Crisis | ജാർഖണ്ഡിൽ നാടകീയ സംഭവങ്ങൾ; 6 എംഎൽമാരുമായി ജെഎംഎം നേതാവ് ചമ്പായി സോറൻ ഡൽഹിയിൽ; ബിജെപിയിൽ ചേരുമോ?
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തതിൽ അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ
റാഞ്ചി: (KVARTHA) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാർഖണ്ഡിൽ നാടകീയ സംഭവങ്ങൾ. മുൻ മുഖ്യമന്ത്രിയും ഭരണകക്ഷിയായ ജെഎംഎം നേതാവുമായ ചമ്പായി സോറൻ ആറ് എംഎൽഎമാരുമായി ഡൽഹിയിലെത്തി. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചമ്പായി സോറൻ ശനിയാഴ്ച ബിജെപിയുടെ സുവേന്ദു അധികാരിയെ കാണുകയും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ബന്ധപ്പെടുകയും ചെയ്തതായും വിവരമുണ്ട്.
ശനിയാഴ്ച രാത്രി കൊൽക്കത്ത ഹോട്ടലിലായിരുന്നു ചമ്പായി സോറൻ. പേഴ്‌സണൽ സ്റ്റാഫിനൊപ്പം രാവിലെയാണ് വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ദശരത് ഗാഗ്രായി, രാംദാസ് സോറൻ, ചമ്ര ലിൻഡ, ലോബിൻ ഹെംബ്രോം, സമീർ മൊഹന്തി എന്നിവരാണ് അദ്ദേഹത്തിനൊപ്പമുള്ള ആറ് എംഎൽഎമാർ. ചമ്പായി സോറനും ഏതാനും എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.
എന്നാൽ താൻ ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നു പറഞ്ഞ് ശനിയാഴ്ച സോറൻ റിപ്പോർട്ടുകൾ നിഷേധിച്ചു. ഭൂമി കുംഭകോണക്കേസിൽ ജനുവരി 31ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ജെഎംഎം നേതാവ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സോറൻ കുടുംബവുമായി അടുപ്പമുള്ള ചമ്പായി സോറനെ മുഖ്യമന്ത്രിയായി നിയമിച്ചത്. എന്നാൽ ഹേമന്ത് സോറൻ ജയിലിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തതിൽ അദ്ദേഹം അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
#JharkhandPolitics #IndianElections #BJP #ChampabaiSoren #HemantSoren #Defection