സ്മാർത്തവിചാരത്തിൽ ഉഴലുന്ന കേരള രാഷ്ട്രീയം: ഓണക്കാലത്ത് വിലക്കയറ്റത്താൽ എരിപൊരി കൊള്ളുന്ന സാധാരണക്കാരന് മുൻപിൽ ഇക്കിളി കഥകൾ വിളമ്പിയാൽ മതിയോ?


● വി.ഡി. സതീശൻ്റെ 'ബോംബ്' പ്രസ്താവന ചർച്ചയായി.
● സി.പി.എമ്മും ബി.ജെ.പിയും രാഹുലിനെതിരെ രംഗത്തെത്തി.
● കോൺഗ്രസിനുള്ളിലെ ഭിന്നത വിഷയത്തിൽ കൂടുതൽ പ്രകടമായി.
● വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ മറന്ന് രാഷ്ട്രീയ നേതാക്കൾ ആരോപണങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നു.
ഭാമനാവത്ത്
(KVARTHA) കേരള രാഷ്ട്രീയം കഴിഞ്ഞ രണ്ടാഴ്ചയായി ലൈംഗിക ആരോപണങ്ങൾക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പൊതുമണ്ഡലത്തിൽ കാണുന്നത്. പുതിയ ആരോപണങ്ങളുമായി ഭരണപക്ഷവും അതിനെ പ്രതിരോധിക്കാൻ പഴയ ആരോപണങ്ങൾ കുത്തിപ്പൊക്കി പ്രതിപക്ഷവും രംഗത്തുണ്ട്. ഇതിനിടയിൽ തങ്ങളാൽ കഴിയുന്നതെന്തെങ്കിലും ചെയ്യാൻ കൈമെയ് മറന്ന് ബി ജെ പിയും ശ്രമിക്കുന്നു. കുറിയേടത്ത് താത്രികുട്ടിയുടെ സ്മാർത്തവിചാരം പോലെ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളുമായി ലൈംഗിക ചൂഷണത്തിന് ഇരകളായ സ്ത്രീകളും ട്രാൻസ്ജെൻഡർ യുവതിയും മാധ്യമങ്ങളിലൂടെ രംഗത്തുവരുന്നു. 'അമ്പ് കൊള്ളാത്തവർ ആരുമില്ല കുരുക്കളിൽ' എന്നു പറയുന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്.

ആരോപണവും പ്രത്യാരോപണവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാഷ്ട്രീയ പോരിന് വഴിമാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പുതിയതും പഴയതുമായ കേസുകൾ വാരിവലിച്ച് പുറത്തിട്ട് പരസ്പരം വാദിക്കുകയാണ്.
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും വാദങ്ങൾ
ലൈംഗിക ആരോപണ കേസിൽ അകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ എല്ലാ പൊതുപ്രവർത്തകർക്കും നാണക്കേടാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടയിലായിരുന്നു രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ വാർത്താ മാധ്യമങ്ങളും രാഹുൽ വിഷയത്തിൽ നല്ല രീതിയിലാണ് ഇടപെട്ടതെന്നും ഈ നില തുടരേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗുരുതരമായ ആരോപണമാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതും ഗർഭഛിദ്രം നടത്താനും ആവശ്യമെങ്കിൽ കൊല്ലാനും തയ്യാറാണെന്ന ശബ്ദ സന്ദേശം പ്രചരിച്ചതും ആ വ്യക്തിയുടെ ക്രിമിനൽ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്നും ഈ വിഷയത്തിൽ നിയമപരമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, ഒരു പരാതിയും ഉയരാത്ത സാഹചര്യത്തിൽ ധാർമികതയുടെ പേരിലാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചതെന്നും, സി പി എമ്മിന്റെ രണ്ട് എം എൽ എമാർക്കെതിരെ ഇത്തരം പരാതി ഉയർന്നപ്പോൾ അവരെ സംരക്ഷിച്ചുനിർത്തുകയാണ് ഉണ്ടായതെന്നും പരാതി കൈകാര്യം ചെയ്തത് സി പി എമ്മിന്റെ കോടതിയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ തിരിച്ചടി. സി പി എമ്മിന്റെ ഉന്നതനായ ഒരു നേതാവ് നൽകിയ പരാതിയിൽ ആരോപണവിധേയനെ സംരക്ഷിക്കുകയും പരാതി ഉയർത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് തരം താഴ്ത്തി മൂലയ്ക്കിരുത്തിയ നേതാവാണ് ഇപ്പോൾ കോൺഗ്രസിനെ ഉപദേശിക്കാൻ വരുന്നതെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം.
‘ബോംബ്’ പൊട്ടിക്കുമെന്ന വെല്ലുവിളിയും നനഞ്ഞ പടക്കവും
സി പി എമ്മും ബി ജെ പിയും തങ്ങളോട് കളിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെല്ലുവിളി. കേരളം ഞെട്ടുന്ന ബോംബ് തങ്ങളുടെ കൈവശമുണ്ടെന്നും ഇത് ഏതുനിമിഷവും പൊട്ടിക്കുമെന്നും വി ഡി സതീശൻ പറഞ്ഞുവെങ്കിലും ആ ബോംബ് പൊട്ടിയില്ല. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വി ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.
ഒരു ദിവസത്തിന് ശേഷമാണ് സി കൃഷ്ണകുമാറിനെതിരെ ഒരു പീഡന ആരോപണം ഉയരുന്നത്. രാവിലെ ഉയർന്ന ആരോപണമാണോ സതീശൻ പറഞ്ഞ 'കേരളം ഞെട്ടുന്ന ബോംബ്' എന്ന സംശയത്തിലായിരുന്നു പൊതുജനവും മാധ്യമങ്ങളും. എന്നാൽ അതല്ല ബോംബ് എന്നായിരുന്നു സതീശന്റെ തുടർന്നുള്ള വാർത്താസമ്മേളനത്തിലൂടെ വ്യക്തമായത്. സി കൃഷ്ണകുമാറിനെതിരെയുള്ള ബോംബിന് പിന്നിൽ സന്ദീപ് വാര്യർ ആണെന്ന് പിന്നീട് വ്യക്തമായെങ്കിലും ബോംബ് നനഞ്ഞ പടക്കമായി മാറുകയും ചെയ്തു.
വടകരയിലെ സി പി എം പ്രത്യാക്രമണം
ഇത്തരം ആരോപണങ്ങൾ കനക്കുന്നതിനിടെയാണ് വടകരയിൽ യുവജന-വിദ്യാർത്ഥി സംഘടനകളെ മുന്നിൽ നിർത്തി സി പി എമ്മിന്റെ പ്രത്യാക്രമണം. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനത്ത് തുടരുന്നത് ഷാഫി പറമ്പിലിന്റെ സംരക്ഷണത്തിലാണെന്നാരോപിച്ച് എം പിയെ വഴിയിൽ തടഞ്ഞായിരുന്നു സമരം. പരസ്പരം ഭീഷണിപ്പെടുത്തുന്നതിലും തെറിവിളിയിലും കലാശിച്ചതോടെ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ഷാഫിക്കെതിരെ പ്രതിരോധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഡി വൈ എഫ് ഐയും എസ് എഫ് ഐയും. ഇതോടെ രാഹുൽ വിഷയം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ആരോപണ-പ്രത്യാരോപണ വിഷയമായി മാറിയിരിക്കുകയാണ്. പീഡനവീരനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം ഒഴിയണമെന്നാണ് സി പി എമ്മും ബി ജെ പിയും ഒരുപോലെ ആവശ്യപ്പെടുന്നത്. സ്വന്തം മണ്ഡലമായ പാലക്കാട് കാൽ കുത്താൻ വിടില്ലെന്നും ഇവർ രാഹുലിന് മുന്നറിയിപ്പ് നൽകുന്നു.
കോൺഗ്രസിനുള്ളിലെ ഭിന്നത
ലൈംഗിക ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിനെ മാറ്റിനിർത്തുകയും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തതോടെ വിഷയം അടഞ്ഞ അധ്യായമായിരിക്കുകയാണെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ കോൺഗ്രസ് അധ്യായം അടച്ചാലും എതിരാളികൾ അധ്യായം തുടരാനാണ് സാധ്യത. ലൈംഗിക ആരോപണ വിഷയത്തിൽ കോൺഗ്രസ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും, ഒരിടത്തും പരാതിയില്ലാതിരുന്നിട്ടും ആരോപണം ഉയർന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിനെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. നിയമപരമായി രാഹുലിനെതിരെ പരാതി ഉയരാത്ത സാഹചര്യത്തിൽ എങ്ങനെ എം എൽ എ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുമെന്നാണ് വി ഡി സതീശന്റെ മറുചോദ്യം. സി പി എമ്മിന്റെ രണ്ട് എം എൽ എമാർക്കെതിരെ പാർട്ടിയിൽ രേഖാമൂലം പരാതി ലഭിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഒരു ഉന്നതൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നു. ആരോപണവിധേയരായ രണ്ട് ഘടകകക്ഷി നേതാക്കൾ മന്ത്രിമാരായി ഇരിക്കുന്നു. പിണറായി പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയായ എം എൽ എ ഇപ്പോഴും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നു. അതൊക്കെ പഴയ സംഭവമാണ് എന്ന് പറഞ്ഞ് സംരക്ഷണ വലയം തീർക്കുന്നു. സ്വന്തം പാർട്ടിയിലെ വിഷയങ്ങളിൽ ഒരു നിലപാട്, മറ്റുള്ളവരുടെ കാര്യത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കരുതെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അതല്ല രാഹുലിനെ കൂടി കേട്ടതിനുശേഷം നടപടിയെന്നും രണ്ട് അഭിപ്രായങ്ങളാണ് കോൺഗ്രസിനുള്ളിൽ ഉയർന്നിരിക്കുന്നത്. പതിവുപോലെ രാഹുൽ വിഷയത്തിലും കോൺഗ്രസിലെ നേതാക്കൾ പരസ്പരം പഴിചാരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എം പിയും ഒരുക്കിയ സംരക്ഷണ വലയത്തിലാണ് രാഹുൽ നിലനിൽക്കുന്നതെന്ന ആരോപണവും പാർട്ടിയിൽ ഉയർന്നിരിക്കുകയാണ്. ഇതിനിടെയാണ് തിരിച്ചടിക്കാൻ വെളിപ്പെടുത്തലിന്റെ ബോംബ് പൊട്ടിക്കുമെന്ന വി ഡി സതീശന്റെ മുന്നറിയിപ്പ്. ഈ ഓണക്കാലത്ത് വിലക്കയറ്റത്തിൽ പൊള്ളുകയാണ് കേരളത്തിലെ ജനങ്ങൾ. തൊട്ടതിനെല്ലാം തീവിലയാണ്. സർക്കാർ സംവിധാനങ്ങൾ വിപണിയിൽ ഇടപെടുന്നതിൽ വൻ പരാജയമായി മാറിയിരിക്കുകയാണ്.
കേരള രാഷ്ട്രീയത്തിലെ ഈ സ്ഥിതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala's political landscape is dominated by allegations, diverting focus from real public issues.
#KeralaPolitics #PoliticalAllegations #RahulMankootathil #PriceHike #Onam2025 #KeralaNews