Criticism | കെ ടി ജലീലിന് സ്വയം നിൽക്കാൻ ശേഷിയില്ലെന്ന് പി വി അൻവർ; രൂക്ഷമായി തിരിച്ചടിച്ച് ജലീലും; 'കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ ഇപ്പോൾ'

 
 K.T. Jaleel vs P.V. Anvar: Heated exchange over independence and allegations

Photo Credit: Facebook/ PV ANVAR, Dr KT Jaleel

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'താൻ ഒരിക്കലും ആരോടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല'
● 'പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്, ഇപ്പോഴും കാണുന്നു'
● 'ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത'

മലപ്പുറം: (KVARTHA) ഇടത് സ്വതന്ത്രരായി വിജയിച്ച എംഎൽഎമാർ തമ്മിൽ പോര്. കെ ടി ജലീലിന് സ്വയം നിൽക്കാൻ ശേഷിയില്ലെന്ന് പി വി അൻവർ പരിഹസിച്ചപ്പോൾ ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്ന് കെ ടി ജലീൽ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു. ജലീൽ ഒക്കെ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും സ്വയം നിൽക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീൽ നേരത്തെ പറഞ്ഞതിൽ നിന്ന് പിന്നാക്കം പോയതെന്നുമായിരുന്നു അൻവറിന്റെ പ്രതികരണം.

Aster mims 04/11/2022

കെ ടി ജലീൽ ഒക്കെ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നത്. ഞാൻ എൻ്റെ സ്വന്തം കാല് ജനങ്ങളുടെ കാലിൽ കയറ്റി വെച്ചാണ് നിൽക്കുന്നത്. അവർക്കൊന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങൾ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാൻ ശേഷി ഇല്ലാത്തതിന് കുറ്റം പറയാൻ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും. 

K.T. Jaleel vs P.V. Anvar: Heated exchange over independence and allegations

എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് കെ ടി ജലീൽ പറഞ്ഞത്. അപ്പോൾ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ. ജീവന് പേടി നമുക്ക് തടയാൻ പറ്റില്ലാല്ലോയെന്നും അൻവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ഇതിനോടാണ് കെ ടി ജലീൽ രൂക്ഷമായി പ്രതികരിച്ചത്. സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാനെന്ന് ജലീൽ ചോദിച്ചു. ഇനി ഒരു തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരൻ്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ. പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണെന്നും ജലീൽ വ്യക്തമാക്കി.

വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ലെന്നും തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ എന്ന് പറഞ്ഞ ജലീൽ, 'ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ...' എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ജലീലിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

'മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല.
കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എൻ്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു 'വാൾപോസ്റ്റർ' പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. 

അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരൻ്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. 

വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എൻ്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ. 
താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ.  ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ....'
സ്നേഹത്തോടെ
ഡോ: കെ.ടി.ജലീൽ

#KTJaleel #PVAnwar #KeralaPolitics #Controversy #Rebuttal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia