Criticism | 'അന്ന് പിന്നിൽ നിന്ന് ബലാൽക്കാരം ഷർട്ട് വലിച്ച് സി എച്ച് പിടിച്ചിരുത്തി'; മുസ്ലിം ലീഗിന് പഴയൊരു ചരിത്രം ഓർമിപ്പിച്ച് കെ ടി ജലീലിന്റെ വിമർശനം
● മുസ്ലിം ലീഗ് പ്രസിഡന്റ് പങ്കെടുത്തതിനെയാണ് ജലീൽ വിമർശിച്ചത്.
● ലീഗിന്റെ പഴയൊരു സംഭവം ഉദ്ധരിച്ചുകൊണ്ടാണ് ജലീൽ തന്റെ വാദം ഉന്നയിച്ചത്.
● കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ഒരു ലീഗ് സമ്മേളനത്തെക്കുറിച്ചാണ് ജലീൽ പരാമർശിച്ചത്.
മലപ്പുറം: (KVARTHA) വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പണത്തിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അനുഗമിച്ചതിനെ വിമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ. പാണക്കാട്ടെ കുട്ടികളെ തേടി എല്ലാ നേതാക്കളും എത്തിയിട്ടും ഒരാളുടെയും നാമനിർദേശപത്രിക സമർപ്പിക്കാൻ ലീഗ് പ്രസിഡണ്ടുമാർ അനുഗമിച്ചതായി അറിവില്ലെന്ന് ജലീൽ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു.
കോൺഗ്രസുകാർ ബാഫഖി തങ്ങളെ വിമർശിച്ച് നടത്തിയ പ്രചാരണത്തിന് മറുപടിയായി തിരൂരിൽ നടന്ന ലീഗ് സമ്മേളനം വിവരിച്ചാണ് ജലീൽ വിമർശനം ഉണനയിച്ചത്. സിഎംടി അബൂബക്കർ എന്ന യുവതുർക്കി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പ്രസംഗം അശ്ലീലമായ രീതിയിലേക്ക് നീങ്ങിയപ്പോൾ സി.എച്ച് മുഹമ്മദ് കോയ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ സി.എച്ച്, ലീഗിന് ഒരു സംസ്കാരമുണ്ടെന്നും അത് ഇസ്ലാമിൻറെ സംസ്കാരമാണെന്നും വ്യക്തമാക്കിയെന്നും ജലീൽ പറഞ്ഞു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'സി.എച്ചും ലീഗിൻ്റെ സംസ്കാരവും!
'ബാഫഖി തങ്ങളെ മൊട്ടത്തലയിൽ അയ്യാറട്ട് മുളപ്പിക്കും' എന്ന് കോൺഗ്രസ്സുകാർ തെരുവിൽ മുദ്രാവാക്യം വിളിച്ചു നടന്ന കാലം. അന്നാണ് തിരൂർ ഗുഡ്സ്ഷഡ് റോഡിൽ വെച്ച് ലീഗിൻ്റെ ഒരു മഹാസമ്മേളനം നടന്നത്. മുഖ്യപ്രഭാഷകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബാണ്. സി.എച്ചിനെ വേദിയിലിരുത്തി തിരൂരിലെ പഴയ ലീഗ് നേതാവ് സി.എം.ടി അബൂബക്കർ എന്ന യുവതുർക്കി സ്വാഗതം പറയുകയാണ്. ലീഗ് വേദികളിൽ സി.എം.ടി പാറിപ്പറന്ന് പ്രസംഗിക്കുന്ന സമയം. ബാഫഖി തങ്ങളെ വിമർശിച്ച് മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ്സിനോടുള്ള ദേഷ്യം മുഴുവൻ പുറത്തെടുത്ത് സി.എം.ടി കത്തിക്കയറി. സി.എച്ച് എല്ലാം കേട്ട് വേദിയിൽ ചിരിതൂകി ഇരുന്നു.
പെട്ടന്നാണ് സി.എം.ടിക്ക് ട്രാക്ക് തെറ്റിയത്. 'ബാഫഖി തങ്ങളെ ഓമന തലയിൽ അയ്യാറട്ട് മുളപ്പിച്ചാൽ, ശ്രീമതി ഗാന്ധിയുടെ പാവാട.....'അത്രയേ ജനം കേട്ടുള്ളൂ. സി.എം.ടിയെ പിന്നിൽ നിന്ന് ബലാൽക്കാരം ഷർട്ട് വലിച്ച് സി.എച്ച് പിടിച്ചിരുത്തി. മൈക്കിന് മുന്നിൽ എഴുന്നേറ്റ് നിന്ന് സി.എച്ച് പ്രസംഗം തുടങ്ങി. എന്തെന്നറിയാതെ ജനം അന്തംവിട്ടിരുന്നു. കണ്ണും കാതും കൂർപ്പിച്ച് ലീഗണികൾ സി.എച്ചിൻ്റെ വാക്കുകൾക്ക് കാതോർത്തു. ഒന്നും സംഭവിക്കാത്ത പോലെ സി.എച്ച് പ്രസംഗം ആരംഭിച്ചു. സദസ്സ് എല്ലാം മറന്ന് ആ വാഗ്വിലാസത്തിൽ ലയിച്ചു. പ്രസംഗമദ്ധ്യെ സി.എച്ച് പറഞ്ഞു: 'ലീഗിന് ഒരു സംസ്കാരമുണ്ട്. ആ സംസ്കാരം ഇസ്ലാമിൻ്റെ സംസ്കാരമാണ്. അതുവിട്ട് ഒരിഞ്ച് പോലും ആരും മുന്നോട്ടു പോകരുത്'. കേട്ടവർക്ക് കാര്യം പിടികിട്ടി. തൻ്റെ നേതാവ് പറഞ്ഞതിൻ്റെ ആന്തരാർത്ഥം സി.എം.ടിക്കും ബോദ്ധ്യമായി. ലീഗ് സമ്മേളനം ശുഭകരമായി സമാപിച്ചു. ഏതാനും ദിവസം മുമ്പ് നടന്ന മലപ്പുറത്തെ ലീഗ് സമ്മേളനം കഴിഞ്ഞപ്പോൾ പഴയ സംഭവം വെറുതെ ഒന്ന് ഓർത്തുപോയതാണ്.
ലീഗിൻ്റെ കൊടി പിടിക്കാൻ അനുവാദമില്ലാത്ത ഘോഷയാത്രയുടെ മുന്നിലെ വാഹനത്തിൽ തിക്കിത്തിരക്കി ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ നിന്നത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി. പാണക്കാട്ടെ കുട്ടികളെ തേടി എല്ലാ നേതാക്കളും കൊടപ്പനക്കൽ എത്തിയിട്ടേയുള്ളൂ. ഒരാളുടെയും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇന്നോളം ലീഗ് പ്രസിഡണ്ടുമാർ അനുഗമിച്ചതായി അറിവില്ല. ഇരിക്കുന്ന കസേരയുടെ മഹത്വം പുതുതലമുറക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാൻ ഒരു പഴയ ലീഗുകാരന് ന്യായമായും അവകാശമുണ്ടല്ലോ?
#KeralaPolitics #MuslimLeague #Congress #PriyankaGandhi #KTJaleel #Election