Election Defeat | തിരഞ്ഞെടുപ്പ് തോൽവി ഒന്നിൻ്റെയും അവസാന വിധിയല്ല; ഫീനിക്സ് പക്ഷിയായി ഉയരുമോ കേജ്‌രിവാൾ?

 
AAP leader Kejriwal challenging BJP during the election campaign.
AAP leader Kejriwal challenging BJP during the election campaign.

Photo Credit: X/Arvind Kejriwal

● തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഏറ്റത് വൻ തിരിച്ചടി
● അതിഷിയെ മാത്രം വിജയിപ്പിച്ച് ഡല്‍ഹി കെജ്‌രിവാളിനെ പുറത്താക്കി
● 43 ശതമാനം ജനങ്ങളുടെ പിൻതുണ ഇപ്പോഴും ആപ്പിനുണ്ട്

ഭാമനാവത്ത് 

(KVARTHA) ആൾക്കൂട്ട രാഷ്ട്രീയത്തെ വൈകാരികമായി നയിച്ച അരവിന്ദ് കെജ്രിവാളിന് പഠിക്കാനുള്ള രാഷ്ട്രീയ പാഠങ്ങളിലൊന്നാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ചില മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെങ്കിലും സ്ഥായിയായ സ്വാധീനം ജനമനസിൽ നേടാൻ കെജ്രിവാളിനും അദ്ദേഹം നയിച്ച പാർട്ടിയായ അം ആദ്മിക്കും നേടാൻ കഴിയാത്തതിൻ്റെ കാരണം ദൃഢമായ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ അഭാവമായിരുന്നു. ജനങ്ങൾക്ക് ഓഫർമാത്രം നൽകുന്ന ഒരു കോർപറേറ്റ് കമ്പനിയുടെ തലവനെന്നപ്പോലെയാണ് കെജ്രിവാൾ തലസ്ഥാനനഗരം ഭരിച്ചത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി പോലും പരിഗണിച്ചില്ല. 

പൊതു വരുമാനം മദ്യനയത്തിലൂടെ കൂട്ടാൻ ശ്രമിച്ചപ്പോൾ കെജ്രിവാളും ഒപ്പമുണ്ടായിരുന്ന മന്ത്രിമാരും അഴിമതി കെണിയിൽ കുടുങ്ങുകയും ചെയ്തു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അരവിന്ദ് കെജ്‌രിവാളിന് ഒരു അഗ്നിപരീക്ഷണമായിരുന്നു. ജനങ്ങള്‍ക്ക് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഇനി വേണമോയെന്ന ചോദ്യത്തിന് ഉത്തരമായി വേണ്ടെന്ന് ഡല്‍ഹി വിധിയെഴുതി. തെരഞ്ഞെടുപ്പില്‍ തോറ്റാൽ ജാമ്യം റദ്ദാക്കി തിരികെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‌രിവാളിന്റെ വാക്ക്. അമിത ആത്മവിശ്വാസത്തിലായിരുന്നു കെജ്‌രിവാള്‍ ഇതു പരസ്യമായി പറഞ്ഞത്.

ബിജെപി എത്രയൊക്കെ പയറ്റിയാലും താമരവിരിയിക്കാനുള്ള നിലമൊരുക്കില്ല ഡല്‍ഹി എന്ന ആത്മവിശ്വാസത്തിലായിരുന്നു കെജ്‌രിവാളിന്റെ ഓരോ വാക്കും നോക്കും പ്രവൃത്തിയും. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും പരാജയഭീതിയുള്ള ഒരാളുടെ ശരീരഭാഷ ആയിരുന്നില്ല കെജ്‌രിവാളിന്റേത്. ആരോപണപ്രത്യാരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കളം മുറുകിയപ്പോഴും ഏറ്റവുമൊടുവില്‍ ഓപ്പറേഷന്‍ താമര ഉയര്‍ത്തി ബിജെപിയെ വെല്ലുവിളിച്ചപ്പോഴും പാതിയിലധികം ജയിച്ച പോരാളിയുടെ ഭാവമായിരുന്നു കെജ്‌രിവാളിന്. പക്ഷേ, ആ ആത്മവിശ്വാസം കണക്കിലേക്ക് എത്തിയില്ല. ജനവിധിയില്‍ കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും തീർത്തും പരാജയപ്പെട്ടു.

വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാന്‍ രാവണന്‍ അയച്ച സ്വര്‍ണ മാനിനെപ്പോലെയാണ് ബിജെപിയെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശവും തിരിച്ചടിയായി. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുമെന്ന് ഉപമിക്കുകയായിരുന്നു കെജ്‌രിവാള്‍. പക്ഷേ, ബിജെപി അതേ വാളെടുത്ത് കെജ്‌രിവാളിന് നേരെ ഉയര്‍ത്തി. രാമായണത്തെ കെജ്‌രിവാള്‍ അവഹേളിച്ചെന്നും അദ്ദേഹം ഹിന്ദുവിരുദ്ധനാണെന്നും ആരോപിച്ചു. പിന്നാലെ പ്രായശ്ചിത്ത പ്രാര്‍ഥനയ്ക്കായി ബിജെപി നേതാക്കള്‍ ഡൽഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തുക കൂടി ചെയ്തതോടെ രാമായണ നാടകം കെജ്‌രിവാളിന് തിരിച്ചടിയായി.

ഹരിയാനയുടെ പുത്രനാണ് താനെന്ന് പറഞ്ഞയാളാണ് കെജ്‌രിവാള്‍. പക്ഷേ, യമുനാ നദിയിലെ മാലിന്യത്തില്‍ നിന്ന് തലയൂരാന്‍ അതേ ഹരിയാനയെ കെജ്‌രിവാള്‍ തള്ളിപ്പറഞ്ഞു. യമുനയിലെ മാലിന്യം നീക്കുമെന്ന് പറഞ്ഞാണ് 2020ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. പക്ഷേ, നടപടിയുണ്ടായില്ല. അതേപ്പറ്റിയുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണങ്ങളെ കെജ്‌രിവാള്‍ പ്രതിരോധിച്ചത് കോവിഡിന്റെയും കള്ളക്കേസില്‍ ജയിലില്‍ പോകേണ്ടി വന്നതിന്റെയും ന്യായമുയര്‍ത്തിയായിരുന്നു. യമുനാനദിയില്‍ ഹരിയാന വ്യവസായ മാലിന്യം തള്ളുന്നെന്നും അമോണിയ കലര്‍ത്തുന്നെന്നുമുള്ള മുഖ്യമന്ത്രി അതിഷിയുടെ ആരോപണത്തെ പിന്തുണച്ചതോടെ കഴിഞ്ഞകാലങ്ങളിലെ വാക്കുകളെല്ലാം കെജ്‌രിവാള്‍ മറന്നു. 

ജനങ്ങള്‍ക്ക് കൊടുക്കാനുള്ള വെള്ളത്തില്‍ വിഷം കലര്‍ത്തി ഡല്‍ഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാന നടത്തുന്നതെന്ന കെജ്‌രിവാളിന്റെ പരാമർശം വലിയ കോളിളക്കമുണ്ടാക്കി. ബിജെപിയെയാണ് ഉന്നം വച്ചതെങ്കിലും കെജ്‌രിവാളിന്റെ പാലിക്കാത്ത വാഗ്ദാനവും ഹരിയാന വിമര്‍ശനവും അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മദ്യനയ അഴിമതിക്കേസില്‍ ജയിലിലായപ്പോഴും ജാമ്യത്തിലിറങ്ങി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോഴും കെജ്‌രിവാള്‍ വിശ്വസിച്ചിരുന്നു ഡല്‍ഹിയിലെ ജനം കൈവിടില്ലെന്ന്. പ്രതിപക്ഷമൊന്നാകെ കെജ്‌രിവാളിനായി രംഗത്തെത്തിയപ്പോഴും ഭാര്യ സുനിതയെ രംഗത്തിറക്കിയപ്പോഴും മറിച്ചൊരു ചിന്ത പോലും അദ്ദേഹത്തിനുണ്ടായില്ല. 

മുഖ്യമന്ത്രി സ്ഥാനം അതിഷി മര്‍ലേനയെ ഏല്‍പ്പിച്ച് ബിജെപിക്കെതിരെ പോരാട്ടത്തിനിറങ്ങിയപ്പോഴും ആസന്ന ഭാവിയില്‍ അഗ്‌നിശുദ്ധി വരുത്തി തിരികെയെത്തുന്ന സ്വപ്നം കെജ്‌രിവാളിനുണ്ടായിരുന്നെന്ന് ഉറപ്പ്. തന്നെയും മറ്റ് ആം ആദ്മി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കിയെന്ന പ്രതിച്ഛായയുയര്‍ത്തി ബിജെപിയെ തറപറ്റിക്കാമെന്ന് കെജ്‌രിവാള്‍ കരുതി. എല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബിജെപി ഗിമ്മിക്കുകളാണെന്ന് ജനങ്ങളോട് ആവര്‍ത്തിച്ചു. എന്നാല്‍, അഴിമതി ആരോപണമെന്ന ലേബലില്‍ നിന്ന് പുറത്തുകടക്കാന്‍ കെജ്‌രിവാളിന് കഴിഞ്ഞില്ല. ആരോപണവിധേയരെയെല്ലാം തള്ളി അതിഷിയെ മാത്രം വിജയിപ്പിച്ച് ഡല്‍ഹി കെജ്‌രിവാളിനെ പുറത്താക്കി.

