KK Rama | ടി പി വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അവകാശ ലംഘനത്തിന് ചോദ്യം ചെയ്യുമെന്ന് കെ കെ രമ


ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാല്‍ കഴിഞ്ഞ മൂന്ന് മാസമായി പരോള്‍ നല്‍കിയിരുന്നില്ല
തലശേരി: (KVARTHA) ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകുന്നതിനെതിരെ കെ കെ രമ എംഎൽഎ വിമർശനവുമായി രംഗത്തു വന്നു. ടി പി വധക്കേസ് പ്രതികളെ എന്തിനാണ് ഒന്നിച്ച് പുറത്തുവിടുന്നതെന്ന് കെ കെ രമ ചോദിച്ചു. ഒന്നിച്ച് പരോൾ നൽകുന്നതെന്തിനെന്നതിൽ ഉദ്യോഗസ്ഥരോട് സംസാരിക്കും. ടിപി വധക്കേസിലെ പ്രതികൾക്ക് ലഭിക്കുന്ന പരോൾ സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സഭാസമ്മേളനത്തിൽ അവകാശലംഘനത്തിന് നോട്ടിസ് നൽകുമെന്നും കെ കെ രമ വ്യക്തമാക്കി.
പ്രതികൾക്ക് ഇങ്ങനെ ഒരുമിച്ച് പരോൾ നൽകുന്നത് ഗൗരവമുള്ള വിഷയമാണ്. ജയിലിൽ കഴിയുന്ന പ്രതികൾക്ക് നിയമപരമായി പരോൾ ഉണ്ട്. എന്നാൽ ടിപി കേസിലെ പ്രതികൾക്ക് കൂടുതൽ പരോൾ ലഭിക്കുന്നുണ്ടെന്നും രമ ആരോപിച്ചു. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ അഞ്ചുപ്രതികൾക്കാണ് പരോൾ അനുവദിച്ചത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവർക്ക് പരോൾ അനുവദിക്കുകയായിരുന്നു. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് പരോൾ അനുവദിച്ചത്.
നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ഉടനാണ് പരോൾ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള ഹൈകോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് ആഭ്യന്തര വകുപ്പ് പരോൾ അനുവദിച്ചതെന്നാണ് ആക്ഷേപം.