Demand | വയോധികര്‍ക്ക് സൗജന്യ ചികിത്സ; ആയുഷ്മാന്‍ വയ വന്ദന യോജന സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ സുരേന്ദ്രന്‍

 
K Surendran demands immediate implementation of Ayushman Bharat Yojana in Kerala
K Surendran demands immediate implementation of Ayushman Bharat Yojana in Kerala

Photo Credit: Facebook/K Surendran

● പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
● കാര്‍ഡുകളുമായെത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിച്ചിട്ടില്ല.
● പാവപ്പെട്ട കുടുംബങ്ങളിലുള്ളവരോട് കടുത്ത ദ്രോഹം.

തിരുവനന്തപുരം: (KVARTHA) 70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സാമ്പത്തിക ഭേദമന്യേ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ വരുന്ന ആയുഷ്മാന്‍ വയ വന്ദന യോജന സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഈ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ട് നാളുകളായി, കാര്‍ഡുകളുമായി ആശുപത്രികളില്‍ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയക്കുകയാണ്.

മുന്‍പ് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജനയുടെ ( കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ) യുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ 70 വയസ്സ് കഴിഞ്ഞവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്താല്‍ പഴയ സൗകര്യം നഷ്ടപ്പെടുമെന്ന സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട കുടുംബങ്ങളിലെ വയോധികരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിലുള്ള പദ്ധതിയെ ഞെരിച്ചു കൊല്ലുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പൈസ നല്‍കാത്തതിനാല്‍ എം. പാനല്‍ ചെയ്ത ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയില്‍ നിന്നും പിന്മാറി കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും - സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഇത്തരം രോഗികള്‍ക്ക് മരുന്നും ശസ്ത്രക്രിയക്കും മറ്റും ആവശ്യമായ ഉപകരണങ്ങളും പുറമെ നിന്നും പൈസ നല്‍കി വാങ്ങേണ്ടുന്ന അവസ്ഥയാണ്. ഒരര്‍ത്ഥത്തില്‍ ഈ പദ്ധതിയുടെ പ്രയോജനം അര്‍ഹരായ രോഗികള്‍ക്ക് ലഭിക്കുന്നില്ല എന്നു സാരം. 

2019 ല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 60-40 അതുപാതത്തില്‍ പ്രീമിയം നല്‍കുന്ന വിധം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ( KASP) എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയെ നടത്തിപ്പുകാരായി നിശ്ചയിച്ച് കേരളത്തില്‍ ഈ പദ്ധതിക്ക് തുടക്കമിട്ടു. കേന്ദ്ര വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രീമിയം നല്‍കാത്തതു മൂലം റിലയന്‍സ് പദ്ധതിയില്‍ നിന്നും പിന്മാറി. പിന്നെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് തുക കൈമാറുന്ന രീതിയിലായി. കോടി കണക്കിന് രൂപയാണ് . സര്‍ക്കാര്‍ ഇതില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്.
 
2023 നവംബര്‍ 30 വരെ സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരം 54,62,144 ആശുപത്രി അഡ്മിഷനുകളിലൂടെ 5565 കോടി രൂപയുടെ ചികിത്സാ സൗജന്യമാണ് ലഭിച്ചത്. ഇത് ദേശീയ ശരാശരിയെക്കാള്‍ ബഹുദൂരം മുന്നിലുമാണ്. 

സംസ്ഥാനത്തെ ഇത്രയേറെ പാവപ്പെട്ടയാളുകള്‍ക്ക് പ്രയോജനകരമായ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ സ്പനപദ്ധതിയെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ബിജെപി ശക്തമായി നേരിടുമെന്നും കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

#KeralaPolitics #AyushmanBharat #HealthInsurance #BJP #KSurendran #SeniorCitizens

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia