താശേഷി ഇല്ലാത്ത ഒരു പ്രതിപക്ഷമാണ് നമുക്കുള്ളത്. എങ്ങനെയാണു കമ്മ്യൂണിസ്റ് പാർട്ടി വീണ്ടും അധികാരത്തിൽ എത്തുന്നതെന്ന് ഞാൻ പറയാം. നിലവിൽ വലിയ ഭരണ വിരുദ്ധ വികാരം ആണ് പിണറായി സർക്കാരിൽ ഉള്ളത്. ഏതാണ്ട് ഇത് പോലെ ആയിരുന്നു 2016മുതൽ 2020വരെയും. എന്നാൽ കോവിഡ് വന്നു. സാഹചര്യം മാറി. ജനം എല്ലാം മറന്നു. പിണറായി പുണ്യാളൻ ആയി. 750 കോടി കൈയിൽ ഉണ്ടായിട്ടും നിരവധി ഓഫറുകൾ ലഭിച്ചിട്ടും നാളിതുവരെ വയനാട്ടിലെ ദുരന്ത ബാധിതർക്ക് വേണ്ടി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ല. എന്ത് കൊണ്ടാണ് ആ മനുഷ്യരെ ഇങ്ങനെ വലയ്ക്കുന്നത്. അവിടെയാണ് പാർട്ടിയുടെ ബുദ്ധി.

2025 പകുതിക്ക് ശേഷം വയനാട്ടിൽ കാര്യങ്ങൾ ചെയ്ത് തുടങ്ങും. 2026 മാർച്ച്‌ മാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കും. അതോടെ പാവങ്ങളുടെ കണ്ണീർ ഒപ്പിയ പിണറായി മഹാൻ ആയി മാറും. ഏകദേശം ഈ വർഷം അവസാനത്തോടെ ദേശീയ പാത വികസനം കേന്ദ്രം പൂർത്തിയാക്കും. പി ആർ ആശാൻ ആയ മരുമോൻ മന്ത്രി സകല പാണന്മാരെയും വെച്ച് നാട് മുഴുവൻ പാടി അറിയിക്കും. ഇടത് സർക്കാരിന്റെ നേട്ടം. വയനാടിന് വേണ്ടി നല്ലത് ചെയ്ത സർക്കാരിനെ എതിർക്കാൻ കോൺഗ്രസ്സിന് കഴിയുമോ... ഇല്ല... നാഷണൽ ഹൈവേ മോദിയുടെയും നിധിൻ ഖഡ്ഗരിയുടെയും ഇച്ഛാശക്തിയുടെ വിജയം ആണെന്ന് കോൺഗ്രസിന് പറയാൻ പറ്റുമോ.. ഇല്ല.

പെൻഷൻ പ്രശ്നങ്ങൾ പരിഹരിക്കും.. അതിനേക്കാൾ ഉപരി ഓരോ മണ്ഡലങ്ങളിലും സിപിഎം മികച്ച സ്ഥാനാർഥികളെ നിർത്തുമ്പോൾ അപ്പുറത്തു അധികാര കൊതി മൂത്ത കടൽ കിഴവന്മാർ സീറ്റിന് വേണ്ടി പരസ്പരം കൊത്തി കീറും... ജയിച്ചാൽ മുഖ്യമന്ത്രി ആവണം എന്ന് മനസ്സിൽ ആഗ്രഹമുള്ള ഓരോരുത്തരും പാർട്ടിയിലെ തന്റെ എതിരാളികളെ തോൽപ്പിക്കാൻ കൂടുതൽ ആഗ്രഹിക്കും.. ഇന്നലെകളിൽ കോൺഗ്രസിന് വോട്ട് ചെയ്ത പലരും മരണപ്പെട്ടു പോകുമ്പോൾ പുതിയ തലമുറയെ ഒരു രീതിയിലും ഈ പാർട്ടി ആകർഷിക്കുന്നില്ല. അവർക്കാണെങ്കിൽ രാഷ്ട്രീയം തീരെ താൽപര്യവുമില്ല. അവർക്ക് ഇഷ്ടമുള്ള വിശ്വാസമുള്ള നേതാക്കന്മാർ ഷാഫി, രാഹുൽ, മാത്യു കുഴല്നാടന് ഒഴിച്ച് ആരുമില്ല എന്ന അവസ്ഥയിൽ ആയി പ്രതിപക്ഷ നിരയിൽ.

അതിനേക്കാൾ ഉപരി ഇടത് പക്ഷത്തെ വീണ്ടും അധികാരത്തിൽ എത്തിച്ചു നശിപ്പിക്കാനും അധികാരത്തിൽ നിന്നും കോൺഗ്രസ്സിനെ മാറ്റി നശിപ്പിക്കാനും ചാണക്യ തന്ത്രങ്ങൾ ബിജെപിയും ഒരുക്കുന്നു... അത് കൊണ്ട് എത്രയും വേഗം പാർട്ടിയെ ചടുലമാക്കു... പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥിയെ 6 മാസം മുൻപ് തീരുമാനിക്കണം.. അയാൾക്ക് എല്ലാ വാർഡിലെയും 100 വീടുകളിൽ നിന്ന് 150രൂപ മാസം നൽകണം 15000രൂപ മാസം ലഭിക്കുന്ന ഈ നിയുക്ത സ്ഥാനാർഥി പൂർണ സമയം പാർട്ടിക്ക് വേണ്ടിയും അന്നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുക... പഞ്ചായത്തിലെ ക്രമക്കേടുകൾ കണ്ടെത്തി പൊതു മധ്യത്തിൽ എത്തിക്കുക.. പാർട്ടി അത് ഏറ്റെടുക്കുക.. വിശ്വാസം ഉള്ള ഒരുവൻ വിചാരിച്ചാൽ രാഷ്ട്രീയം നോക്കാതെ ജനം അവന്റെ കൂടെ നിക്കും.

ഓരോ വാർഡും പിടിച്ചെടുത്താൽ പഞ്ചായത്ത് നിയമസഭ പതിയെ കൂടെ വരും.. നാളെ മുതൽ ഈ സർക്കാരിന്റെ ചെയ്തികളെ ചർച്ച ആക്കുക.. വയനാട്ടിലെ ജനങ്ങൾക്ക് അർഹമായ നീതി എത്രയും പെട്ടെന്ന് നേടികൊടുക്കുക.. സർക്കാർ ചെയ്തതല്ല എന്നും പ്രതിപക്ഷം നേടി കൊടുത്തതാണ് എന്നും സമൂഹത്തെ ബോധ്യപ്പെടുത്തുക.. കേന്ദ്ര പദ്ധതികൾ അഭിമാനത്തോടെ പിണറായി വിജയന്റെ അല്ല എന്ന് കോൺഗ്രസ്സിന്റെ നേതാക്കൾക്ക് പറയാൻ കഴിയണം.. ജയ സാധ്യത മാത്രമായിരിക്കണം സ്ഥാനാർഥി നിർണയത്തിന്റെ അടിസ്ഥാനം.. സ്വീകരിക്കാം തള്ളിക്കളയാം ഇടത് പക്ഷം നിലനിൽക്കാനും ഈ നാടിനു ഗുണം ഉണ്ടാവാനും ഭരണം മാറുന്നതാണ് നല്ലത്'. 

ഇതാണ് അഖിൽ മാരാരുടെ കുറിപ്പ്. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം നോക്കുകയല്ല യു.ഡി.എഫ് നേതാക്കൾ വിജയത്തിലെത്താൻ ശ്രമിക്കുകയും അതിനുള്ള പ്രവർത്തനങ്ങളുമാണ് വേണ്ടതെന്ന് അഖിൽ മാരാർ പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് അധികാരത്തിൽ എത്താൻ പറ്റിയില്ലെങ്കിൽ യു.ഡി.എഫിലെ ഘടകക്ഷികൾ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേയ്ക്കോ എൻ.ഡി.എ ചേരിയിലേയ്ക്കോ ചേർന്നെന്നിരിക്കും. നാശം സംഭവിക്കുക കോൺഗ്രസിന് തന്നെയാകും. 

ഇത് മനസ്സിലാക്കി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുകയാണ്. തമ്മിലടിയും കുതികാൽ വെട്ടും പരസ്പരം പാരവെയ്ക്കലും അവസാനിച്ച് രംഗത്തിറങ്ങിയില്ലെങ്കിൽ വലിയൊരു പരാജയം തന്നെയാവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേരിടാൻ പോവുക. ബി.ജെ.പി യുടെ കോൺഗ്രസ് മുക്തഭാരതം ഇവിടെ യാഥാർത്ഥ്യമാകുകയും ചെയ്യും.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Akhil Marar predicts the Left will win the next Kerala Assembly election due to the lack of effective opposition. He also points out the issues faced by UDF leadership.

#AkhilMarar, #KeralaPolitics, #LeftWin, #UDF, #LDF, #Election2026

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia