K Muraleedharan | കെ മുരളീധരൻ ശ്രമിക്കുന്നത് വട്ടിയൂർക്കാവിൽ മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയാകാനോ?

 
K Muraleedharan


സ്വയം തോറ്റാലും ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തനാവുമെന്ന് മുരളീധരൻ വിചാരിച്ചു. ആ വിചാരത്തിനാണ് കൂടെ നിന്നവർ തൃശൂരിൽ പണി കൊടുത്തത്. 

കെ ആർ ജോസഫ് 

(KAVRTHA) കെ മുരളീധരൻ എന്ന കോൺഗ്രസിലെ മുതിർന്ന നേതാവിൻ്റെ മനസ്സിൽ ഒരു എം.പി സ്ഥാനത്ത് വരാനുള്ള താല്പര്യം അല്ല നിഴലിക്കുന്നത്. സംസ്ഥാനത്ത് മന്ത്രിസ്ഥാനത്തിന് അപ്പുറം എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽ അതോ അല്ലെങ്കിൽ കേന്ദ്രത്തിൽ കേന്ദ്രമന്ത്രി സ്ഥാനമോ ആണ് കാംക്ഷിച്ചിരുന്നതെന്ന് വ്യക്തം. മുൻപ് കെ.പി.സി.സി പ്രസിഡൻ്റ് ആയിരിക്കുമ്പോഴാണ് കെ മുരളീധരൻ എം.എൽ.എ ആകാതിരുന്നിട്ട് കൂടി മന്ത്രിയാകാൻ വേണ്ടി കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്. പക്ഷേ, വടക്കാഞ്ചേരിയിൽ നിന്ന് വിജയിക്കാൻ സാധിക്കാഞ്ഞതിനാൽ ആറ് മാസം മന്ത്രി സ്ഥാനത്തിരുന്ന ശേഷം രാജിവെയ്ക്കുയാണ് ഉണ്ടായത്. 

പിന്നീട് എ, ഐ ഗ്രൂപ്പ് പോര് ഇവിടെ ശക്തമായിരുന്ന കാലത്ത് ഐ ഗ്രൂപ്പിലെ എം.എൽ.എമാരെ പരമാവധി തൻ്റെ പക്ഷത്ത് ചേർത്ത് നിർത്തി ഇടതുമുന്നണിയുടെ പിന്തുണയോടെ ആൻ്റണി സർക്കാരിനെ മറിച്ചിട്ട് മുഖ്യമന്ത്രിയാകാനും ശ്രമിക്കുന്നത് കണ്ടതാണ്. അതും അന്ന് പരാജയപ്പെടുകയാണ് ഉണ്ടായത്. പിന്നീട് കോൺഗ്രസിനെ പിളർത്തി ഡി.ഐ.സി രൂപീകരിച്ച് അതിൻ്റെ പ്രസിഡൻ്റ് ആയെങ്കിലും ഇടതുമുന്നണി പിന്തുണയ്ക്കാൻ തയ്യാർ ആകാഞ്ഞതിനെ തുടർന്ന് ഡി.ഐ.സിയുടെ തുടക്കവും ഒടുക്കവും ഒന്നിച്ചാകുന്നതാണ് കണ്ടത്. ഇടതുമുന്നണി പിന്തുണയ്ക്കാനില്ലാതെ അനാഥ പ്രേതം പോലെ നടന്ന ഡി.ഐ.സി യെ പിന്നീട് യു.ഡി.എഫ് നേതാക്കൾ പ്രത്യേകിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ മുൻകൈ എടുത്ത് യു.ഡി.എഫിനൊപ്പം ചേർക്കുകയായിരുന്നു. 

