Budget Criticism | ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന കേരളം; തള്ളി മറിക്കലുകളുടെ തിരയൊഴിഞ്ഞപ്പോൾ ബജറ്റിൽ തെളിയുന്നതെന്ത്?

 
Kerala Budget: Criticism and Concerns
Kerala Budget: Criticism and Concerns

Photo Credit: Facebook/KN Balagopal

● ലോട്ടറി, മദ്യം, പ്രവാസികൾ എന്നിവരെ മാത്രമാണ് വരുമാനത്തിനായി ആശ്രയിക്കുന്നത്.
● കോൺക്ലേവുകൾക്കും, റെയ്ഡ് കോവിനും കോടികൾ ചിലവഴിക്കുന്നു.
● ഭൂനികുതിയും, മറ്റ് നികുതികളും വർദ്ധിപ്പിച്ചത് ജനങ്ങൾക്ക് കൂടുതൽ ഭാരമുണ്ടാക്കുന്നു.

ഭാമനാവത്ത് 

(KVARTHA) പൊട്ടിപ്പൊളിഞ്ഞ ഒരു സമ്പദ്ഘടനയുടെ വിലാപ കാവ്യമാണ് കേരളാ ബജറ്റ്. നമ്മുടെ സംസ്ഥാനം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും പൊതുകടത്തിൻ്റെയും യഥാർത്ഥ ചിത്രം കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വരച്ചുകാട്ടുന്നുണ്ട്. പ്രവാസികൾ, ലോട്ടറി, മദ്യം എന്നിവയിൽ നിന്നല്ലാതെ മറ്റു കാര്യമായ വരുമാനമൊന്നും സർക്കാരിനില്ല. വെള്ളാനയായ കെഎസ്ആർടിസിക്ക് അങ്ങോട്ടും നടത്തിപ്പിന് പൈസ കൊടുക്കണം. 

കോൺക്ലേവുകൾ നടത്താനുള ധൂർത്തിന് ഇക്കുറിയും കോടികൾ വകയിരുത്തിയിട്ടുണ്ട്. സി.പി.എം നിയന്ത്രിക്കുന്ന കടത്തിൽ മുങ്ങിയ റെയ്ഡ് കോവിന് ഇക്കുറിയും 10 കോടി വെറുതെ പൊതുഖജനാവിൽ നിന്നും നൽകുന്നുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിലല്ല, കിഫ്ബിയിൽ നിന്നു ഫണ്ട് കണ്ടെത്തുമെന്നാണ് മന്ത്രി പറയുന്നത്. കടമെടുക്കാനായി രൂപീകരിച്ച കിഫ്ബിയിൽ നിന്നുള്ള പലിശയോടുകൂടിയുള്ള തിരിച്ചടവ് എങ്ങനെ നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. 

കിഫ്ബിയെ വരുമാനമുണ്ടാക്കുന്ന സംരംഭമായി മാറ്റുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അതിനായി ഇനിയും പഠനം നടത്തേണ്ടിയിരിക്കുന്നു. പണമുണ്ടാക്കാൻ ജനങ്ങളുടെ മെക്കിട്ടു കയറുന്ന പരിപാടിയും പതിവുപോലെ ഇക്കുറിയുമുണ്ട്. ഭൂനികുതി 50 ശതമാനമാണ് കുത്തനെ കൂട്ടിയത്. വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ചു പിടിച്ചു പറിയാണ് ഇനി നടക്കാൻ പോകുന്നത്. നേരത്തെ വീട്ടു നികുതിയും ഇതേമാതിരി മയമില്ലാതെ കൂട്ടിയിരുന്നു. വൈദ്യുതി, വെളളക്കരം എന്നിവയുടെ നിരക്ക് ഇപ്പോൾ തന്നെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയാണ്. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. 

ധൂർത്തടിക്കാനും വെട്ടി വിഴുങ്ങാനും ഫണ്ട് നൽകാത്തതിന് കേന്ദ്ര സർക്കാരിനെ പഴി പറഞ്ഞിട്ട് കാര്യമില്ല. എന്തിനും ഏതിനും കേന്ദ്രത്തിലേക്ക് നോക്കിയിട്ടു കാര്യമില്ല. വരുമാനം കൂടണമെങ്കിൽ വ്യവസായങ്ങൾ ശക്തിപ്പെടണം, ചെറുകിട സംരഭങ്ങൾ കൂടണം. ഇവിടെ അതിനായി എന്തെങ്കിലും പദ്ധതിയുണ്ടോ, എല്ലാം ആഗോളമായി ചിന്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനികളും കോൺക്ലേവുമല്ലാതെ! ഇതിൻ്റെ കൂടെ മന്ത്രിയുടെ തള്ളി മറിക്കലുമുണ്ട്. പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഇല്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് വൻ പരാജയമാണെന്ന് പറയാതെ ഇരിക്കാനാവില്ല.

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ, ധനമന്ത്രി കെ എൻ ബാലഗോപാൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷ ഭരണാനുകൂലികൾക്ക് ഉണ്ടായിരുന്നു. എന്നാൽ ദുർബല ജനവിഭാഗങ്ങളെ വരെ പരിഗണിച്ചില്ല. ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം, കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി അനുസരിച്ച് പ്രായോഗികമായ കാര്യങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ധനമന്ത്രിയുടെ അവകാശവാദം.

സംസ്ഥാനം അഭിമുഖീകരിച്ച രൂക്ഷമായ ധന ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടം കേരളം അതിജീവിച്ചിരിക്കുന്നുവെന്ന ആശ്വാസ വാർത്ത പങ്കിട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്. അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. സംസ്ഥാനത്ത് 60  ലക്ഷത്തോളം പേർക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 1100 കോടി രൂപയാണെന്നാണ് കണക്ക്. 

നിലവിൽ ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഈ കുടിശ്ശിക മൂന്നെണ്ണം സമയബന്ധിതമായി കൊടുത്തു തീർക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇത് പ്രഖ്യാപിച്ചപ്പോൾ പോലുമുള്ള ധനമന്ത്രിയുടെ ശരീരഭാഷയും ചർച്ചയാകുന്നുണ്ട്. ക്ഷേമ പെൻഷൻ കൂട്ടുന്നില്ലേ എന്ന ചോദ്യം വന്നിരുന്നു. അവടെ പ്രസംഗം ഒന്ന് നിർത്തിയിട്ട് ധനമന്ത്രി വെള്ളം കുടിക്കുകയാണ് ചെയ്തത്. സംസ്ഥാനം സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോൾ ഒരു വർദ്ധനവ് സാധ്യമല്ല എന്ന സന്ദേശമാണ് ധനമന്ത്രി നടത്തിയത് എന്ന വിലയിരുത്തലാണ് വന്നത്. 

സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. ശമ്പള പരിഷ്ക്കരണമില്ലാത്തതിനാൽ ജീവനക്കാർ പ്രതിഷേധത്തിലാണ്. അതേസമയം, സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് നൽകും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും ഈ സാമ്പത്തിക വർഷം നൽകും. ഡിഎ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കിയിട്ടുണ്ട്. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ, തന്റെ സ്വാഭാവിക ശൈലി തന്നെയാണ് കെ എൻ ബാലഗോപാൽ ഇത്തവണയും കൈക്കൊണ്ടിരിക്കുന്നത്. പ്രായോഗികമായ കാര്യം മാത്രം പറഞ്ഞുവെച്ച കൂട്ടത്തിൽ നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണമെന്ന കുറ്റപ്പെടുത്തലുമുണ്ട്. പതിവുപോലെ ഈ ബജറ്റും കടത്തിൽ മുങ്ങി താഴുന്ന വീണ്ടും കടമെടുക്കാൻ ദാഹിക്കുന്ന ഒരു സർക്കാരിൻ്റെ ദരിദ്ര പശ്ചാത്തലമാണ് കാണിക്കുന്നത്. 

അതിദാരിദ്യം അനുഭവിക്കുന്ന ക്രെഡിറ്റ് കാർഡിലൂടെ മുൻപോട്ടു നീങ്ങുന്ന ഒരു ഇടത്തരക്കാരനെയാണ് അതു അനുസ്മരിക്കുന്നത്. കേരളത്തിന് ദാരിദ്യമുണ്ടെന്ന് ഇവിടെ നിന്നും തള്ളി മറിക്കുന്നവർക്ക് പറയാൻ ഇപ്പോഴും മടിയാണ്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞതുപോലെ ഞങ്ങൾ ദരിദ്രരാണെന്നും ഇവിടെയൊന്നുമില്ലെന്നും കേന്ദ്രത്തോട് ഇനിയെങ്കിലും പറയാൻ തയ്യാറാകണം. അല്ലാതെ ഇരുട്ടു കൊണ്ടു ഓട്ട അടയ്ക്കരുത്.

ഈ ബജറ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The Kerala budget highlights the state's dire financial situation. Revenue is low, and debt is high. There were no announcements regarding welfare pensions or salary revisions. Land tax and court fees were increased. Concerns remain about the KIIFB project.

#KeralaBudget #FinancialCrisis #Debt #NoPensionHike #TaxIncrease #KIIFB

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia