Controversy | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ സുനാമിയായോ? കയ്ച്ചിട്ടും ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യെന്ന പരുവത്തിലായി സര്‍ക്കാര്‍;
ഹേമാ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ലൈംഗീകാതിക്രമം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളെ കുറിച്ചു പ്രത്യേക പരാതിയില്ലാതെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സംക്ഷിപ്ത രൂപം പുറത്തുവന്നതോടെ വെട്ടിയാലയത് രണ്ടാം പിണറായി സര്‍ക്കാര്‍. ജസ്റ്റിസ് ഹേമ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അഞ്ചു വര്‍ഷം അടയിരുന്നത് മാത്രമല്ല സര്‍ക്കാരിനെ വെളളം കുടിപ്പിക്കുന്നത്. പോക്‌സോ, സ്ത്രീപീഡനമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ സിനിമാ മേഖലയില്‍ നടന്നുവെന്ന വസ്തുതാപരമായ ആരോപണങ്ങള്‍ക്ക് നടപടിയെടുക്കുമോയെന്ന ധാര്‍മികപരമായ ചോദ്യം കൂടി ഉയരുന്നുണ്ട്.
ഹേമാ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ലൈംഗീകാതിക്രമം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളെ കുറിച്ചു പ്രത്യേക പരാതിയില്ലാതെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭരണഘടനയിലെ വകുപ്പ് 162-പ്രകാരം സംസ്ഥാനസര്‍ക്കാരിനനുളള അധികാരം ഉപയോഗിച്ചുളള ഉത്തരവിലൂടെയാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ ഹേമാകമ്മിറ്റിയെ നിയോഗിച്ചത്.
ഖജനാവില്‍ നിന്നും ഒന്നേകാല്‍ കോടി ഇതിനായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ടു തന്നെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ഹേമാകമ്മീഷന്‍ ഭരണതുടര്‍ച്ചയുണ്ടായ സര്‍ക്കാരിനെ ബൂമറാങ്ങ് പോലെ തിരിച്ചടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെ പ്രതിരോധവ്യൂഹം ചമയ്‌ക്കേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.
സ്ത്രീപക്ഷ സര്‍ക്കാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഉത്തരേന്ത്യയില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ലൈംഗീകചൂഷണ, തൊഴില്‍ നിഷേധ പരമ്പരകള്‍ തന്നെ കേരളത്തില്‍ നടന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ജുഡീഷ്യല്‍ പദവിയുളള ഒരു അന്വേഷണ കമ്മിഷന്‍ തന്നെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എന്തു നടപടിയെടുക്കുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ നിന്നും സര്‍ക്കാരിനെതിരെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് വിവരം.
പ്രത്യേക പ്രിവിലേജ് നല്‍കിയും സ്വകാര്യത സംരക്ഷിച്ചു കൊണ്ടും കമ്മീഷന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന താരങ്ങളുടെ പേര് പുറത്തുപറയുന്നില്ലെങ്കിലും സര്‍ക്കാരിനോട് ഒട്ടിനില്‍ക്കുന്ന സൂപ്പര്‍ താരങ്ങളും ഇടതു പക്ഷത്തിന്റെ ഭാഗമായി മത്സരിച്ച ജനപ്രതിനിധികളും ഹേമകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതോടെ രാഷ്ട്രീയ സമ്മര്‍ദ്ദം കൂടി നേരിടേണ്ടിവന്നിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരും പാര്‍ട്ടിസ്ഥാപനങ്ങളുടെ അമരത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്നവരെയും ഒഴിവാക്കുമോയെന്ന ചോദ്യവും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്. പൊതുസമൂഹത്തില്‍ വികൃതമായി കഴിഞ്ഞ ഇത്തരക്കാരെ ഇനി അവതരിപ്പിക്കണമോയെന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്. ഘടകകക്ഷിക്കാരനായ ഒരുമന്ത്രിയും പാര്‍ട്ടി എംഎല്‍എയും ഉള്‍പ്പെടെയുളള വന്‍ മുന്‍ താരനിരതന്നെ ഹേമാകമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുണ്ട്. അതുകൊണ്ടു തന്നെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യയെന്ന പരുവത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
#HemaCommission #KeralaPolitics #MalayalamCinema #IndiaNews