Political Shift | പി സി ചാക്കോയുടെ ശ്രമം പി വി അൻവർ ആകാനോ? യുഡിഎഫിൽ ചേക്കേറണം, എംഎൽഎ, പിന്നെ മന്ത്രിയും, കുട്ടനാട് ഉണ്ടല്ലോ!


● എൻസിപി നേതാവ് പി സി. ചാക്കോയുടെ ശബ്ദ സന്ദേശം ചർച്ചയായി.
● മന്ത്രിമാരുടെ മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ചു.
● ചാക്കോ എൽഡിഎഫിൽ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടെന്ന് വിലയിരുത്തൽ.
സോണി കല്ലറയ്ക്കൽ
(KVARTHA) കുറിക്ക് കൊള്ളുന്നപോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാൻ അറിയാമെന്നുള്ള എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോയുടെ ശബ്ദ സന്ദേശം ഇപ്പോൾ ചർച്ചയാകുകയാണ്. പ്രമുഖ മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടത്. ഇതോടെ പി.സി ചാക്കോ എൽ.ഡി.എഫിൽ ഒറ്റപ്പെടുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു ചാക്കോയുടെ മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള വിമർശനം. മന്ത്രിമാറ്റത്തിൽ പാർട്ടി തീരുമാനം നടപ്പാക്കണം എന്ന് മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടെന്നും അപ്പോൾ മന്ത്രിമാറ്റത്തിന് നിർബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നും ചാക്കോ പറയുന്നു.
മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടിയേനെ എന്നും അതിനപ്പുറത്തേക്ക് തനിക്ക് പറയാമായിരുന്നെങ്കിലും താൻ ഒന്നും പറഞ്ഞില്ല എന്നും പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പി സി ചാക്കോ പറയുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ വന്നപ്പോൾ പി സി ചാക്കോ കോൺഗ്രസിൻ്റെ ഭാഗമായി യു.ഡി.എഫിൽ ആയിരുന്നു. ഡൽഹി സംസ്ഥാനത്തിൻ്റെ ചുമതലയൊക്കെയായി അങ്ങ് ഡൽഹിയിൽ കഴിയുകയായിരുന്നു. ആ സമയത്താണ് പിണറായി വിജയൻ രണ്ടാമതും മുഖ്യമന്ത്രിയായി എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്.
അന്ന് കേരളത്തിൽ പി.സി ചാക്കോ ഇല്ലാത്ത എൻ.സി.പി എൽ.ഡി.എഫിൻ്റെ ഘടകക്ഷിയായിരുന്നു. അന്ന് അവരുടെ മന്ത്രിയായ എ കെ ശശീന്ദ്രനെ നിയമിച്ചത് അവരുടെ അന്നത്തെ സംസ്ഥാന നേതൃത്വമായിരുന്നു. ഒരു സുപ്രഭാതത്തിൽ അടുത്തിടെ കോൺഗ്രസ് വിട്ട് പഴയകാലത്ത് ദേശീയ തലത്തിൽ ശരത് പവാറുമായുള്ള സൗഹൃദവും മുതലെടുത്ത് എൻസിപിയിലെ എല്ലാവരെയും മൂലയ്ക്കിരുത്തി പെട്ടെന്ന് അതിൻ്റെ സംസ്ഥാന പ്രസിഡൻ്റായി എൽഡിഎഫ് എന്ന് പറഞ്ഞ് ഇറങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയനോ എൽഡിഎഫോ പ്രത്യേകിച്ച് സിപിഎമ്മോ അത്രപെട്ടെന്ന് അങ്ങ് അംഗീകരിച്ചുകൊടുക്കുമെന്ന് തോന്നുന്നുണ്ടോ.
മുഖ്യമന്ത്രിയും കൂട്ടരും ഇന്നലെ വന്ന പി.സി.ചാക്കോയെ വിശ്വാസത്തിലെടുക്കുമോ അതോ പഴയ എൻ.സി.പി നേതാക്കളായ ശശീന്ദ്രനെപ്പോലുള്ളവരെ വിശ്വാസത്തിലെടുക്കുമോ. അല്ലെങ്കിൽ കോൺഗ്രസ് വിട്ട് അതിൻ്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് എൻ.സി.പിയിലേയ്ക്ക് വന്ന പി.സി. ചാക്കോയ്ക്ക് എന്തെങ്കിലും മേന്മ വേണം. അടുത്തിടെ എൽ.ഡി.എഫ് വിട്ട നിലമ്പൂരിലെ എം.എൽ.എ പി വി അൻവറിനെ പോലുള്ളവരുടെ കൂടെ പത്ത് ആൾക്കാർ എങ്കിലും ഉണ്ടെന്ന് പറയാം. ചാക്കോയുടെ പിറകിൽ ആരാണ് ഉള്ളത്? ചാക്കോ എൻ.സി.പിയിൽ നിന്ന് പോയാലും എൻ.സി.പി എന്ന പാർട്ടി എൻ.സി.പിയായി തന്നെയുണ്ടാകും എന്നതാണ് യാഥാർത്ഥ്യം.
കോൺഗ്രസ് ഡൽഹി സംസ്ഥാനത്തിൻ്റെ ചുമതല പി സി ചാക്കോയെ ഏൽപ്പിച്ചു. ഒന്നും നടന്നില്ല. പിന്നീട് അതിൻ്റെ നേതൃത്വം തന്നെ അംഗീകരിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ ശരത് പവാർ മുഖേന എൻ.സി.പിയിലേയ്ക്ക് ചാടി കേരള സംസ്ഥാനത്തിൻ്റെ പാർട്ടി പ്രസിഡൻ്റ് പിടിച്ചെടുത്തു. പിന്നീട് അതിലെ ആകെയുള്ള രണ്ട് എംഎൽഎമാരെ മന്ത്രിസ്ഥാനത്തിന് വേണ്ടി അടുപ്പിക്കുകയായിരുന്നു പ്രധാന പണിയെന്നാണ് വിമർശനം. സീനിയർ നേതാവായ എ കെ ശശീന്ദ്രനും, തോമസ് ചാണ്ടി മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ സഹതാപ തരംഗത്തിൽ എംഎൽഎയായ തോമസ് കെ തോമസും മാന്തിപദവിക്ക് വേണ്ടി കലഹിക്കുകയാണ്.
പ്രധാനപ്പെട്ട പാർട്ടി ഭാരവാഹിത്വങ്ങളിലെല്ലാം ചാക്കോ സ്വന്തക്കാരെ തിരുകി കയറ്റിവെയ്ക്കുകയും ചെയ്തു. രണ്ട് എംഎൽഎമാർ മന്ത്രിസ്ഥാനത്തിന് വേണ്ടി തമ്മിൽ തല്ലുമ്പോൾ രണ്ടു പേരെയും മാറ്റി തന്നെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിന്തുണയ്ക്കുമെന്നും ചാക്കോ ഒരു വട്ടം ചിന്തിച്ചുകാണുമെന്ന് വിമർശിക്കുന്നവരും പാർട്ടിയിലുണ്ട്. കാരണം താൻ വെറും ഒരു നേതാവ് അല്ലല്ലോ. എംപിയും എംഎൽഎയും ഒക്കെ ആയിരുന്ന ആൾ അല്ലെ. അങ്ങനെ ചിന്തിച്ചിരുന്ന ചാക്കോയ്ക്കിട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും എൻ.സി.പി അണികളിൽ നിന്നും ഉഗ്രൻ പണി കിട്ടി എന്ന് വ്യക്തം. പണ്ട് കോൺഗ്രസ് എസിൽ നിന്നും ചാടി കോൺഗ്രസിൽ എത്തിയ ചരിത്രവും പി സി ചാക്കോയ്ക്ക് ഉണ്ട് എന്നതും മറക്കരുത്.
പി വി അൻവറിനെ പോലെ മുഖ്യമന്ത്രിക്കെതിരെ രണ്ട് പറഞ്ഞാൽ അത് ഏറ്റുപിടിക്കുമെന്നും അങ്ങനെ മുഖ്യമന്ത്രിയോട് പയറ്റി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേക്കേറാമെന്നും ചാക്കോ ചിന്തിക്കുന്നുണ്ടോ? വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലേബലിൽ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിക്കുകയും ചെയ്യാം. പറ്റുമെങ്കിൽ ഒരു മന്ത്രി കസേരയും കിട്ടും. അതിന് യു.ഡി.എഫിന് ജയിക്കാൻ കഴിയാത്ത, എൻ.സി.പി ലിസ്റ്റിൽ ഉള്ള കുട്ടനാട് പോലുള്ള സീറ്റുകളും ഉണ്ട്. അത്തരമൊരു സീറ്റ് കിട്ടിയാലും മതി. കോൺഗ്രസിലാണെങ്കിൽ എല്ലാവരും പഴയ ചങ്ങാതികളും. അങ്ങനെ മുഖ്യമന്ത്രിയെ പറഞ്ഞിട്ട് പി വി അൻവർ ആകാൻ ശ്രമിക്കുന്ന പി സി ചാക്കോയെ ആണ് ഇപ്പോൾ കാണാൻ പറ്റുന്നത്.
പഠിച്ച പണി പലതും എങ്ങ് എടുത്തിട്ടും ഒന്നും അങ്ങ് ഏശുന്നില്ല. മുഖ്യമന്ത്രിയാണെങ്കിൽ ഒട്ട് അനങ്ങുന്നുമില്ല. മുഖ്യമന്ത്രിയെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ചാൽ മാത്രമേ തനിക്ക് വലിയ ആളാകാൻ പറ്റു. ചാക്കോ നിശ്ചയമായും ലക്ഷ്യമിടുന്നത് യുഡിഎഫ് പ്രവേശനം തന്നെയല്ലേ? മമതയുടെ പാർട്ടിയായ തൃണമൂൽ പോലെ തന്നെ എൻസിപി യും കോൺഗ്രസിൻ്റെ ഭാഗമായ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. ആ രീതിയിൽ യു.ഡി.എഫിൽ എത്തിയാൽ ശരത് പവാറിനെ വെച്ച് കേരളത്തിൽ വിലപേശാമെന്ന് പി.സി ചാക്കോ കരുതുന്നു. ചില്ലറ ആഗ്രഹമൊന്നും അല്ല, ഒത്താൽ സംസ്ഥാനത്തിൻ്റെ മന്ത്രി സ്ഥാനം തന്നെ!
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
P.C. Chacko’s political strategies are evolving as he expresses interest in joining UDF, focusing on Kuttanadu's seat and possibly a ministerial role in the next assembly elections.
#PCChacko #PoliticalShift #UDF #NCP #KeralaPolitics