Diplomatic Rift | കാനഡയോട് രോഷത്തോടെ ഇന്ത്യ; ഞെട്ടിച്ച് ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു; നയതന്ത്ര ബന്ധം വഷളായി


● കാനഡ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
● ഇന്ത്യ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.
● ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാനഡയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു.
ന്യൂഡൽഹി: (KVARTHA) കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം ഡൽഹിയിലെ കാനഡ ഹൈക്കമ്മീഷന് ഇന്ത്യ സമൻസും അയച്ചിട്ടുണ്ട്. ഇതോടെ നിജ്ജര്‍ കൊലപാതകത്തെ തുടര്‍ന്ന് താളംതെറ്റിയ ഇന്ത്യ– കാനഡ ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.
2023 ജൂണിൽ ഖാലിസ്ഥാൻ അനുകൂല പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് കാനഡ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നാലെ കനേഡിയൻ സർക്കാരിനെയും പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെയും രൂക്ഷമായി വിമർശിച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
ട്രൂഡോ സർക്കാരിൻ്റെ നിലപാട് മൂലം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാണെന്ന് തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇപ്പോഴത്തെ സർക്കാരിൽ തങ്ങൾക്ക് വിശ്വാസമില്ല. ഇത് കണക്കിലെടുത്ത് കാനഡയിൽ നിന്നുള്ള ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും തിരികെ വിളിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യയ്‌ക്കെതിരായ വിഘടനവാദത്തെയും തീവ്രവാദത്തെയും ട്രൂഡോ സർക്കാർ പിന്തുണയ്ക്കുന്ന രീതിക്കെതിരെ പ്രതികരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
2023 ജൂൺ 18-നാണ് കാനഡയിൽ വെച്ച് ഹർദീപ് സിങ് നിജ്ജർ വെടിയേറ്റ് മരിച്ചത്. ഇയാൾ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയായിരുന്നു. കാനഡയിലെ ഒരു ഗുരുദ്വാരയ്ക്കു സമീപം ബൈക്കിൽ എത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ നിരവധി ഗുരുതരമായ കേസുകളിൽ പ്രതിയായിരുന്നു നിജ്ജർ.
ഇന്ത്യയിൽ ഒരു പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടായിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ ആരോപണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചിരുന്നു. 1985-ൽ എയർ ഇന്ത്യ വിമാനത്തിൽ നടന്ന ബോംബ് സ്ഫോടന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാൻ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. നിജ്ജറിനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.
#India #Canada #diplomaticcrisis #Khalistan #JustinTrudeau #IndiaCanadaRelations