Criticism | കെ വി തോമസിനെതിരെ വിരൽ ചൂണ്ടിയ ജി സുധാകരൻ തന്നെ പിണറായിയുടെ മുന്നിൽ നട്ടെല്ല് പണയം വെക്കാത്ത ഒരൊറ്റ സഖാവ്


● പ്രതിമാസ വരുമാനത്തെയും ആഢംബര ജീവിതത്തെയും വിമർശിച്ചു.
● സി.പി.എം അണികൾക്കിടയിൽ ഇത് വലിയ ചർച്ചയായി.
● സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ നേതാക്കന്മാർ ധൂർത്ത് അടിക്കുന്നു.
സോണി കല്ലറയ്ക്കൽ
(KVARTHA) സംസ്ഥാന പ്രതിനിധിയായി കേന്ദ്രത്തിൽ സംസ്ഥാന സർക്കാർ നിയമിച്ചിരിക്കുന്ന പ്രൊഫസർ കെ.വി തോമസ് ഒരു മാസം കൈപ്പറ്റുന്ന ശമ്പളവും ആനുകൂല്യങ്ങളും ചോദ്യം ചെയ്ത് മുൻ മന്ത്രിയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായിരുന്ന ജി സുധാകരൻ രംഗത്ത് എത്തിയത് വലിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. പേര് കെ.വി തോമസ്. യാത്ര ചിലവെന്ന് പറഞ്ഞ് ഒരു മാസം എഴുതി എടുത്തത് 12 ലക്ഷം രൂപ. 3 ലക്ഷം ശമ്പളം വേറെ. കോളേജ് പ്രൊഫസർ പെൻഷൻ വേറെ + എം.എൽ.എ പെൻഷൻ, എം.പി പെൻഷൻ. ഇതൊക്കെ പുഴുങ്ങി തിന്നുവോ?. എന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരൻ ചോദിച്ചത്.
അപ്പോൾ പൊതുജനങ്ങൾക്ക് മാത്രമല്ല സി.പി.എം സഖാക്കൾക്കും മനസ്സിലായി മുഖ്യമന്ത്രി പിണറായി വിജയന് മുൻപിൽ നട്ടെല്ല് പണയം വെയ്ക്കാത്ത ഒറ്റ നേതാവേ സി.പി.എമ്മിൽ ഉള്ളൂ, അത് സഖാവ് ജി സുധാകരൻ മാത്രമാണെന്ന്. അദ്ദേഹത്തെ പിന്തുണച്ച് ധാരാളം പേരാണ് സോഷ്യൽ മീഡിയയിലും മറ്റും സജീവമായി എത്തിയത്. അതിൽ ഒരാൾ കുറിച്ച വാചകമാണ്, 'കെ.വി തോമസിനെതിരെ വിരൽ ചൂണ്ടിയ ജീ സുധാകരൻ തന്നെ പിണറായി തമ്പ്രാൻ്റെ മുന്നിൽ നട്ടെല്ല് പണയം വെക്കാത്ത ഒരൊറ്റ സഖാവ്', എന്നുള്ളത്. ആശാവർക്കർമാർ മുതൽ സാധാരണക്കാർ വരെ ഈ വെയിലത്ത് കഞ്ഞിക്കുവേണ്ടി സമരത്തിൽ നിൽക്കുമ്പോഴാണ് ഈ ധൂർത്ത് എന്നോർക്കണം.
അതിനിടെ, യാത്രബത്ത 11 ലക്ഷമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശം തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും തനിക്കും കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ക്കും വേണ്ടിയാണെന്ന് കെ.വി. തോമസ് പ്രതികരിക്കുകയുണ്ടായി. പ്രതിമാസം 30 ലക്ഷം രൂപ തനിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് തെളിയിച്ചാല്‍ 25 ലക്ഷം ജി സുധാകരന് നല്‍കാമെന്നും കെ വി തോമസ് അതിനുമുമ്പ് പറഞ്ഞിരുന്നു
പണ്ടൊരു പാവം മധുവിനെ അരി മോഷ്ടിച്ചതിന് തല്ലി കൊന്നത് മലയാളികൾ മറക്കരുത്. മധു കട്ടത് അരിയാണ്. ഇദ്ദേഹത്തെപോലുള്ളവർ മുടിപ്പിച്ചു വെളുപ്പിച്ചുകൊണ്ടിരിക്കുന്നത് സംസ്ഥാനത്തിൻ്റെ ഖജനാവാണ്. അതാണ് ഇവിടെയുള്ള വ്യത്യാസം. ജി സുധാകരൻ എന്ന നേതാവ് ഇക്കാര്യത്തിൽ ചോദിച്ചത് ശരിയല്ലേ? തോമസിനെ ഇങ്ങിനെ തീറ്റി പോറ്റിയിട്ട് കേരളത്തിന് എന്ത് ഗുണം കിട്ടി ഇതുവരെ എന്ന് പൊതുസമൂഹം ചിന്തിക്കേണ്ട കാര്യം തന്നെയാണ്. ഒരു ക്ലാർക്കിനെ ഡൽഹിയിൽ നിയമിച്ചാൽ ഇത്രയും ചെലവ് വരില്ലല്ലോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാകും. കാട്ടുകൊള്ളയല്ലെ ഇവിടെ നടക്കുന്നത്.
ഇനി കെ.വി.തോമസ് ഒരോ മാസവും കൈപ്പറ്റുന്ന തുകയുടെ കണക്കുകളിലേയ്ക്ക് കടക്കാം. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഓണറേറിയം നൽകുന്നത്. സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്ന് പറയുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കിയാല്‍ അവസാനം വാങ്ങിയ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. എന്നാല്‍ ഓണറേറിയം നല്‍കുമ്പോഴാവട്ടെ കെ വി തോമസിന് എംപി പെന്‍ഷന്‍ വാങ്ങുന്നതിന് തടസമില്ല.
22 വര്‍ഷക്കാലം പാര്‍ലമെന്റ് മെമ്പറായി പ്രവര്‍ത്തിച്ച കെ വി തോമസിന് 59,000 രൂപയാണ് എംപി പെന്‍ഷന്‍. ഇതിന് പുറമെ 30 വര്‍ഷത്തോളം കോളേജ് പ്രൊഫസറായി പ്രവത്തിച്ചതിന്റെ പെന്‍ഷന്‍ വേറെയും. ശരാശരി 30 വര്‍ഷം അധ്യാപന കാലയളവുള്ള ഒരു കോളേജ് പ്രൊഫസര്‍ക്ക് 83,000 രൂപ വരെ പെന്‍ഷനായി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കണക്ക്. അഞ്ച് വര്‍ഷം തികയ്ക്കുന്ന പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് 25,000 രൂപയാണ് അടിസ്ഥാന പെന്‍ഷന്‍. അഞ്ചില്‍ കൂടുതല്‍ സേവനമനുഷ്ഠിക്കുന്ന ഓരോ വര്‍ഷത്തിനും 2000 രൂപ അധികമായി ലഭിക്കും. 22 വര്‍ഷം എംപിയായ കെ വി തോമസിന് ഈ കണക്ക് പ്രകാരം മാത്രം 59,000 രൂപയാണ് എംപി പെന്‍ഷനായി ലഭിക്കുന്നത്.
എംപിയും എംഎല്‍എയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് പെന്‍ഷനും ഒന്നിച്ച് കൈപ്പറ്റാന്‍ കെ വി തോമസിന് കഴിയില്ല. എന്നാല്‍ കോളേജ് പ്രൊഫസറുടെ പെന്‍ഷന്‍ വാങ്ങുന്നതിന് തടസമില്ല. അങ്ങനെ മൊത്തം ഇദ്ദേഹത്തിന്റെ വരുമാനം 242000 രൂപ. കൂടാതെ സംസ്ഥാന സർക്കാരിൻ്റെ ഒരു ലക്ഷം രൂപയും. തോമസ് മാഷ് നേരത്ത തുറന്നുപറഞ്ഞതാണ്, വികസനത്തിൻ്റെ കാര്യത്തിൽ തനിക്ക് രാഷ്ട്രീയമില്ല എന്ന്. കോൺഗ്രസിൽ നിന്നു കൊണ്ട് വികസിക്കാവിന്നിടത്തോളവും കൂടുതലും വികസിച്ചു. ഒരു തുടർവികസനത്തിന് ഇനി കോൺഗ്രസിൽ അവസരമില്ല എന്നു മനസ്സിലാക്കിയ കെ.വി. തോമസ്, അങ്ങനെ സി.പി.എമ്മിൽ എത്തുന്നു.
കെ-റെയിൽ വഴിയുള്ള വികസനം സ്വപ്നം കണ്ടു നടക്കുന്ന പിണറായിക്ക്, തൻ്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഇയാൾ ഉതകും എന്നു തോന്നി ഡൽഹിയിൽ സ്ഥാപിച്ചു. അവിടെ എത്തിയപ്പോൾ ആദ്യം ചെയ്തത്, തൻ്റെ നിലവിലുള്ള (കോൺഗ്രസിൽ നിന്നുകൊണ്ടു നേടിയ) വികസനത്തെ ബാധിക്കാത്ത രൂപത്തിലുള്ള വികസനമാവണം സർക്കാരിൽ നിന്നുണ്ടാവേണ്ടത് എന്ന ആവശ്യമാണ്. അങ്ങനെ തോമസിന് ഓണറേറിയം നൽകാൻ തീരുമാനമായി. കോൺഗ്രസ് പാർട്ടിയുടെ കേന്ദ്രമന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉൾപ്പെടെ എല്ലാ പ്രമുഖ സ്ഥാനങ്ങളും ലഭിച്ച ശേഷം അവിടെ നിന്ന് പടിയിറങ്ങി സി.പി.എമ്മിൽ എത്തിയ ആളാണ് തോമസ് മാഷ്. ഇതിൻ്റെ നീരസം പല സി.പി.എം അനുഭാവികൾക്കും ഉണ്ട്. അതാണ് തലമൂത്ത സഖാവ് ജി സുധാകരൻ തുറന്നടിച്ചത്.
