Kerala Politics | 2026ൽ യുഡിഎഫിൽ നിന്നും എൽഡിഎഫിന് പിടിച്ചെടുക്കാവുന്ന 10 മണ്ഡലങ്ങൾ


● 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
● എൽഡിഎഫ് മൂന്നാം തുടർഭരണത്തിനായി ശ്രമിക്കുന്നു.
● യുഡിഎഫിൻ്റെ ശക്തികേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്താൻ തന്ത്രങ്ങൾ മെനയുന്നു.
സോണി കല്ലറയ്ക്കൽ
(KVARTHA) കേരള രാഷ്ട്രീയം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കുകയാണ്. മുന്നണികൾ സീറ്റ് മോഹങ്ങളും തന്ത്രങ്ങളും മെനയുന്നു. ഓരോ പാർട്ടിയും അവരുടെ ശക്തിയും ദൗർബല്യവും വിലയിരുത്തി പുതിയ നീക്കങ്ങൾ നടത്താനുള്ള ശ്രമത്തിലാണ്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പ്രധാന പോരാട്ടമാണ് ഇത്തവണയും കേരളത്തിൽ നടക്കുന്നത്. ബിജെപി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു.
ആരാകും അടുത്ത അഞ്ച് വർഷം കേരളം ഭരിക്കുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. മൂന്നാം തുടർഭരണത്തിനാണ് ഇടതിന്റെ ശ്രമം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആത്മാർത്ഥമായി പരിശ്രമിച്ചാൽ കൈവിട്ടുപോയ പല മണ്ഡലങ്ങളിലും വിജയിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ യുഡിഎഫിൽ നിന്ന് തിരിച്ചു പിടിക്കാവുന്ന 10 മണ്ഡലങ്ങൾ പരിശോധിക്കാം.
1. പാലാ
ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിലെത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി ഇവിടെ മത്സരിച്ചത് ജോസ് കെ മാണി ആയിരുന്നു. വലിയൊരു മാർജിനിൽ യു.ഡി.എഫിൻ്റെ മാണി.സി കാപ്പൻ ജോസ് കെ മാണിയെ പരാജയപ്പെടുത്തുന്നതാണ് കണ്ടത്. അതിന് മുൻപ് കെ.എം മാണി മരിച്ചതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് വിഭാഗം യു.ഡി.എഫിൻ്റെ ഭാഗമായി മത്സരിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി. സി. കാപ്പൻ വിജയിച്ചത് കേവലം മൂവായിരത്തിന് അടുത്ത വോട്ടുകൾക്ക് ആയിരുന്നു.
കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലം ആണ് പാലാ. മാണി ആദ്യമായി ഇവിടെ മത്സരിക്കാൻ ഇറങ്ങുമ്പോൾ കോൺഗ്രസിലെ എം.എം.ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്. ജോസ് കെ മാണിയുടെ കാലത്ത് ഇരുമുന്നണിയിലും അദ്ദേഹത്തിൻ്റെ പാർട്ടി പാലായിൽ പരാജയപ്പെട്ടു. ഇടതുമുന്നണി സ്ഥാനാർത്ഥി ആയി ജോസ് കെ മാണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ചപ്പോൾ കേരളാ കോൺഗ്രസിൻ്റെ വോട്ട് അദ്ദേഹത്തിന് കിട്ടിയെന്ന് വ്യക്തമാണ്.
മറ്റ് ഇടതുമുന്നണിയിൽ പെട്ട കക്ഷികളുടെ വോട്ട് എത്രമാത്രം പിടിക്കാൻ പറ്റിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെക്കൂടെ വിശ്വാസത്തിൽ എടുത്ത് അടുത്ത തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയോ അല്ലെങ്കിൽ മന്ത്രി റോഷി അഗസ്റ്റിനോ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പാലാ സുഖമായി എൽ.ഡി.എഫിന് തിരിച്ചു പിടിക്കാവുന്നതാണ്. സി.പി.എം , കേരളാ കോൺഗ്രസ് എന്നിവയുടെ യോജിപ്പിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ എൽ.ഡി.എഫിൻ്റെ വിജയം.
2. മൂവാറ്റുപുഴ
ഒരു കാലത്ത് യു.ഡി.എഫിൻ്റെ കോട്ടയായിരുന്നു മൂവാറ്റുപുഴയെങ്കിലും ഇപ്പോൾ വിജയം ഇരുമുന്നണികൾക്ക് മാറി മാറി അവകാശപ്പെട്ടതാകുന്നു. ട്വൻ്റി 20 യുടെ സ്ഥാനാർത്ഥിയൊക്കെ ഇവിടെ യു.ഡി.എഫോ എൽ.ഡി.എഫോ വിജയിക്കുന്നതിന് നിർണ്ണായക ഘടകങ്ങളാകുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ മുൻ മൂവാറ്റുപുഴ എം.എൽ.എ കോൺഗ്രസിലെ ജോസഫ് വാഴയ്ക്കനെ ബഹുദൂരം പിന്നിലാക്കിയാണ് എൽ.ഡി.എഫിലെ എൽദോ എബ്രഹാം ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ ഈ എൽദോ ഏബ്രഹാമിനെ കോൺഗ്രസിലെ മാത്യു കുഴൽ നാടൻ ആറായിരത്തിൽ അധികം വോട്ടുകൾക്ക് തോൽപ്പിക്കുകയായിരുന്നു.
ജോസഫ് വാഴയ്ക്കൻ തോറ്റത് ഏതാണ്ട് 12000 വോട്ടുകൾക്ക് അതികമായിരുന്നെന്ന് ഓർക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ ട്വൻ്റി 20 സ്ഥാനാർത്ഥി 20000 ത്തിനടുത്ത് വോട്ട് പിടിച്ചിരുന്നു. എസ്.എൻ.ഡി.പി സമുദായത്തിൽപ്പെട്ട ആളായിരുന്നു ട്വൻ്റി 20 സ്ഥാനാർത്ഥി. ഇത് എൽദോ ഏബ്രഹാമിൻ്റെ വിജയത്തെ ബാധിച്ചു എന്ന് വിലയിരുത്തുന്നു. സി.പി.ഐ സ്ഥാനാർത്ഥിയായ എൽദോയ്ക്ക് വേണ്ടി സി.പി.എം - സി.പി.ഐ യോജിച്ചൊരു പ്രവർത്തനവും ഉണ്ടായില്ല.
വരുന്ന തെരഞ്ഞെടുപ്പിൽ നല്ലൊരു പ്രവർത്തനത്തിലൂടെ ഇടതുമുന്നണിയ്ക്ക് തിരിച്ചു പിടിക്കാൻ കഴിയുന്ന സീറ്റാണ് മൂവാറ്റുപുഴയും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ആകും ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് കേൾക്കുന്നു. യു.ഡി.എഫിൽ മാത്യു കുഴൽ നാടനോ അല്ലെങ്കിൽ ജോസഫ് വാഴയ്ക്കനോ ആകും മത്സരിക്കുക.
3. പെരുമ്പാവൂർ
പെരുമ്പാവൂർ നിയോജകമണ്ഡലം എന്നത് വർഷങ്ങളോളം യു.ഡി.എഫ് വിജയിച്ച മണ്ഡലമാണ്. മുൻ നിയമസഭാ സ്പീക്കർ ആയിരുന്ന പി.പി. തങ്കച്ചൻ ആയിരുന്നു വർഷങ്ങളോളം ഇവിടുത്തെ എം.എൽ.എ. പിന്നീട് സാജു പോൾ എന്ന സ്വതന്ത്രന് പിന്തുണകൊടുത്തു മത്സരിപ്പിച്ച് എൽ.ഡി.എഫ് ഈ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ യു.ഡി.എഫിലെ എൽദോസ് കുന്നപ്പള്ളിയാണ് ഇവിടുത്തെ എം.എൽ.എ. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഈ സീറ്റ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കൊടുക്കുകയായിരുന്നു. കേരളാ കോൺഗ്രസ് ഈ മണ്ഡലത്തിൽ വലിയ ശക്തരൊന്നും അല്ല. ആ നിലയ്ക്ക് ഇവിടെ എൽ.ഡി.എഫ് ഒരു പൊതു സമ്മതനായ സ്വതന്ത്രനെ നിർത്തി മത്സരിപ്പിച്ചാൽ ഈ സീറ്റും എൽ.ഡി.എഫിന് നേടാവുന്ന സീറ്റുകളിൽ ഒന്നാണ്.
