Political Crisis | കേരളാ കോൺഗ്രസ് എമ്മിൻ്റെ മറുകണ്ടം ചാടൽ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വനംഭേദഗതി നിയമത്തിൽ നിന്നും സർക്കാർ യൂടേണടിച്ചതിന് പിന്നിൽ?


● ആറു മാസത്തിനുള്ളിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്.
● കർഷകകുടിയേറ്റ ജനത കൂടുതലുള്ള മണ്ഡലമാണ് നിലമ്പൂർ.
● വനഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് വൻ പ്രതിഷേധത്തിനാണ് ഒരുങ്ങിയിരുന്നത്.
● 2013 ലാണ് ഇപ്പോൾ നടക്കുന്ന വനം നിയമ ഭേദഗതി ചർച്ചകൾ ആരംഭിച്ചത്.
കൊച്ചി: (KVARTHA) വ്യാപക പ്രതിഷേധം വിളിച്ചു വരുത്തിയ വനം നിയമഭേദഗതിയിൽ നിന്നും സർക്കാർ യൂടേണടിച്ചത് ഇടതു മുന്നണിക്കുള്ളിൽ കേരള കോൺഗ്രസ് (എം) ഉയർത്തിയ പ്രതിഷേധവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമെന്ന് സൂചന. കർഷക വികാരത്തിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച കേരള കോൺഗ്രസ് (എം) പരസ്യമായി സമരത്തിന് ഇറങ്ങുമെന്ന സാഹചര്യം സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.
കേരളാ കോൺഗ്രസ് (എം ) മുന്നണി വിട്ടു യു.ഡി.എഫിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നതിനിടെയാണ് വനംഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ നിന്നും സർക്കാർ യൂടേണടിച്ചത്. ഇതുകൂടാതെ ആറു മാസത്തിനുള്ളിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. കർഷകകുടിയേറ്റ ജനത കൂടുതലുള്ള മണ്ഡലമാണ് നിലമ്പൂർ. വനംഭേദഗതി നിയമത്തിനെതിരെ സമരങ്ങളുടെ അലയൊലി സൃഷ്ടിച്ചതിന് ശേഷമാണ് പാർട്ടിയുടെ എതിർ ചേരിയിൽ നിൽക്കുന്ന മുൻ എം.എൽ.എ പി.വി അൻവർ രാജിവെച്ചത്. ഇതൊക്കെ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് നിയമം നടപ്പിലാക്കുന്നതിൽ നിന്നും സർക്കാർ യൂടേണടിച്ചത്.
വനഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് വൻ പ്രതിഷേധത്തിനാണ് ഒരുങ്ങിയിരുന്നത്. ക്രൈസ്തവ സഭയുടെ പിൻതുണയും അവർ നേടി. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പ്രതിസന്ധി മുറിച്ചു കടക്കാൻ നിയമ ഭേദഗതിയെ ഉപേക്ഷിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സർക്കാരിൻ്റെ പിൻമാറ്റം ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്ന് അടിവരയിട്ടു പറയുന്നുണ്ട്.
2013 ലാണ് ഇപ്പോൾ നടക്കുന്ന വനം നിയമ ഭേദഗതി ചർച്ചകൾ ആരംഭിച്ചത്. അത് യുഡിഎഫ് സർക്കാരിൻ്റെ കാലത്താണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതിൻ്റെ തുടർനടപടികളാണ് പിന്നീട് ഉണ്ടായത്. ഇപ്പോൾ ഇതിൽ പല ആശങ്കകളും ഉയർന്നിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും ഉണ്ടാകില്ലെന്നും. വന നിയമ ഭേദഗതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി സുവ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയെ സർക്കാർ മനസിലാക്കുന്നു. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് അത് സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണമെന്നതിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. നീതിരഹിതമായ രീതിയിൽ വന ചൂഷണം ചെയ്യപ്പെടരുത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചരണങ്ങൾ നടക്കുന്നുണ്ട് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് ഈ കാര്യത്തിലുള്ള വിവാദങ്ങൾക്ക് സർക്കാരിന് താൽപര്യമില്ലെന്ന വസ്തുതയാണ് വ്യക്തമാക്കുന്നത്.
#ForestLawReforms #KeralaCongress #PoliticalCrisis #UDF #NilamburElection #KeralaNews