ജി സുധാകരൻ്റെ അഭിപ്രായത്തെ സി.പി.എം പ്രവർത്തകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഇതുമായിബന്ധപ്പെട്ട് ഒരാൾ കുറിച്ച് കുറിപ്പ് ഇങ്ങനെയായിരുന്നു: 'സഖാവ് സുധാകരനെ ഇങ്ങനെ ചോദിക്കാനാകൂ. കെ.വി തോമസ്, വീണാ ജോർജ് ഇവറ്റകളൊടൊക്കെയാണ് പിണറായി വിജയനും, ഗോവിന്ദനുമൊക്കെ താല്പര്യം. പാർട്ടിയ്ക്കു വേണ്ടി കഷ്ടപ്പെട്ട പച്ചയായ മനുഷ്യരെ പാർട്ടിയ്ക്ക് വേണ്ട. മിച്ചഭൂമി സമരത്തിനായി സ്കൂൾ കുട്ടികൾ ഉൾപ്പെടെ കൊണ്ടുപോയി പോലീസിന്റെ ലാത്തി അടി വാങ്ങിത്തന്ന പാർട്ടിയാണിത്. ഏറ്റവും അവസാനമായി കെ കരുണാകരൻ ഉണ്ടാക്കിയ സ്വിമ്മിങ് പൂളിനെതിരെ നടത്തിയ സമരം എത്ര സഖാക്കളെയാണ് തല്ല് കൊള്ളിച്ചത്.
ഞാൻ ഇന്നലത്തെപ്പോലെ ഓർക്കുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ നാല് വശങ്ങളിൽ നിന്നുമായി എത്തിയ സമര ഭടൻമാരെ ഓവർ ബ്രിഡ്ജിന് സമീപത്ത് വച്ച് അതിക്രൂരമായി മർദിക്കുന്നു. ആ സമയം സഖാവ് എം.വി രാഘവൻ സെക്രട്ടേറിയറ്റ് നടയിൽ സമരം ഉദ്‌ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു. ഇതറിഞ്ഞ സഖാവ് എം.വി.ആർ കിറും കിളിയൻ പരുന്തിനെ തുരത്തും മാതിരി അവിടെ ഓടിയെത്തി മർദ്ദനത്തിൽനിന്നും സഖാക്കളെ രക്ഷിച്ച കാഴ്ച കണ്ണിനെ ഈറനണിയിച്ചിരുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചത് ആ സഖാക്കളുടെ ശരീരത്തിൽ നിന്നു ഒഴുകിയ ചോരയിൽ നീന്തി തുടിക്കുകയാണ് യാതൊരു ഉളുപ്പുമില്ലാതെ പിണറായി വിജയൻ', ഇതാണ് ആ കുറിപ്പ്.
സി.പി.എം അണികൾക്ക് പോലും അമർഷം തോന്നുന്ന കാര്യങ്ങളാണ് ഇപ്പോൾ ആ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ശരിക്കും സാധാരണ ജനം ജീവിക്കാൻ നട്ടം തിരിയുമ്പോൾ ഒരു പണിയും ചെയ്യാതെ സർക്കാരിൽ നിന്നും ഭീമമായ ഒരു തുക ശമ്പളമെന്ന പേരിൽ കൈപ്പറ്റി സുഖിക്കുന്ന കെ.വി തോമസിനെപ്പോലുള്ളവർ ഇവിടെ മറ്റുള്ളവരെ നോക്കി കൊഞ്ഞനം കാട്ടി പരിഹസിക്കുകയാണ്. അത് ഒരു സഖാവെങ്കിലും മനസിലാക്കിയത് നന്ന് . ഇതേ നാട്ടിൽ തന്നെയാണ് ഒരു പാവം സ്ത്രീ ജീവിക്കാൻ ഗതിയില്ലാതെ രണ്ട് പെൺമക്കളെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവിനൊടുക്കിയത്. ആരോട് പറയാൻ. കഷ്ടം..
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
G. Sudhakaran criticized K. V. Thomas’ salary and allowances, highlighting how this raised concerns among CPM members and the public. Sudhakaran's allegations led to widespread debate.
#PinarayiVijayan #CPM #KeralaPolitics #GovtSalary