പിഎം ശ്രീയിലെ ഇടനില; മുഖ്യമന്ത്രിക്കുവേണ്ടിയാണ് ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചതെന്ന് സിപിഐയ്ക്ക് ബോധ്യപ്പെട്ടു: കെസി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'മുഖ്യമന്ത്രിയെ പോലൊരാൾ ഇത്തരം നുണ പറയരുത്' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
● കച്ചവടത്തിന് വേണ്ടിയുള്ള 'ഡീലിൻ്റെ ഇടനിലക്കാരാകാൻ യുഡിഎഫ് എംപിമാരെ കിട്ടില്ല'.
● പിഎം ശ്രീ ഉൾപ്പെടെയുള്ള പല പദ്ധതികളിലും സിപിഎം ഇടനില പ്രവർത്തനം നടത്തുന്നുണ്ടെന്നും ആരോപണം.
● സ്വർണ്ണക്കടത്ത് കേസിൽ കോടതി നിരീക്ഷണത്തിലുള്ള ഇഡി അന്വേഷണം തുടരുന്നതിൽ കുഴപ്പമില്ല.
● ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണമാണ് കോൺഗ്രസ് തുടക്കം മുതൽ ആവശ്യപ്പെട്ടത്.
ആലപ്പുഴ: (KVARTHA) പാർലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പ്രഖ്യാപിച്ചു.
പിഎം ശ്രീ കരാറിൽ ഒപ്പിടാൻ ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ, ബ്രിട്ടാസിനെ ന്യായീകരിക്കുകയും യുഡിഎഫ് എംപിമാരുടെ പ്രവർത്തനത്തെ വിമർശിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ ഇത്തരം കാര്യങ്ങളിൽ ഇടപെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
കേരളത്തിന്റെ വികസന ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ യുഡിഎഫ് എംപിമാർ പിന്നാക്കം നിന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കട്ടിയാൽ പരസ്യമായി മാപ്പുപറയാൻ താൻ തയ്യാറാണെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. 'മുഖ്യമന്ത്രിയെ പോലൊരാൾ ഇത്തരം നുണ പറയരുത്,' അദ്ദേഹം ആവശ്യപ്പെട്ടു.
കച്ചവടത്തിന് വേണ്ടിയുള്ള ഡീലിന്റെ ഇടനിലക്കാരാകാൻ യുഡിഎഫ് എംപിമാരെ കിട്ടില്ല. എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നൽകിയ നോട്ടുകൾക്ക് അനുസരിച്ചാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ ഇടനില; സിപിഎമ്മിനെ വിമർശിച്ച് കെസി
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചതെന്ന് ഇപ്പോൾ സിപിഐയ്ക്ക് മനസിലായിക്കാണുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇതുപോലെ പല കാര്യങ്ങളിലും ഇത്തരം ഇടനില പ്രവർത്തനം സിപിഎം നടത്തുന്നുണ്ട്.
പിഎം ശ്രീ, ലേബർകോഡ്, ദേശീയപാതയിലെ അഴിമതി തുടങ്ങി വിവിധ പദ്ധതികളിൽ ഇതേ അന്തർധാര വ്യക്തമാണ്. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ശൂന്യവേളയിലും ചോദ്യോത്തര വേളയിലും ഉന്നയിച്ച കാര്യങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത രൂപം മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഇഡി അന്വേഷണം കോടതി നിരീക്ഷണത്തിൽ വേണം
കോടതി നിരീക്ഷണത്തിലുള്ള ഇഡി അന്വേഷണം നടക്കുന്നതിൽ കുഴപ്പമില്ല, പക്ഷെ അത് സ്വർണ്ണക്കടത്ത് പ്രതികളെ വെള്ളപൂശാനാകരുത്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണമാണ് തുടക്കം മുതൽ കോൺഗ്രസ് ആവശ്യപ്പെട്ടത്. പ്രതികൾക്ക് സംരക്ഷണ കവചം ഒരുക്കുന്നത് മുഖ്യമന്ത്രിയും സർക്കാരുമാണ്.
മാക്‌സിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളാണ് സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായത്. അവർക്കെതിരെ സിപിഎം നടപടി സ്വീകരിച്ചില്ല. അത് കോടതിയുടെ പരിധിയിലുള്ള വിഷയമല്ലല്ലോ? സ്വർണ്ണക്കൊള്ളയിലെ പ്രതികളായ സഖാക്കളെ പൂർണ്ണമായും സംരക്ഷിക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്.
ജയിൽ പോകുന്നത് വലിയ കുഴപ്പമില്ലെന്നാണ് സ്വർണ്ണക്കൊള്ള കേസിൽ അകത്തായ സിപിഎം നേതാക്കളെ ന്യായീകരിക്കാൻ പാർട്ടി സെക്രട്ടറി നിരത്തിയ വാദം. സ്വതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിലല്ല അവരെ അറസ്റ്റ് ചെയ്ത് ജയിലടച്ചതെന്ന് സിപിഎം മറക്കരുത്. ഇതുവരെ അന്വേഷണ പരിധിയിലെത്താത്തവരിലേക്ക് അന്വേഷണം എത്തണം.
ഈ വിഷയത്തിൽ കോടതി നിരീക്ഷണം ഗൗരവമുള്ളതാണ്. ഇനിയും പിടിക്കപ്പെടാൻ കൂടുതൽ പ്രമുഖരുണ്ട്. ഇപ്പോൾ അറസ്റ്റിലായവരുടെ മൊഴികളിൽ അതുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ വലിയ പ്രതികളാരെന്ന് കേരളീയ സമൂഹത്തിന് അറിയണം. ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടക്കുന്നത് കൊണ്ടുമാത്രമാണ് ഇത്രയെങ്കിലും പുറത്തുവന്നത്. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ട്. അതിനുള്ള അന്വേഷണമാണ് എസ്ഐടി നടത്തേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മറ്റു വിഷയങ്ങൾ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചത് സിപിഎമ്മിന് ചിന്തിക്കാൻ പോലും കഴിയാത്ത നടപടിയാണെന്ന് പറഞ്ഞ വേണുഗോപാൽ, കോൺഗ്രസിൽ നിന്ന് പുറത്താക്കുകയെന്നത് 'എക്‌സ്ട്രീം നടപടി'യാണെന്നും കൂട്ടിച്ചേർത്തു.
ഇൻഡിഗോ വിമാനയാത്രയിലെ പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്നത് സർക്കാർ അന്വേഷിക്കണം. ഈ വിഷയത്തിൽ ഇൻഡിഗോ നിലപാട് വ്യക്തമാക്കണമെന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
കായംകുളത്ത് ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും വെട്ടിയ സംഭവം അതിദാരുണമാണ്. മയക്കുമരുന്ന് ലോബിക്ക് സ്വൈര്യ വിഹാരം നടത്താൻ അവസരം നൽകിയതിന്റെ ഫലമാണിത്. സർക്കാർ എന്തുകൊണ്ട് ശക്തമായ നടപടി എടുക്കുന്നില്ല. ലഹരിമാഫിയയെ പിടിച്ചുകെട്ടാനുള്ള ഇച്ഛാശക്തി സർക്കാർ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച കെസി വേണുഗോപാലിന്റെ വെല്ലുവിളിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക.
Article Summary: KC Venugopal challenges the CM to a public debate on UDF MPs' performance and criticizes CPM's 'middleman' role in deals like PM Shri.
#KCVenugopal #KeralaPolitics #UDF #CPM #PMSHRI #GoldSmuggling