ഇന്‍സര്‍ട്ട് ചെയ്യാത്ത ഷര്‍ട്ടും പോക്കറ്റിലെ സാദാ ബോള്‍പേനയുമായി ഡല്‍ഹിയിലെ ഇടത്തരക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഒരു കുഞ്ഞുനുഷ്യനെ ഇരുകയ്യും നീട്ടി ജനം സ്വീകരിച്ചത് അഴിമതി വിരുദ്ധന്‍ എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. അണ്ണാ ഹസാരെക്കൊപ്പമുള്ള സമരവും മുന്‍കാല പ്രതിച്ഛായയും കെജ്‌രിവാളിന് ബലമായി. ഡല്‍ഹിയുടെ ഭാവി കെജ്‌രിവാളിന്റെ കയ്യില്‍ എന്ന് കണ്ണുമടച്ച് വിശ്വസിച്ചു. ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെ കെജ്‌രിവാളിന് വിജയിക്കാനായതും ഈ വിശ്വാസം കൊണ്ടുതന്നെ. മൂന്നാം വട്ടമായപ്പോഴേക്കും ആ ജനസമ്മതി കുറഞ്ഞുവന്നിരുന്നു. ഡൽഹിയെ നന്നാക്കാന്‍ ഇത്രയും കാലം പോരായിരുന്നോയെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയര്‍ന്നു. 

അതിനെല്ലാമൊടുവിലാണ് ബിജെപി കളമറിഞ്ഞ് കളിച്ചത്. ഡൽഹിമദ്യനയ അഴിമതിയില്‍ തുടങ്ങി ഇക്കഴിഞ്ഞ ബജറ്റ് വരെ ബിജെപി അതിവിദഗ്ധമായി ഉപയോഗിച്ചു. ആഢംബരവസതി ആരോപണം വേറെയും. കെജ്‌രിവാളിന്റെ കോമണ്‍ മാന്‍ ഇമേജ് പൊളിച്ചടുക്കുന്നതില്‍ ബിജെപി വിജയിച്ചു. ശീഷ് മഹല്‍ ആരോപണം കുറച്ചൊന്നുമല്ല കെജ്‌രിവാളിന് വിനയായത്. അധികാരവും പണവും കെജ്‌രിവാളിനെ മാറ്റിമറിച്ചെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവനകള്‍ കൂടിയായതോടെ ചിത്രം സമ്പൂര്‍ണമായി. അനിവാര്യമായ തോല്‍വി കെജ്‌രിവാളിനെ തേടിയെത്തി. തെരഞ്ഞെടുപ്പെന്ന
അഗ്‌നിപരീക്ഷയില്‍ കെജ്രിവാളും പാർട്ടിയും തോറ്റു.

ഇനി അറിയേണ്ടത് കെജ്‌രിവാള്‍ വാക്കുപാലിക്കുമോ എന്നാണ്. ജയിലിലേക്ക് തിരികെപ്പോകുമെന്നൊക്കെ പറയാനെളുപ്പമാണ്, പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമല്ലല്ലോ. അതിഷിയെ മുന്നില്‍നിര്‍ത്തി ബിജെപിക്കെതിരെ പോരാടുകയെന്ന സാധ്യത ബാക്കിയാണ്. കെജ്‌രിവാള്‍ എന്ന അതികായന്‍ ഡൽഹി രാഷ്ട്രീയത്തില്‍ നിന്ന് മാഞ്ഞുകഴിഞ്ഞു, ആം ആദ്മി എന്ന പാര്‍ട്ടിയും ഏറെക്കുറെ അപ്രസക്തമായിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികള്‍ ഇനിയെന്ത് രാഷ്ട്രീയ അത്ഭുതമാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

എന്നാൽ തോൽവികളിൽ നിന്നും പാഠം ഉൾക്കൊണ്ടു കൊണ്ട് കെജ്രിവാൾ തിരിച്ചു വരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും ഉയർന്നുവന്ന നേതാക്കളും പാർട്ടികളും തിരിച്ചു വരുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയൊന്നുമല്ല. 43 ശതമാനം ജനങ്ങളുടെ പിൻതുണ ഇപ്പോഴും ആപ്പിനുണ്ട്. അതുകൊണ്ടുതന്നെ അവരെ അത്ര പെട്ടെന്ന് എഴുതി തള്ളാൻ കഴിയില്ല. രാഷ്ട്രീയത്തിൽ എപ്പോഴും രണ്ടും രണ്ടും നാലാകണമെന്നില്ല.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Kejriwal's election defeat marks a turning point; despite losing, his political future remains uncertain with supporters still hopeful for his comeback.

#DelhiPolitics #Kejriwal #AamAadmiParty #ElectionDefeat #PoliticalComeback #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia