Black Magic | കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതായ ആരോപണത്തില്‍ വിവാദം പുകയുന്നു
നിര്‍ണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
ഡെല്‍ഹിയിലെ നര്‍മ്മദ ഫ്‌ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തു.
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ വീണ്ടും കൂടോത്ര വിവാദം പുകയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ കൂടോത്രമെന്ന ആരോപണമാണ് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂര്‍ - തലശ്ശേരി റോഡിലെ നടാലിലെ വസതിയില്‍നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായ ആരോപണത്തില്‍ വിവാദം പുകയുന്നു pic.twitter.com/HxzcWPr89m
— kvartha.com (@kvartha) July 4, 2024
എംപിയെന്ന നിലയില്‍ പൊലീസ് സുരക്ഷയുള്ള ഈ വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള നിര്‍ണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്.
ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനിടയിലും പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡെല്‍ഹിയിലെ നര്‍മ്മദ ഫ്‌ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തതായി പറയുന്നുണ്ട്. സംഭവം വിവാദമായെങ്കിലും കെ സുധാകരന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവം കോണ്‍ഗ്രസിനകത്തും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.