MV Nikesh Kumar | കണ്ണൂര്‍ സിപിഎമ്മില്‍ ഇനി എംവി നികേഷ് കുമാര്‍ പുതിയ മുഖം; പാര്‍ടി ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്തും


നികേഷിനായി പാര്‍ടി ചില ഓഫറുകളും വെച്ചതായി സൂചനയുണ്ട്.
നിലവില്‍ പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്തുക.
പാലക്കാട് തിരഞ്ഞെടുപ്പില്‍ എംവി നികേഷ് കുമാറിനെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹം സിപിഎം സംസ്ഥാന നേതൃത്വം തള്ളി.
രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നികേഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍: (KVARTHA) സജീവ രാഷ്ട്രീയത്തിലേക്ക് ഭാഗ്യന്വേഷണവുമായി എംവി നികേഷ് കുമാറിന്റെ കടന്നുവരവ് വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന കണ്ണൂരിലെ യുവജന നേതാക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. ഉറച്ച സിറ്റിങ് സീറ്റുകളിലൊന്നാണ് പാര്‍ടി മത്സരിക്കാന്‍ നികേഷ് കുമാറിന് കണ്ടു വെച്ചിരിക്കുന്നത്.
സംസ്ഥാന സെക്രടറി എംവി ഗോവിന്ദനുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് എംവി നികേഷ് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചത്. പാര്‍ടി ഇതിനായി ചില ഓഫറുകളും വെച്ചതായി സൂചനയുണ്ട്. ദൃശ്യമാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്തുക. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സിപിഎം അംഗമായ നികേഷ് കുമാര്‍ കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുളള താത്പര്യം പാര്‍ടിയെ അറിയിച്ചെന്നാണ് വിവരം. അടുത്ത സമ്മേളനത്തോടെ ജില്ലാ കമിറ്റിയില്‍ സ്ഥിരാംഗമായി ഉള്‍പെടുത്തുമെന്നാണ് സൂചന.
അതേസമയം, പാലക്കാട് തിരഞ്ഞെടുപ്പില്‍ എംവി നികേഷ് കുമാറിനെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹം സിപിഎം സംസ്ഥാന നേതൃത്വം തള്ളിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള സാധ്യതയേറെയാണ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കണ്ണൂര്‍, എംവി ഗോവിന്ദന്‍ പ്രതിനിധാനം ചെയ്യുന്ന തളിപ്പറമ്പ്, മുഖ്യമന്ത്രിയുടെ ധര്‍മ്മടം, സ്പീകര്‍ എ എന്‍ ശംസീറിന്റെ തലശ്ശേരി എന്നിവടങ്ങളാണ് നികേഷ് കുമാറിന് സാധ്യത കല്‍പ്പിക്കുന്നത്.
താന്‍ സജീവമാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാര്‍ അറിയിച്ചത്. 2016 ല്‍ കണ്ണൂരിലെ അഴീക്കോട് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നികേഷ് കുമാര്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിയോട് പരാജയപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിലാണ് നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്‍ഡ്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്സിക്യൂടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപോര്‍ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനാണ് നികേഷ് കുമാര്‍.