Judgment | ആത്മാഭിമാനത്തിന് മുറിവേറ്റ മനുഷ്യൻ്റെ ജീവത്യാഗത്തിനൊപ്പം ചേർന്ന് നിന്ന് നീതി പീഠം; ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയത് ചരിത്ര വിധി


● ദിവ്യയുടെ പ്രവർത്തികൾ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന നിഗമനത്തിലെത്തി.
● രാഷ്ട്രീയ സ്വാധീനം സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചു.
● കേസിൽ ഗൗരവമായ തെളിവുകൾ ഉണ്ടെന്നും കോടതി കണ്ടെത്തി.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA ) അനീതിക്ക് ഇരയായവർക്ക് പ്രത്യാശയേകുന്നതാണ് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി. കണ്ണൂർ എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിൽ ഒന്നാം പ്രതിയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ആഴത്തിലുള്ള വിശകലനവും യുക്തിഭദ്രതയും ചേർന്നുള്ള നീതിയുടെ പക്ഷത്തോട് ചേർന്നുനിൽക്കുന്നതാണ്.
പി പി ദിവ്യയ്ക്ക് എതിരെ ഗൗരവതരമായ കണ്ടെത്തലുകൾ
സാധാരണ പുറപ്പെടുവിക്കാറുള്ള മുൻകൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. തന്നെ കണ്ണൂർ കലക്ടർ ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. പൊതുപ്രവർത്തകയായ താൻ അഴിമതിക്ക് എതിരെ കർശന നിലപാട് എടുക്കുന്നയാളാണ്. തീർത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗമെന്നായിരുന്നു ദിവ്യയ്ക്കായി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
സമൂഹത്തിനു മുന്നിൽ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത് തുടങ്ങിയ ദിവ്യയ്ക്കായി സമർപ്പിച്ച ഓരോവാദങ്ങളും കോടതി എണ്ണിയെണ്ണി തള്ളുകമായിരുന്നു. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങിൽ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശേരി സെഷൻസ് കോടതി ജഡ്ജ് കെ ടി നിസാർ അഹമ്മദ് ഇക്കാര്യത്തിൽ പ്രൊസിക്യൂഷൻ അവതരിപ്പിച്ച വാദങ്ങളാണ് അംഗീകരിച്ചത്.
വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ സഹപ്രവർത്തകർക്ക് മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്നും ജഡ്ജി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ ടി വി പ്രശാന്ത് എഡിഎമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഗംഗാധരൻ എന്ന മറ്റൊരു പരാതിക്കാരനെപ്പറ്റി ദിവ്യ പറയുന്നുണ്ട്. എന്നാൽ, ആ പരാതിയിൽ നവീൻ ബാബു അഴിമതി കാട്ടിയെന്ന ആരോപണമേ ഇല്ലെന്ന കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ്റെ വാദമാണ് കോടതി അംഗീകരിച്ചത്.
തൻ്റെ പ്രസംഗം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചതല്ലെന്നും അതിനാൽ പ്രേരണാ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ദിവ്യയുടെ അഭിഭാഷകൻ്റെ മറ്റൊരു വാദം. എന്നാൽ പ്രസംഗവും അതെ തുടർന്നുണ്ടായ സംഭവങ്ങളുമാണ് മണിക്കൂറുകൾക്കുള്ളിൽ നവീന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടി ആ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്സസ് അരുൺ കുമാർ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് മുൻകൂർ ജാമ്യം നൽകുമ്പോൾ കണക്കിലെടുക്കേണ്ട പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയായ പി പി ദിവ്യ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചിട്ടുണ്ട്. പി.പി ദിവ്യയ്ക്കായി ഹാജരായ സി.പി.എം സഹയാത്രികനായ അഡ്വ. കെ. വിശ്വൻ ഉന്നയിച്ച പല വാദമുഖങ്ങളും മുൻകൂർ ജാമ്യമെന്ന കടമ്പ കടക്കുന്നതിന് സഹായകകരമായില്ല ഒന്നര മണിക്കൂർ ഈ കാര്യത്തിൽ വാദിച്ചുവെങ്കിലും കോടതിയുടെ അചഞ്ചലമായ തീരുമാനമായിരുന്നു ഇരകൾക്കൊപ്പം നിൽക്കുകയെന്നത്.
വാദിഭാഗത്തിനായി നീതിയുക്തമായി പബ്ലിക് പ്രൊസിക്യൂട്ടർ കെ അജിത്ത് കുമാർ മുൻകൂർ ജാമ്യാപേക്ഷ അതിശക്തമായി എതിർത്തതും സഹായകരമായി. നവീൻ ബാബുവിൻ്റെ കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ വിഷയത്തിൻ്റെ മാനുഷികവശം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് മുൻകൂർജാമ്യ ഹർജി തള്ളാനുള്ള വഴി തുറന്നു. ആത്മാഭിമാനത്തിന് മുറിവേറ്റ ഒരു മനുഷ്യൻ നിശബ്ദമായി ജീവനൊടുക്കിയതിൻ്റെ വൈകാരിക അംശം ഒട്ടും ചോർന്നുപോവാതെ ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന പ്രാധാന്യവും ഈ കോടതി വിധിയിലുണ്ട്.
#Kerala #justice #court #suicide #bail #political