നിയമസഭ തിരഞ്ഞെടുപ്പിൽ 20 സീറ്റോളം മുരളീധരൻ പ്രസിഡൻ്റായ ഡി.ഐ.സിയ്ക്ക് നൽകിയിരുന്നു. മുസ്ലിം ലീഗ് സ്വന്തം സീറ്റായ കൊടുവള്ളി മുരളീധരന് മത്സരിക്കാൻ വിട്ടുകൊടുക്കുകയും ചെയ്തു. അവിടെയും പരാജയം ആയിരുന്നു കെ മുരളീധരനെ വരവേറ്റത്. തുടർന്ന് ഇടതുമുന്നണിയുടെ ഭാഗമാകാൻ ഇടതു ഘടകക്ഷി ആയിരുന്ന എൻ.സി.പിയിൽ മുരളീധരൻ്റെ പാർട്ടി ലയിക്കുന്നതാണ് കണ്ടത്. എന്നിട്ട് കെ മുരളീധരൻ അതിൻ്റെ പ്രസിഡൻ്റ് ആവുകയും ചെയ്തു. ഫലമോ എൻ.സി.പിയെ തന്നെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കുന്നതാണ് കണ്ടത്. കെ മുരളീധരൻ എൻ.സി.പി യുടെ പേരിൽ വയനാട്ടിൽ നിന്ന് ലോക്സഭയിലേയ്ക്ക് ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിലെ എം.ഐ .ഷാനവാസിനോട് പരാജയം രുചിക്കുകയായിരുന്നു. 

ഇങ്ങനെയൊരു മുരളീധരനെ ലീഡർ കെ കരുണാകരൻ മരിച്ച ശേഷം കോൺഗ്രസ് നേതാക്കൾ മെമ്പർഷിപ്പ് നൽകി പാർട്ടിയിൽ തിരികെ കൊണ്ടുവരികയായിരുന്നു. മുരളീധരന് യു.ഡി.എഫ് ഭൂരിപക്ഷ മണ്ഡലമായ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് സമ്മാനിക്കുകയും ചെയ്തു. ആദ്യത്തെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച കെ മുരളീധരന് പിന്നീട് ഭൂരിപക്ഷം കുറയുന്നതാണ് കണ്ടത്. ഈ കാലയളവിൽ വട്ടിയൂർക്കാവിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയതും നോക്കി കാണേണ്ടതാണ്. കെ മുരളീധരൻ വടകരയിൽ നിന്ന് ജയിച്ച് എം.പി ആയി പോയതിനൂശേഷം നടന്ന തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ഇടതുപക്ഷം പിടിക്കുകയും ചെയ്തു. 

കെ മുരളീധരൻ ആദ്യം വട്ടിയൂർക്കാവിൽ എത്തുമ്പോൾ ലീഡർ കെ കരുണാകരൻ്റെ മകൻ എന്നുള്ള നിലയിൽ കോൺഗ്രസിന് സുരക്ഷിതമായ വട്ടിയൂർക്കാവ് സമ്മാനിക്കുകയായിരുന്നു. അവിടെ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ മത്സരിക്കാതെ മാറി നിന്നപ്പോൾ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചെന്ന മുരളീധരൻ പോലും ഒരിക്കലും താൻ വടകരയിൽ നിന്ന് ജയിക്കുമെന്ന് വിശ്വസിച്ചു കാണില്ല. വയനാട്ടിൽ വന്ന് രാഹുൽ ഗാന്ധി മത്സരിച്ചതും കേരളീയർക്ക് കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷയുണ്ടായതും കെ മുരളീധരനെയും വടകരയിൽ നിന്ന് വിജയിപ്പിച്ചെടുക്കുകയായിരുന്നു. അങ്ങനെ മുരളീധരന് എവിടെയും മത്സരിച്ച് വിജയിക്കാൻ കഴിയുന്ന ഒരു പോരാളിയുടെ ഇമേജ് സംസ്ഥാനത്ത് ഉണ്ടായി. 

എന്നാൽ പോലും കെ മുരളീധരൻ അതിലൊന്നും തൃപ്തനായിരുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. അദ്ദേഹത്തിന് കേന്ദ്രത്തിൽ ബി.ജെ.പി മൂന്നാമതും അധികാരത്തിൽ എത്തുമെന്ന ബോധ്യം ഉണ്ടായിരുന്നുവെന്ന് വേണം പറയാം. വടകരയിൽ നിന്ന് ജയിച്ച് എം.പി ആയശേഷം കെ. മുരളീധരൻ പലപ്പോഴും പറയുമായിരുന്നു ഇനി താൻ ലോക്സഭയിലേയ്ക്ക് മത്സരിക്കാൻ ഇല്ലെന്ന്. എന്നാൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം നിലവിലെ എല്ലാ എം.പിമാരും അവരുടെ മണ്ഡലങ്ങളിൽ മത്സരിക്കണമെന്നുള്ള നിർദേശം കൊടുത്തതിനാൽ കെ മുരളീധരനും മത്സരിക്കേണ്ടി വരികയായിരുന്നു. 

അങ്ങനെ വന്നപ്പോഴാണ് സഹോദരി പത്മജ ബി.ജെ.പി യിൽ ചേക്കേറിയത്. ഒപ്പം സുരേഷ് ഗോപി തൃശൂരിൽ വിജയിക്കുമെന്നുമുള്ള ഒരു തരംഗം ഉണ്ടായി. ഇതിന് തടയിടാൻ എന്നോണം വടകര വിട്ട് കെ മുരളീധരൻ തൃശൂരിൽ നിന്ന് ലോക് സഭയിലേയ്ക്ക് മത്സരിക്കുകയായിരുന്നു. താൻ ജയിക്കേണ്ട. ഇടതുപക്ഷം ജയിക്കണം. ഒരിക്കലും ബി.ജെ.പി കടന്നുപോകരുത്. ഇതായിരുന്നു കെ.മുരളീധരൻ്റെ ചിന്ത. അങ്ങനെയാണ് അദ്ദേഹം പ്രതീക്ഷിച്ചതെന്നും വ്യക്തം. താൻ തോറ്റാലും ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപ്പിച്ചാൽ താൻ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തനാവുമെന്ന് മുരളീധരൻ വിചാരിച്ചു. ആ വിചാരത്തിനാണ് കൂടെ നിന്നവർ തൃശൂരിൽ പണി കൊടുത്തത്. 

ഇപ്പോൾ സഹതാപം വളർത്തി സ്ഥാനം ഉറപ്പിക്കുന്ന ശ്രമത്തിലാണ് കെ മുരളീധരൻ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് കെ മുരളീധരന് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. അതിന് ആരും തടസ്സം നിൽക്കുമെന്നും തോന്നുന്നില്ല. പ്രിയങ്കാ ഗാന്ധി ഈ ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിക്കുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് കെ. മുരളീധരനെപ്പോലുള്ളവർ വിശ്വസിക്കുന്നുണ്ട്. അങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ വെറും ഒരു മന്ത്രിയായി തൻ്റെ ജൂനിയർ ആയ ആളുകളുടെ മന്ത്രിസഭയിൽ കെ മുരളീധരൻ ഇരിക്കാൻ തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്. 

തൃശൂർ തോൽവിയെ തുടർന്ന് പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പറഞ്ഞ കെ മുരളീധരൻ ഇപ്പോൾ പറയുന്നത് വട്ടിയൂർക്കാവിൽ തൻ്റെ അസാന്നിധ്യത്തിൽ ദുർബലമായ പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നാണ്. വേണ്ടി വന്നാൽ കെ.പി.സി.സി പ്രസിഡൻ്റ് പദം കിട്ടിയാൽ അതും ഏറ്റേടുത്തേക്കും. അപ്പോൾ വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിലപേശാം. അല്ലാതെ വി.ഡി.സതീശനെയോ കെ.സിയെയോ ഒന്നും കെ മുരളീധരൻ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും കെ മുരളീധരൻ്റെ ഇനിയുള്ള നീക്കങ്ങൾ കാത്തിരുന്ന് കാണേണ്ടതുണ്ട്..

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia