Congress | സംഭവിച്ചത് യുഡിഎഫിൻ്റെ വലിയ പരാജയം; പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡൻ്റും രാജിവെക്കണം 

 

 
leader of opposition and congress president should resign
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താരപ്പൊലിമയുള്ള ഒരു കോൺഗ്രസ് നേതാവിനെപ്പോലും തൃശൂരിൽ മുരളീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുപ്പിക്കാൻ ആരും ശ്രദ്ധിച്ചില്ലായെന്നത് ദുഖകരമായ കാര്യമാണ്

ഡാനിയ ജോസ്

(KVARTHA) ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 18 ഉം യു.ഡി.എഫ് കരസ്ഥമാക്കിയെന്ന് കോൺഗ്രസ് നേതാക്കളും യു.ഡി.എഫ് നേതാക്കളും അവകാശപ്പെടുമ്പോഴും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്ന് ഇവിടെ സംഭവിച്ച കാര്യം അവർ മറന്നുപോകുന്നു. ഒരിക്കലും താമര വിരിയില്ലെന്ന് വിചാരിച്ച് പ്രവർത്തിച്ച ഒരു സംസ്ഥാനത്താണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി ലോക് സഭയിലേയ്ക്ക് അക്കൗണ്ട് തുറന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഇവിടുത്തെ ഇടതു പാർട്ടികൾ പോലും കോൺഗ്രസിനോട് ചേർന്ന് ബി.ജെ.പിയ്ക്ക് എതിരെ പോരാടുന്ന ഘട്ടത്തിലാണ് തൃശൂർ ലോക് സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബി.ജെ.പി തൃശൂരിൽ ആദ്യമായി ലോക് സഭയിലേയ്ക്ക് അക്കൗണ്ട് തുറന്നത്. 

Aster mims 04/11/2022

കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ വോട്ട് ശതമാനം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾക്കും എൻ.ഡി.എ ആയി മത്സരിച്ചയാൾക്കും കൂടിയപ്പോൾ കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഒരു ലക്ഷം വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കുറയുകയായിരുന്നു. അതിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യം യു.ഡി.എഫ് വോട്ടുകൾ വലിയ തോതിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വീണു എന്നല്ലേ. ചുരുക്കി പറഞ്ഞാൽ ഉറപ്പായും ബി.ജെ.പി യെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസും അതിൻ്റെ നേതാക്കളും ആണെന്ന് സാരം. തൃശൂരിൽ നിലവിലെ എം.പി പരാജയപ്പെടുമെന്ന് ബോധ്യമുള്ളതിനാലാണ് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ നേതാവ് കെ മുരളീധരനെ വടകരയിൽ നിന്ന് കൊണ്ടുവന്ന് തൃശൂരിൽ മത്സരിപ്പിച്ചത്. 

ഇന്ന് ഏത് മണ്ഡലത്തിൽ നിന്നാലും മികച്ച രീതിയിൽ വോട്ട് പിടിക്കാൻ കെൽപ്പുള്ള ഏക കോൺഗ്രസ് നേതാവ് എന്ന് വിശേഷണമുള്ള മുരളീധരനെപ്പോലെയുള്ള ഒരാൾ നാണംകെട്ട രീതിയിൽ തോൽക്കുന്ന അവസ്ഥയുണ്ടായതിന് പിന്നിൽ ആരുടെയോ കറുത്ത കരം പ്രവർത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. പ്രചാരണത്തിൻ്റെ തുടക്കത്തിൽ തന്നെ കെ മുരളീധരൻ പറഞ്ഞിരുന്നു തൃശൂരിൽ പാർട്ടിയുടെ സംഘടനാ സംവിധാനം ദുർബലമാണെന്ന്. ഇതിന് ചെവികൊടുക്കാൻ പോലും കെ.പി.സി.സി പ്രസിഡൻ്റോ പ്രതിപക്ഷ നേതാവോ തയാറായില്ല. കെ.പി.സി.സി പ്രസിഡൻ്റ് കണ്ണൂരിൽ മത്സരിക്കുകയായിരുന്നെന്ന് വെയ്ക്കാം. എന്നാൽ പ്രതിപക്ഷ നേതാവ് എവിടെയായിരുന്നു. 

ബി.ജെ.പി യെ തുരത്തേണ്ട ഒരു പ്രസ്റ്റീജ് മണ്ഡലം എന്നുള്ള നിലയിൽ താരപ്പൊലിമയുള്ള ഒരു കോൺഗ്രസ് നേതാവിനെപ്പോലും തൃശൂരിൽ മുരളീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുപ്പിക്കാൻ ആരും ശ്രദ്ധിച്ചില്ലായെന്നത് ദുഖകരമായ കാര്യമാണ്. ആകെ വന്നത് കർണ്ണാടകയിലെ ഡി.കെ.ശിവകുമാർ മാത്രം. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. കേരളത്തിൽ ശരിക്കും ത്രികോണ മത്സരം നടന്നത് പ്രധാനമായും രണ്ട് മണ്ഡലങ്ങളിൽ ആയിരുന്നു. തിരുവനന്തപുരത്തും തൃശൂരും. തിരുവനന്തപുരത്ത് തരൂർ ഭാഗ്യം കൊണ്ട് കടന്നുകൂടുകയായിരുന്നെന്ന് വേണമെങ്കിൽ പറയാം. ഈ രണ്ട് മണ്ഡലങ്ങളിലും കൂടുതൽ ആയും ശ്രദ്ധിക്കേണ്ട കോൺഗ്രസ് നേതാക്കൾ ഇതൊക്കെ ലാഘവത്തോടെ കണ്ടത് അത്ഭുതപ്പെടുത്തുന്നതാണ്. 

മറ്റൊന്ന് ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡൻ്റ് എന്നുള്ള നിലയിൽ കെ സുധാകരൻ എല്ലാ മണ്ഡലങ്ങളിലും എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതായിരുന്നു. അദ്ദേഹം മത്സരിക്കുന്നില്ലെന്ന് പറഞ്ഞിട്ടും സ്ഥാനാർത്ഥിയാക്കി ഇറക്കി കണ്ണൂരിൽ തളച്ചിടുന്നതാണ് കണ്ടത്. ഇതൊക്കെ പാർട്ടിക്ക് പറ്റിയ ഗുരുതര വീഴ്ച തന്നെയാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കേരളം എന്നും കോൺഗ്രസിനോട് അനുഭാവം പുലർത്തുന്ന സംസ്ഥാനമാണ്. ഇവിടെ 2019ൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഇടതിനെ ഒരു സീറ്റിൽ ഒതുക്കി മറ്റ് എല്ലാ യു.ഡി.എഫ് സ്ഥാനാർത്ഥികളും മുന്നേറുന്നതാണ് കണ്ടത്. 

ആ തിളക്കം ഈ തെരഞ്ഞെടുപ്പിന് കോൺഗ്രസിന് അവകാശപ്പെടാൻ പറ്റുന്നതല്ല. ദേശീയ തലത്തിൽ ഇന്ത്യ സഖ്യം എൻ.ഡി.എയ്ക്ക് എതിരെ വലിയ വെല്ലുവിളി ഉയർത്തിയപ്പോൾ കേരളം ഒരു സീറ്റ് ബി.ജെ.പി കൈയ്യിൽ താലത്തിൽ വെച്ച് കൊടുത്തു. അതാണ് ഇവിടെ ഉണ്ടായത്. ഇവിടുത്തെ ഇടതുമുന്നണിയെക്കാൾ മ്ലേച്ഛമായിരുന്നു യു.ഡി.എഫിൻ്റെ ഭാഗത്തു നിന്നുണ്ടായ നിലപാടുകൾ. സ്വല്പം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവിടെനിന്ന് ബി.ജെ.പി അക്കൗണ്ട് തുറക്കുമായിരുന്നോ?. ഇത് പ്രതിപക്ഷ നേതാവും സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റും ഗൗരവമായി ചിന്തിക്കേണ്ട വസ്തുതയാണ്. പാർട്ടിയോട് രണ്ടു പേർക്കും അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൽ സ്ഥാനം രാജിവെച്ച് മറ്റ് കഴിവുള്ളവരെ ഏൽപ്പിക്കുകയാണ് വേണ്ടത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script