കെ സുധാകരന് സ്വന്തം തട്ടകത്തും അവഗണന? കോൺഗ്രസ് പോസ്റ്റർ വിവാദം കണ്ണൂരിൽ പുകയുന്നു!


● കെ.പി.സി.സി. അധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി.
● സുധാകരൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്ത്.
● പ്രതിഷേധത്തെ തുടർന്ന് പുതിയ പോസ്റ്റർ ഇറക്കി.
● നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിഷയവും അതൃപ്തിക്ക് കാരണം.
കണ്ണൂർ: (KVARTHA) മുൻ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽപ്പോലും കെ.സി. വേണുഗോപാൽ - വി.ഡി. സതീശൻ സഖ്യം പിടിമുറുക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. തൻ്റെ സ്വാധീന കേന്ദ്രത്തിൽ പോലും സുധാകരനെ നിർവീര്യമാക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ വിവാദം.
കണ്ണൂരിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ നിന്ന് മുൻ കെ.പി.സി.സി. അധ്യക്ഷനും എം.പിയുമായ കെ. സുധാകരനെ ഒഴിവാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജൂലായ് 14-ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ കെ.പി.സി.സി. നിർദ്ദേശപ്രകാരം നടക്കുന്ന ‘സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ. സുധാകരന്റെ ചിത്രം ഇല്ലാത്തതാണ് സുധാകരൻ അനുകൂലികളെ ചൊടിപ്പിച്ചത്.
കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരുടെ ചിത്രങ്ങൾ വലുതായും, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്, പി.സി. വിഷ്ണുനാഥ്, അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചിത്രങ്ങൾ ചെറുതായും പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കണ്ണൂർ എം.പി. ആയിരുന്നിട്ടും കെ. സുധാകരനെ ബോധപൂർവം ഒഴിവാക്കിയെന്നാണ് സുധാകരൻ അനുകൂലികൾ ആരോപിക്കുന്നത്.
ഇതിനെതിരെ സുധാകരന്റെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ളവർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ‘പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയാലും കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ഒഴിവാക്കാനാകില്ല’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പഴയ പോസ്റ്റർ പിൻവലിക്കുകയും, പുതിയ പോസ്റ്റർ കണ്ണൂർ ഡി.സി.സി. പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ പോസ്റ്ററിൽ ദേശീയ നേതാക്കൾക്കൊപ്പം സുധാകരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂലായ് 14-ന് നടക്കുന്ന സമരസംഗമം പരിപാടിയുടെ പോസ്റ്ററിനെ ചൊല്ലിയാണ് ഈ പ്രതിഷേധം ഉയർന്നത്. കെ. സുധാകരൻ കണ്ണൂരിലെ കോൺഗ്രസുകാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്നും, അദ്ദേഹത്തിന്റെ ജില്ലയിൽ പാർട്ടിയുടെ സമരപരിപാടി നടക്കുമ്പോൾ പോസ്റ്ററിൽ നിന്ന് ആ മുഖം ഒഴിവാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം, പക്ഷെ കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ളവർ ആരും ജനിച്ചിട്ടില്ലെന്നുമായിരുന്നു സുധാകരൻ അനുകൂലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യപരമായ കാരണങ്ങളാൽ തോട്ടട നടാലിലെ വീട്ടിൽ ചികിത്സയിലാണ് കെ. സുധാകരൻ ഇപ്പോൾ. കെ.പി.സി.സി. അധ്യക്ഷ പദവി നഷ്ടപ്പെട്ടതിന് ശേഷം കോൺഗ്രസിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് സുധാകരൻ എന്നൊരു വാദവും നിലവിലുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിനെ കൂടെ കൂട്ടണമെന്ന സുധാകരന്റെ വാദവും പാർട്ടി നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
കെ. സുധാകരനോടുള്ള ഈ അവഗണനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: K Sudhakaran excluded from Congress poster in Kannur, sparking controversy.
#KeralaCongress #KSudhakaran #PosterControversy #KannurPolitics #CongressInternal #GroupPolitics