4. അങ്കമാലി
യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ റോജി എം ജോൺ ഭാഗ്യം കൊണ്ട് ജയിച്ചു വരുന്ന നിയോജകമണ്ഡലം ആണ് അങ്കമാലി. എൽ.ഡി.എഫിലെ ജോസ് തെറ്റയിൽ ഇവിടെ 10 വർഷത്തോളം എൽ.എൽ.എ ആയിരുന്നിട്ടുണ്ട്. പിന്നീട് സ്ത്രീ സംബന്ധമായ ഒരു ആരോപണം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തിന് പഴയ ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാൻ അങ്കമാലിയിൽ പറ്റിയിട്ടില്ല. ഇടതുമുന്നണിയിൽ ഈ സീറ്റ് ജനതാദളിലാണ്. അതിൽ പ്രവർത്തകർ ഇല്ലെങ്കിലും സീറ്റ് മോഹികൾ ധാരാളമാണ്. ഈ സീറ്റ് ജനതാദളിൽ നിന്ന് എടുത്ത് ഇടതുമുന്നണി കത്തോലിക്കാ വിഭാഗത്തിൽ പ്പെട്ട ഒരു പൊതു സമ്മതനെ സ്ഥാനാർത്ഥിയാക്കി നിർത്തിയാൽ ഒരു പക്ഷേ ഈ സീറ്റും എൽ.ഡി.എഫിന് നേടാം.
5. തൃപ്പൂണിത്തറ
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം സ്വരാജ് വിജയിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. കഴിഞ്ഞ തവണ നിസാര വോട്ടുകൾക്കാണ് സ്വരാജ് കോൺഗ്രസിലെ കെ ബാബുവിനോട് പരാജയപ്പെട്ടത്. സി.പി.എമ്മിന് മുൻ തുക്കമുള്ള നിയോജകമണ്ഡലം കൂടിയാണ് തൃപ്പൂണിത്തറ. നല്ലൊരു പ്രവർത്തനത്തിലൂടെ വരുന്ന തെരഞ്ഞെടുപ്പിൽ ഈ സീറ്റ് എൽ.ഡി.എഫിന് തിരിച്ചു പിടിക്കാൻ കഴിയും. എൽ.ഡി.എഫിലെ യുവ നേതാക്കൾ ആരെങ്കിലും മത്സരിക്കുന്നതാവും നല്ലത്.
6. പിറവം
വളരെക്കാലം കേരളാ കോൺഗ്രസ് ജേക്കബ് നേതാവ് ടി.എം ജേക്കബ് കൈവശം വെച്ചിരുന്ന മണ്ഡലം. അദ്ദേഹത്തെ പിന്നീട് എം.ജെ ജേക്കബിനെ ഇറക്കി എൽ.ഡി.എഫ് പരാജയപ്പെടുത്തുന്നതാണ് കണ്ടത്. പിന്നീട് ഒരിക്കൽ കൂടി എം.ജെ ജേക്കബിനെ പരാജയപ്പെടുത്തി നിസാര വോട്ടുകൾക്ക് ടി.എം.ജേക്കബ് വിജയിക്കുന്നത് കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ ന്യൂനപക്ഷ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.എം.ജേക്കബ് ആ സമയത്ത് മരണപ്പെടുകയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിക്കുകയുമാണ് ഉണ്ടായത്.
യാക്കോബായ വിഭാഗത്തിന് മുൻ തൂക്കമുള്ള ഇവിടെ ആ വിഭാഗത്തിൽ നിന്ന് ഒരു പൊതുസ്വതന്ത്രനെ നിർത്തി എൽ.ഡി.എഫ് പിന്തുണ കൊടുത്താൽ ഈ സീറ്റും എൽ.ഡി.എഫിന് അനായസമായി നേടാവുന്നതാണ്. സി.പി.എമ്മിലെ ഗോപി കോട്ടമുറിയ്ക്കലും ഇവിടെ വിജയിച്ചിട്ടുണ്ട്. നിലവിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് ആണ് എൽ.ഡി.എഫിൽ ഈ സീറ്റ്. അവർ നേരിട്ട് മത്സരിച്ചാലും പരാജയപ്പെടും. എൽ.ഡി.എഫിൽ പൊതുസമ്മതനായ ഒരു പൊതുസ്വതന്ത്രൻ വരുന്നതാകും നല്ലത്.
7. കടുത്തുരുത്തി
യു.ഡി.എഫിലെ മോൻസ് ജോസഫ് ആണ് ഇവിടുത്തെ എം.എൽ.എ. കേരളാ കോൺഗ്രസ് എമ്മിന് വലിയ മുന്നേറ്റം നടത്താൻ പറ്റുന്ന മണ്ഡലമാണ് കടുത്തുരുത്തി. ഇത് എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ സീറ്റാണ്. മോൻസിനോട് മത്സരിക്കാൻ എന്നും ഒരു മുഖം മാത്രം, സ്റ്റീഫൻ ജോർജ്. അതും എൽ.ഡി.എഫിൻ്റെ ഇവിടുത്തെ ഒരു പരാജയത്തിന് കാരണമാണ്. ജോസ്.കെ.മാണിയോ അല്ലെങ്കിൽ സഖറിയാസ് കുതിരവേലിയോ പ്പോലുള്ളവർ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നാൽ ഈ സീറ്റ് എൽ.ഡി.എഫിന് നിലനിർത്താനാവും.
