Dispute | പരസ്പരം പുറത്താക്കല്‍: പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ; ശക്തമായ തെളിവുണ്ടെന്ന് ട്രൂഡോ; നയതന്ത്ര പോര് കനക്കുന്നതില്‍ ആശങ്ക

 
India-Canada row: Canadian Prime Minister Justin Trudeau says have strong evidence against India
India-Canada row: Canadian Prime Minister Justin Trudeau says have strong evidence against India

Photo Credit: X/Justin Trudeau and Narendra Modi

● ഇന്ത്യ-കാനഡ നയതന്ത്ര യുദ്ധം വിസയെ ബാധിച്ചേക്കും.
● ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് പിയെര്‍ പോളിയേവ്.

ദില്ലി: (KVARTHA) പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ-കാനഡ നയതന്ത്ര പോര് കനക്കുന്നതില്‍ ആശങ്കയും വര്‍ധിക്കുന്നു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ (Hardeep Singh Nijjar) കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനാണ് കാനഡ സര്‍ക്കാരിന്റെ നീക്കം. ഇന്ത്യയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാനഡ. 

ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള 6 ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. 

തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കാനഡ ഫൈവ് ഐസ് സഖ്യകക്ഷികളുമായി പങ്കുവെച്ചതായും ട്രൂഡോ പറഞ്ഞു. യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന സഖ്യമാണ് ഫൈവ്-ഐസ് ഇന്റലിജന്‍സ്. 

ഇന്ത്യയും കാനഡയും തമ്മില്‍ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ സംഭവവികാസങ്ങളില്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും വിവരിച്ചു. കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള തെക്കനേഷ്യക്കാര്‍ സമാധാനം പാലിക്കണമെന്ന് തിങ്കളാഴ്ച കാനഡ ആവശ്യപ്പെട്ടിരുന്നു.

കാനഡയുടെ പ്രതിപക്ഷ നേതാവും ഇന്ത്യക്കെതിരെ രംഗത്തെത്തി. ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയെര്‍ പോളിയേവും ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമവ്യവസ്ഥക്ക് വിധേയരാക്കണം. 9 വര്‍ഷമായി ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവമായി എടുത്തില്ലെന്നും പിയെര്‍ പോളിയേവ് കുറ്റപ്പെടുത്തി.

അതേസമയം, കാനഡയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കേസില്‍പ്പെടുത്താനുള്ള കനേഡിയന്‍ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഭീകര ഗ്രൂപ്പുകള്‍ക്ക് കാനഡ നല്‍കുന്ന സഹായം ലോകവേദികളില്‍ ഉന്നയിച്ച് തിരിച്ചടിക്കാനാണ് നീക്കം. ഇന്ത്യ ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് രാജ്യാന്തര വിസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത.

#IndiaCanadaRelations #Khalistan #NijjarKilling #diplomaticcrisis #internationalnews #SouthAsia #NorthAmerica

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia