Relief | നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിന് താല്‍ക്കാലിക മോചനം അനുവദിച്ച് ഇറാന്‍
● ജയില്‍ ശിക്ഷ മൂന്നാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
● തീരുമാനം ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്.
● താല്‍ക്കാലിക മോചനം അപര്യാപ്തമാണെന്ന് കുടുംബം.
● മാധ്യമപ്രവര്‍ത്തകനായ താഗി റഹ് മാനിയാണ് ഭര്‍ത്താവ്.
ടെഹ്‌റാന്‍: (KVARTHA) നൊബേല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിന് ഇറാന്‍ താല്‍ക്കാലിക മോചനം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് മോചനമെന്ന് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ നിലി അറിയിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന തന്നെ തല മറയ്ക്കാതെ തന്നെ ആശുപത്രിയില്‍ എത്തിക്കണം എന്നാവശ്യപ്പെട്ട് നവംബറില്‍ നര്‍ഗീസ് ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഡോക്ടറുടെ ശുപാര്‍ശയെ തുടര്‍ന്ന്, പബ്ലിക് പ്രോസിക്യൂട്ടര്‍ നര്‍ഗസ് മുഹമ്മദിയുടെ ജയില്‍ ശിക്ഷ മൂന്നാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, താല്‍ക്കാലിക മോചനം അപര്യാപ്തമാണെന്ന് കുടുംബം പ്രതികരിച്ചു. കുറഞ്ഞത് മൂന്ന് മാസമെങ്കിലും അനുവദിക്കണം. നര്‍ഗീസിനെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിര്‍ബന്ധിത ഹിജാബിനും വധശിക്ഷയ്ക്കുമെതിരെ ഉള്‍പ്പെടെ പൊരുതിയതോടെയാണ് നര്‍ഗീസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്. 51 വയസ്സുള്ള നര്‍ഗീസിന് ഇതിനകം 31 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതായി നൊബേല്‍ കമ്മിറ്റി നേരത്തെ വിലയിരുത്തിയിരുന്നു. 2021ലാണ് ഏറ്റവും അവസാനമായി തടവിലായത്. ടെഹ്‌റാനിലെ ജയിലിലാണ് നര്‍ഗീസുള്ളത്.
സമാധാന നൊബേല്‍ പുരസ്‌കാരം നേടുന്ന പത്തൊമ്പതാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയന്‍ വനിതയുമാണ് നര്‍ഗീസ്. ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് എതിരായ പോരാട്ടത്തിന്റെ പേരിലാണ് സമാധാന നൊബേല്‍ പുരസ്‌കാരത്തിനായി നര്‍ഗീസിനെ തെരഞ്ഞെടുത്തത്. പഠന കാലത്തു തന്നെ പരിഷ്‌കരണ ആശയങ്ങളുടെ പേരില്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു നര്‍ഗീസ്. മാധ്യമപ്രവര്‍ത്തകനായ താഗി റഹ് മാനിയാണ് ഭര്‍ത്താവ്. അദ്ദേഹം 14 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഫ്രാന്‍സിലേക്ക് കുടിയേറി. ഇരുവരുടെയും ഇരട്ടക്കുട്ടികള്‍ അദ്ദേഹത്തിനൊപ്പമാണ്.
#NargesMohammadi #Iran #humanrights #womensrights #NobelPrize #freeNarges #FreeIran
Iranian Nobel Peace Prize winner Narges Mohammadi being transported from prison to receive long-denied medical care.
— Kaveh Shahrooz کاوه شهروز (@kshahrooz) December 4, 2024
She refuses to wear a hijab and chants "Woman, Life, Freedom" and "Liberty is our right".
https://t.co/wCHoRvIxhH