Election | മൂന്ന് മുന്നണികളിലും മൂപ്പിളമ തര്‍ക്കം രൂക്ഷമോ? പാലക്കാട് സംഭവിക്കുന്നത്!


● ഷാഫി പറമ്പിലിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെയും ആരോപണങ്ങൾ.
● സ്ഥാനാർഥിയെ ചൊല്ലി മുന്നണികളിൽ ഭിന്നതകൾ
● പ്രാദേശികവാദം ശക്തമാണ്.
അർണവ് അനിത
(KVARTHA) പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഓരോ ദിവസം കഴിയുന്തോറും ഉദ്വേഗജനകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വാര്‍ത്തകളില്‍ ഈ മണ്ഡലം നിറഞ്ഞുനില്‍ക്കുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ കോണ്‍ഗ്രസിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായത്. അതിപ്പോള്‍ സിപിഎമ്മിലേക്കും ബിജെപിയിലേക്കും പടര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് പതിവില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ്-ബിജെപി പോര് എന്ന് നിലവില്‍ ഉറപ്പിച്ച് പറയാനാകില്ല.
പ്രാദേശികവാദമാണ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അതൊരുപരിധിവരെ പരിഹരിക്കാനായെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഷാഫി പറമ്പിലിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി അടക്കം രംഗത്ത് വന്നു. മറ്റുള്ളവരെ വളരാന്‍ അനുവദിക്കില്ല എന്നതാണ് ഷാഫിക്കെതിരായ പ്രധാന ആക്ഷേപം. അതുകൊണ്ട് ഷാഫി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അത് തെരഞ്ഞെടുപ്പ് ഭാവിയില്‍ പ്രതിസന്ധയുണ്ടാക്കാനുള്ള സാധ്യത കാണുന്നുണ്ട്.
ഇനി സിപിഎമ്മിലേക്ക് വന്നാല്‍ പി.സരിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിനും അത്ര രസിച്ചിട്ടില്ല. ഇന്നലെ വരെ പാര്‍ട്ടിയേയും മുഖ്യമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിക്കുകയും ആക്ഷേപിക്കുകയും ട്രോളുകയും ചെയ്തിരുന്ന സരിന് വോട്ട് ചെയ്യുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഷാഫി പറമ്പിലിന് വോട്ട് മറിച്ചു എന്ന സരിന്റെ പ്രസ്താവന നേതൃത്വ വെട്ടിലാക്കി.
ഇനി അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന താക്കീതും നല്‍കി. പാര്‍ട്ടിയിലുള്ള പലരും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. അവരെയൊക്കെ വെട്ടിനിരത്തിയാണ് സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രാദേശികമായി സിപിഎമ്മിനെ ശക്തമായി എതിര്‍ത്തിരുന്നയാളാണ് സരിന്‍. അതുകൊണ്ട് അത്തരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ട്. ഇതിനെയൊക്കെ എങ്ങനെ മറികടക്കാനാകുമെന്ന് അറിയില്ല.
ബിജെപിക്ക് ഏറ്റവും വലിയ സാധ്യതയുള്ള മണ്ഡലമാണ് പാലക്കാട്. അവിടെ മത്സരിക്കാന്‍ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ആഗ്രഹിച്ചിരുന്നു. ശോഭയ്ക്ക് അനുകൂലമായി ഫ്‌ളക്‌സും ആദ്യമേ പതിച്ചിരുന്നു. 2016ല്‍ ശോഭാ സുരേന്ദ്രന്‍ ഇവിടെ മത്സരിച്ചപ്പോള്‍ 40,000 വോട്ടാണ് വാരിക്കൂട്ടിയത്. അവരുടെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വലിയ ജനകീയപങ്കാളിത്തം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവര്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ വിജയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു.
എന്നാല്‍ സി.കൃഷ്ണകുമാറിനാണ് അതിനുള്ള ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരടക്കം 70 ഭാരവാഹികള്‍ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 21 പേരാണ് എത്തിയത്. 27 കൗണ്‍സിലര്‍മാരില്‍ 12 പേരാണ് വന്നത്. ശോഭാ സുരേന്ദ്രന്‍ വിഭാഗം പൂര്‍ണമായും വിട്ടുനില്‍ക്കുന്നെന്നാണ് മനസിലാക്കാനായത്.
ഇത്തരത്തിലുള്ള ഭിന്നതകള്‍ ബിജെപിയുടെ പ്രതീക്ഷ അട്ടിമറിച്ചേക്കാം. വി.മുരളീധരനും കെ.സുരേന്ദ്രനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിചാരിച്ചിട്ട് നിയമസഭയിലോ, പാര്‍ലമെന്റിലോ മത്സരിച്ച് വിജയിക്കാനായില്ല. ആ നിലയ്ക്ക് അവിടെ സി കൃഷ്ണകുമാറിനെ വിജയിപ്പിക്കാന്‍ ഇവരെ പോലുള്ള നേതാക്കള്‍ അനുവദിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ വോട്ട് കുത്തനെ കുറയുന്നതായാണ് പാലക്കാട്ടെ കണക്കുകള്‍ വ്യക്തമാകുന്നത്. കെകെ ദിവാകരന്‍ മത്സരിക്കുമ്പോള്‍ 41,000 വോട്ടാണ് പാര്‍ട്ടിക്കുണ്ടായിരുന്നു. പിന്നീട് സികൃഷ്ണകുമാര്‍ മത്സരത്തിനെത്തിയതോടെ സിപിഎം വോട്ട് 38,000 ആയി കുറഞ്ഞു. സിപി പ്രമോദ് മത്സരിക്കാനെത്തിയപ്പോള്‍ 36,000 ആയി കുറഞ്ഞു. അതായത് സിപിഎമ്മിലെ ന്യൂനപക്ഷവോട്ടുകള്‍ ഷാഫി പറമ്പിലിന്റെ പെട്ടിയിലേക്ക് പോയിത്തുടങ്ങി. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 38 ശതമാനം വോട്ടും സിപിഎമ്മിന് 25 ശതമാനം വോട്ടും ലഭിച്ചു. അതായത് 63 ശതമാനം വോട്ട് ബിജെപിക്ക് എതിരാണ്.
ഈ വോട്ടുകളില്‍ ഏറ്റക്കുറച്ചിലുണ്ടായാല്‍ അത് യുഡിഎഫിന് അനുകൂലമാവുകയും കൃഷ്ണകുമാറിന്റെ ജയസാധ്യത മങ്ങുകയും ചെയ്യും. മൂന്ന് പാര്‍ട്ടികളിലും ശക്തമായ അടിയൊഴുക്കിനുള്ള എല്ലാ സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതുകൊണ്ട് അതെങ്ങനെ സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പ്രശ്‌നങ്ങള്‍ പലതുണ്ടെങ്കിലും അനുകൂലഘടകം കോണ്‍ഗ്രസിന് തന്നെയാണ്. മുസ്ലിം സമുദായം ഒറ്റക്കെട്ടായി ഇത്തവണ അവര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുസ്ലിം വോട്ട് സുനില്‍കുമാറിനും കെ മുരളീധരനുമായി വോട്ട് വിഭജിച്ച് പോയതാണ് സുരേഷ് ഗോപി വിജയിക്കാനുള്ള ഒരു കാരണം. അതേതായാലും പാലക്കാട് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാണ്.
#Palakkad #Election2024 #PoliticalTension #KeralaPolitics #Congress #CPI