8. കോട്ടയം
കോട്ടയം നിയോജകമണ്ഡലം എന്നത് ഒരിക്കൽ എൽ.ഡി.എഫിന് സ്വന്തമായിരുന്നു. വളരെക്കാലം ടി.കെ രാമകൃഷ്ണൻ ആയിരുന്നു ഇവിടുത്തെ എം.എൽ.എ. പിന്നീട് ഇപ്പോഴത്തെ മന്ത്രി വി.എൻ.വാസവനും ഇവിടുത്തെ എം.എൽ.എ ആയിരുന്നു. പിന്നീട് അടൂർ വിട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് എത്തിയതോടെയാണ് എൽ.ഡി.എഫിൻ്റെ കയ്യിൽ നിന്ന് ഈ സീറ്റ് യു.ഡി.എഫിൻ്റെ കയ്യിലേയ്ക്ക് പോയത്. തിരുവഞ്ചൂർ രാധാകൃഷ്ണനോട് ആദ്യ തവണ വി.എൻ വാസവൻ ഏതാണ്ട് 700 വോട്ടുകൾക്കാണ് കോട്ടയത്ത് തോൽക്കുന്നത്. പിന്നീട് ഈ സീറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ കയ്യിൽ ഭദ്രമായി. സുരേഷ് കുറുപ്പിനെപ്പോലുള്ള ജനകീയ മുഖങ്ങൾ ഇവിടെ ഇടത് സ്ഥാനാർത്ഥി ആയാൽ ഈ സീറ്റും എൽ.ഡി.എഫിന് കിട്ടാവുന്നതാണ്.
9. കുണ്ടറ
കഴിഞ്ഞ തവണ യു.ഡി.എലെ വിഷ്ണുനാഥ് ഭാഗ്യം കൊണ്ട് ജയിച്ച മണ്ഡലമാണ് കുണ്ടറ. പരാജയപ്പെട്ടത് മുൻ മന്ത്രി സി.പി.എമ്മിലെ മേഴ്സിക്കുട്ടിയമ്മയും. ആഴൽക്കടൽ വിവാദ മൊക്കെ കത്തി നിന്നപ്പോഴുണ്ടായ തെരഞ്ഞെടുപ്പ് ആയിരുന്നു കഴിഞ്ഞ തവണത്തേത്. അത് ഒരു പരിധിവരെ മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിൽ കലാശിച്ചു. എന്നാലും എപ്പോഴും എൽ.ഡി.എഫിന് പ്രതീക്ഷിക്കാവുന്ന മണ്ഡലം തന്നെയാണ് കുണ്ടറ.
10. കൽപറ്റ
ഇരുമുന്നണികൾക്കും നല്ല വോരോട്ടമുള്ള മണ്ഡലമാണ് കൽപ്പറ്റ. യു.ഡി.എഫിൽ കോൺഗ്രസും എൽ.ഡി.എഫിൽ വീരേന്ദ്രകുമാറിൻ്റെ ജനതാദളിനുമാണ് ഈ സീറ്റ്. ഇപ്പോൾ കോൺഗ്രസിലെ ടി സിദ്ദിഖ് ആണ് ഇവിടുത്തെ എം.എൽ.എ. ഈ സീറ്റ് സി.പി.എം, ജനതാദളിൽ നിന്ന് ഏറ്റെടുത്ത് ജനകീയ ഒരു സ്ഥാനാർത്ഥിയെ മത്സരിച്ചാൽ ഇടതുമുന്നണിയ്ക്ക് അനായസമായി തിരിച്ചു പിടിക്കാവുന്ന സീറ്റ് തന്നെയാണ്. ഇതുപോലെയുള്ള സീറ്റുകൾ ഇനിയും ഉണ്ട്. പരിശ്രമിച്ചാൽ ഈ പറഞ്ഞ സീറ്റുകളൊക്കെ എൽ.ഡി.എഫിന് തിരിച്ചു പിടിക്കാവുന്നതാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
LDF is aiming to reclaim 10 seats previously held by UDF in the 2026 Kerala elections. Palai, Muvattupuzha, Perumbavoor, and more are identified as key battlegrounds.
#KeralaPolitics #LDF2026 #UDF2026 #KeralaElections #ElectionStrategy #PoliticalBattle