Criticism | പ്രതിപക്ഷ നേതാവ് സിപിഎമ്മിനെതിരെ പറഞ്ഞാലും പിണറായിക്കെതിരെ ഒന്നും പറയില്ല; രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റോ?
● സോഷ്യൽ മീഡിയയിൽ പ്രതിപക്ഷത്തിനും വിമർശനം.
● ആരോപണങ്ങളിൽ ശക്തമായ നിലപാടില്ലെന്ന് ആക്ഷേപം.
സോണി കല്ലറയ്ക്കൽ
(KVARTHA) എന്നാലും പിണറായിക്കെതിരെ ഒന്നും പറയരുത് സമരം ചെയ്യരുത്. എവിടെയും തൊടാതെ ഇടക്ക് എന്തെങ്കിലുമൊക്കെ പറഞാൽ മതി. അല്ലെങ്കിൽ പൊളിറ്റിക്കൽ അഡ്ജസ്റ്‌മെൻ്റിന് വിലയില്ലാതാകും. ജനങ്ങളെ വിഡ്ഢിയാക്കുന്നതിൽ നിങ്ങൾ എല്ലാ നേതാക്കന്മാരും ഒറ്റക്കെട്ട്. രാഷ്ട്രീയം തൊഴിലാക്കിയാൽ അവിടെ അഴിമതി നടക്കും. ഇത് ഇപ്പോൾ പറയുന്നത് കേരളത്തിലെ പൊതുസമൂഹമാണ്. സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സിപിഎമ്മില്‍ നിന്നും പുറത്തുപോയാല്‍ അപ്പോള്‍ നടപടിയെടുക്കും, ഇത് കാട്ടുനീതിയാണ്, സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന മുഴുവന്‍ ആളുകള്‍ക്കും പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് അനുമതി നല്‍കിയത് സൂചിപ്പിച്ചായിരുന്നു പ്രതികരണം.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഇരുന്നുകൊണ്ടാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്ത് നീതി ന്യായമാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനുള്ളിലും പാര്‍ട്ടിയിലും നടന്ന കാര്യങ്ങളെല്ലാം പറയുകയാണ്. ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. ഇതോടെ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത കൂടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിലാണ് തങ്ങള്‍. എട്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ഇത്ര പ്രതിസന്ധിയിലായ കാലഘട്ടം ഉണ്ടായിട്ടില്ല. പി വി അന്‍വര്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പോയി കാണും. അതില്‍ തെറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫിലേക്ക് വന്നാല്‍ അന്‍വറിനെ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് 'ഞങ്ങള്‍ ഇക്കാര്യം ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ല. ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ ആകില്ല. ചര്‍ച്ച നടത്തേണ്ട സമയത്ത് നടത്തും', എന്നായിരുന്നു മറുപടി.
ശരിക്കും പറഞ്ഞാൽ പ്രതിപക്ഷത്തോടും വെറുപ്പായിരിക്കുന്നു കേരളത്തിലെ ജനതയ്ക്ക്. പി വി അൻവർ കഴിഞ്ഞ ദിവസങ്ങളിൽ പിണറായി സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തുന്നത് നാമെല്ലാവരും കണ്ടതാണ്. ശരിയ്ക്കും ഇത് പൊതുസമൂഹത്തേത്തെ ആകമാനം പിടിച്ചു കുലുക്കി എന്നതാണ് സത്യം. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ട് ഒരു ധര്‍ണപോലും സംഘടിപ്പിക്കാന്‍ കഴിയാത്ത പ്രതിപക്ഷമോ എന്ന് ചോദിക്കുന്നവരാണ് കേരളത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും. എന്നിട്ടും പ്രതിപക്ഷ നേതാവിൻ്റെ തള്ളോട് തള്ള്.
സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ പോലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം ഒരുവാക്ക് പോലും ഉച്ചരിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇതാണ് പി വി അൻവർ പറഞ്ഞ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം. എല്ലാ രാഷ്ട്രീയ നേതാക്കളുടെ ചുമലിലും പാപഭാരം ഉണ്ട്. എല്ലാവരും ഒരുപോലെയാണെന്ന് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവതലമുറയ്ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അരാഷ്ട്രീയവാദം ശക്തിപ്പെടുത്തുന്നത്. തല മുതിർന്ന നേതാക്കൻമാരൊക്കെ ഒറ്റക്കെട്ടാണ് ഇവിടെ എന്ന് ഒരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു. അതാണ് ഇവിടുത്തെ സർക്കാരിൻ്റെ ധൈര്യവും.
