Reaction | പാലക്കാട് രാഹുൽ ഷാഫിയെക്കാൾ ഭൂരിപക്ഷം ഉയർത്തുമെന്ന് കെ സി വേണുഗോപാൽ
● കെ സി വേണുഗോപാൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു.
● 'മുനമ്പം വിഷയത്തിൽ സർക്കാരിൻ്റെ പ്രതികരണം വൈകി'
● 'ഇതു വർഗീയ ശക്തികൾക്ക് മുതലെടുക്കാനുള്ള അവസരമൊരുക്കുന്നതിനാണ്'
കണ്ണൂർ: (KVARTHA) മുനമ്പം വിഷയത്തിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. മുനമ്പം വിഷയത്തിൽ വർഗീയശക്തികൾക്ക് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സൗകര്യമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് എഐസിസി സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തിൽ സർക്കാരിൻ്റെ പ്രതികരണം ഏറെ വൈകിപ്പോയി. ഇതു വർഗീയ ശക്തികൾക്ക് മുതലെടുക്കാനുള്ള അവസരമൊരുക്കുന്നതിനാണ്. ബി.ജെ.പിയുമായി ഈ കാര്യത്തിൽ ഡീലുണ്ടാക്കിയിട്ടുണ്ട്. മണിപ്പുരിൽ കുക്കി ജനവിഭാഗങ്ങൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹത്തിൻ്റെ പാർട്ടിയാണ് രാഷ്ട്രീയ മുതലെടുപ്പിനായി മുനമ്പത്ത് എത്തുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
പാലക്കാട് യു.ഡി.എഫ് മത്സരിക്കുന്നത് ഇരു പാർട്ടികളോടുമാണ്. കഴിഞ്ഞ തവണ ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്. തൊട്ടടുത്ത് തന്നെ എൽ.ഡി.എഫുമുണ്ടായിരുന്നു. ഷാഫിയെക്കാൾ ഭൂരിപക്ഷം ഇക്കുറി രാഹുൽ മാങ്കുട്ടത്തിന് ലഭിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെതിരെ സി.പി.എം ഉയർത്തിയ പെട്ടി വിവാദം പൊട്ടിയിരിക്കുകയാണ്. അതിനെ കുറിച്ചാരും ഇപ്പോൾ മിണ്ടുന്നില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
#KeralaPolitics #Congress #BJP #KCVenugopal #PalakkadElection #KeralaNews