Allegations | അളയിൽ തിരുകിയ കയർ പാമ്പായി മാറുന്നു; സർക്കാരിനെയും പാർട്ടിയെയും വെള്ളം കുടിപ്പിക്കാൻ സ്വതന്ത്ര എംഎൽഎമാർ; അൻവറിന് പിന്നാലെ പടയൊരുക്കവുമായി ജലീലും
സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) മറ്റു പാർട്ടികളിൽ നിന്നും സി.പി.എം അടവുനയത്തിൻ്റെ ഭാഗമായി അടർത്തിയെടുത്ത നേതാക്കൾ ഒടുവിൽ പാർട്ടിക്ക് തന്നെ കീറാമുട്ടിയാകുന്നു. സർക്കാരിനെതിരെ പി.വി അൻവർ പൊട്ടിച്ച വെടിയുടെ അലയൊലി തുടരുന്നതിനിടെയാണ് മുസ്ലിം സമുദായത്തിലെ മറ്റൊരു എംഎൽഎ കൂടിയായ കെ.ടി ജലീലും രംഗത്തുവന്നിരിക്കുന്നത്. അൻവർ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്വതന്ത്രനാണെങ്കിൽ ജലീൽ പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെയും മുഖ്യമന്ത്രിയുടെയും അതീവ വിശ്വസ്തരിൽ ഒരാളാണ്.
ഇവർ രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോൾ ഉദ്യോഗസ്ഥർക്കെതിരെ പോരാടാനിറങ്ങിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രതിപക്ഷത്തിൻ്റെ റോൾ ഭരണ മുന്നണിയിലെ എംഎൽഎമാർ തന്നെ ഏറ്റെടുക്കുന്നത് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎല്‍എ ഡോ. കെ ടി ജലീല്‍ രംഗത്തുവന്നത് വരാനിരിക്കുന്ന പടയൊരുക്കങ്ങളുടെ തുടക്കമാണെന്ന ആശങ്ക സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി വി അന്‍വറിന്റെ പാതയിലേക്ക് കടക്കുമെന്ന സൂചനയാണ് ജലീല്‍ നൽകുന്നത്. ഇതോടെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷം മാത്രമല്ല ഭരണമുന്നണിയിലെ സ്വതന്ത്ര എംഎൽഎമാരെയും പേടിക്കേണ്ട അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ.
അളയിൽ തിരുകിയ കയർ പാമ്പായി മാറി ആഞ്ഞു കൊത്താനൊരുങ്ങുമ്പോൾ രണ്ടു വർഷം ബാക്കി നിൽക്കെ പിണറായി സർക്കാരിൻ്റെ ശോഭയും ആത്മ വിശ്വാസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. താൻ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അധ്യായത്തിലുണ്ടാകുമെന്നാണ് മുന്നറിയിപ്പുമായി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
#KeralaPolitics, #Corruption, #IndependentMLAs, #India, #PoliticalCrisis