നല്ലൊരു പ്രതിപക്ഷമായിരുന്നു വി ഡി സതീശൻ്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നതെങ്കിൽ അൻവർ ഈ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളൊക്കെ ഏറ്റെടുത്തു സമരം ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. രണ്ടു കൊല്ലമായിട്ട് പ്രതിപക്ഷം പറഞ്ഞു കൊണ്ടിരിക്കുന്നു, പ്രതിഷേധങ്ങൾ നടത്തി, മാർച്ച് നടത്തി എന്നൊക്കെ. 10 പൈസയുടെ പ്രയോജനം ഉണ്ടായോ എന്ന് അവർ തന്നെ ആത്മപരിശോധന നടത്തിയാൽ നന്നായിരിക്കും.
ഒരാൾ സാമൂഹ്യ മാധ്യമത്തിൽ ഈ അവസരത്തിൽ പ്രതിപക്ഷ നേതാവിനെ കളിയാക്കി പോസ്റ്റിട്ടത് ഇങ്ങനെ: 'വി ഡി സതീശന് പറ്റിയ പണി വല്ല സീരിയലിൽ അഭിനയിക്കുക എന്നുള്ളതാണ്. ഒരു സീരിയൽ നടന്റെ മുഖമാണ് താങ്കൾക്ക്. സീരിയലിൽ ആകുമ്പോൾ ഷർട്ട് ചുളുങ്ങില്ല, മുടിയൊക്കെ ചീകി പൗഡർ ഒക്കെ ഇട്ട് സുന്ദരനായിട്ട് അഭിനയിക്കാം. സിനിമയിൽ പറ്റില്ല കേട്ടോ. കാരണം സിനിമയിൽ ആകുമ്പോൾ ചിലപ്പോൾ കൃഷിക്കാരൻ ആയിട്ടോ ഇറച്ചി വെട്ടുകാരൻ ആയിട്ടൊക്കെ അഭിനയിക്കേണ്ടി വരും. വെയില് കൊള്ളേണ്ടിവരും. മുഖം കറുക്കും. താങ്കൾക്ക് എ സി റൂമിലിരുന്ന് പ്രസ് കോൺഫറൻസ് നടത്താൻ അല്ലേ പറ്റൂ. ഇല്ലെങ്കിൽ ഇതുപോലെ ചാനലുകാരുടെ മുൻപിൽ വളവള പറയും. നോ റിസൾട്ട്'.
ഇതാണ് ആ പോസ്റ്റ്. ശരിക്കും മുഖ്യമന്ത്രിയെയും സർക്കാരിനെയും ഇവിടുത്തെ ജനങ്ങൾ വെറുക്കുന്നപോലെ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയും വെറുക്കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന നരേന്ദ്രമോദി- അമിത് ഷാ ജോഡികൾക്ക് കേരളത്തിൽ തടുക്ക് വിരിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രധാന ജോലി എന്ന് ആരോപിക്കുന്നവർ ഏറെയാണ്. അതിൻ്റെ ഭാഗമായാണ് തൃശൂരിൽ പൂരം കലക്കി ബിജെപിയെ വിജയിപ്പിച്ചത് എന്നാണ് ഇവരുടെ ആക്ഷേപം.
പ്രതിപക്ഷത്തിൻ്റെ പാർട്ടി സ്ഥാനാർത്ഥി അല്ലെങ്കിൽ കോൺഗ്രസിൻ്റെ സമുന്നതനായ നേതാവ് ലീഡർ കെ കരുണാകരൻ്റെ മകൻ അല്ലേ തൃശൂരിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പോയത്. എന്നിട്ടും പിണറായിക്കെതിരെ പറയാൻ പ്രതിപക്ഷത്തിന് നാവ് പൊങ്ങുന്നില്ലെന്നാണ് ആക്ഷേപം.
#KeralaPolitics #Corruption #Opposition #PinarayiVijayan #VDSatheesan #PVAnvar