NDA  | കണ്ണൂരില്‍ എന്‍ ഡി എ സ്ഥാനാർഥി എത്ര വോട്ട് പിടിക്കും? നെഞ്ചിടിപ്പോടെ യുഡിഎഫ് 

 
How many votes will the NDA candidate get in Kannur?


ആറുമാസം മുന്‍പെ ബി.ജെ.പിയിലെത്തിയ സി രഘുനാഥിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. 

ഭാമനാവത്ത് 

കണ്ണൂര്‍:  (KVARTHA) എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും കെ സുധാകരന്റെ അതീവ വിശ്വസ്തനുമായ സി രഘുനാഥ് എത്രവോട്ടുപിടിക്കുമെന്ന കാര്യത്തില്‍ യു.ഡി.എഫ് ക്യാംപില്‍ ആശങ്ക ശക്തമായി. അരനൂറ്റാണ്ടോളം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞു പ്രവര്‍ത്തിച്ചിരുന്ന സി രഘുനാഥ് കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പ്രചാരണം നടത്തിയത്. എന്നാല്‍ ആറുമാസം മുന്‍പെ ബി.ജെ.പിയിലെത്തിയ സി രഘുനാഥിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. 

ദേശീയ കൗണ്‍സില്‍ അംഗമായ സി കെ പത്മനാഭന്‍ ഉള്‍പ്പെടെയുളളവര്‍ പരസ്യമായി ഇന്നലെ വന്നവര്‍ പാര്‍ട്ടിയില്‍  നേതാക്കളായി മാറിയെന്നു  മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയിലെ ചില മണ്ഡലം കമ്മിറ്റി ഭാരവാഹികളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നു. ബി.ജെ.പി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിന്‍തുണയോടെയാണ് സി രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. ഇതിനിടെയിലാണ് ആര്‍.എസ്.എസ് കാഡര്‍ വോട്ടുകള്‍ പതിവുപോലെ കെ സുധാകരന് മറിച്ചത്.

കാല്‍ലക്ഷത്തിന്റെ വോട്ടു യു.ഡി.എഫിന് മറിച്ചതായാണ് ബി.ജെ.പിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന കണ്ണൂരില്‍ എന്‍.ഡി.എ സ്ഥാനാർഥിക്ക് വിജയസാധ്യതയില്ലെന്ന് നേരത്തെ ആര്‍.എസ്.എസ് വിലയിരുത്തിയിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ മുഖ്യശത്രുവായ സി.പി.എമ്മിനെ തറപറ്റിക്കാന്‍ ക്രോസ് വോട്ടുചെയ്തുവെന്നാണ് വിവരം. ഇതിനായി മറ്റുതരത്തിലുളള ഡീലുകളൊന്നും നടന്നില്ല.

ജയിച്ചാല്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലേക്ക് പോകുമെന്ന് സി.പി. എം സംസ്ഥാന അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണം മൃദുഹിന്ദുത്വ വോട്ടുകളും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ വോട്ടുകളും കെ സുധാകരന് അനുകൂലമായി മാറിയിട്ടുണ്ട്. ഇഞ്ചോടിഞ്ചു  പോരാട്ടവും ഫോട്ടോ ഫിനിഷിങും പ്രതീക്ഷിക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇതു കെ സുധാകരന് മുന്‍തൂക്കം നല്‍കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ 68,509 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.കെ പത്മനാഭന് ലഭിച്ചത്. 2014-ല്‍ മത്സരിച്ച പി സി മോഹനന് 51,636 വോട്ടും 2009ല്‍ മത്സരിച്ച പി പി കരുണാകരന് 27,123 വോട്ടുകളും ലഭിച്ചു. 

ഓരോ മത്സരം കഴിയുന്തോറും ബി.ജെ.പിക്ക് വോട്ട് ഷെയര്‍ കൂടിവരുന്ന സാഹചര്യമാണ് കണ്ണൂരില്‍. അതുകൊണ്ടു തന്നെ ഇക്കുറി ഒരുലക്ഷത്തോളം വോട്ടു പിടിക്കുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കണ്ണൂരിലെ ആര്‍.എസ്.എസ് വോട്ടുകള്‍ ഇക്കുറിയും ബി.ജെ.പി കണക്കിലെടുത്തിട്ടില്ല. രാഷ്ട്രീയ സംഘര്‍ഷഭൂമിയായ കണ്ണൂരില്‍ മുഖ്യശത്രുവായ സി.പി.എമ്മിനെ തോല്‍പിക്കുന്നതിനായി യു.ഡി.എഫിന് ക്രോസ് വോട്ടുചെയ്യുകയാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.എസ് ചെയ്തുവന്നത്. 

അതുഇക്കുറിയും ആവര്‍ത്തിച്ചതോടെ പുതിയ വോട്ടര്‍മാരിലും കോണ്‍ഗ്രസില്‍ നിന്നും ചോര്‍ന്നുവരുന്ന വോട്ടുകളിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കഴിഞ്ഞ കുറേക്കാലമായി ആര്‍.എസ്.എസും ബി.ജെ.പിയും തമ്മില്‍ കണ്ണൂരില്‍ അത്രസുഖകരമായ ബന്ധമല്ലയുളളത്. തെരഞ്ഞെടുപ്പിന്റെ വരവു ചെലവുകള്‍ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ് പ്രചാരകന്‍മാര്‍ ഇടപെടുന്നത് നേരത്തെ ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നുവെന്നും വിവരമുണ്ട്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia