George Kurien | ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനം: ബിജെപി ദേശീയ നേതൃത്വത്തിന് വലിയ ലക്ഷ്യങ്ങൾ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സുരേഷ് ഗോപിയോടൊപ്പം കേന്ദ്രമന്ത്രിസഭയിൽ ഇടം കണ്ടെത്തിയത് ജോർജ് കുര്യന് അർഹതയ്ക്കുള്ള അംഗീകാരമായി. കാൽ നൂറ്റാണ്ടു മുൻപ് ഭാരതീയ ജനതാ പാർട്ടിയുടെ രൂപീകരണം മുതൽ ജോർജ് കുര്യൻ പാർട്ടിയോടൊപ്പം നിഴൽ പോലെയുണ്ട്. മധ്യതിരുവിതാം കൂറിൽ നിന്നും ക്രിസ്ത്യൻ സമുദായംഗമായ ജോർജ് കുര്യനെ മന്ത്രിയാക്കുക വഴി കത്തോലിക്ക സഭയിലേക്ക് കൂടുതൽ സഹകരണത്തിൻ്റെ പാലം പണിയാനാണ് ബി.ജെ.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കേരളത്തിൽ വരാൻ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ജോർജ് കുര്യൻ്റെ മന്ത്രി സ്ഥാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബിജെപി ഉണ്ടായ കാലം മുതൽ കോട്ടയത്തുകാരൻ ജോർജ് കുര്യൻ ബിജെപിക്കാരനാണ്. പാർട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകനായിരുന്നു ഇദ്ദേഹം.
നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. നിലക്കൽ സമരകാലത്ത് സഭയ്ക്കകത്തുനിന്നും പുറത്ത് നിന്നും മാത്രമല്ല കുടുംബത്തിൽ നിന്ന് പോലും നേരിട്ട വെല്ലുവിളികളെ അതിജീവിച്ചായിരുന്നു യുവമോർച്ചയിലേക്കുള്ള വളർച്ച. ഒ രാജഗോപാൽ കേന്ദ്ര സഹമന്ത്രിയായപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി ദില്ലിയിലെത്തി. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിർണായക ചുമതലകൾ വഹിച്ചു.
ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത ജോർജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവർത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്. മണിപ്പൂർ കലാപം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രതിസന്ധിയായപ്പോഴൊക്കെ ശക്തമായ പ്രതിരോധം തീർത്തു. അധികാരത്തർക്കത്തിലും സംസ്ഥാന ബിജെപിയിൽ മാറി മറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിലും പക്ഷം പിടിക്കാൻ പോയില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ജോർജ്ജ് കുര്യൻ ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള പാനലിലെ അംഗം കൂടിയാണ്.
രാമജന്മഭൂമി പ്രശ്നം അടക്കം ബിജെപിയുടെ തീവ്ര നിലപാടുകളെ എല്ലാക്കാലത്തും ശക്തമായി പിന്തുണയ്ക്കുന്ന, അതിശക്തമായി ന്യായീകരിക്കുക്കുന്ന, ജോർജ് കുര്യൻ ആർഎസ്എസിനും അത്രമേൽ പ്രിയപ്പെട്ട ന്യൂനപക്ഷ നേതാവാണ്. ഒരു സീറ്റിലെ വിജയം മാത്രമല്ല കേരളത്തിലെ ബിജെപിയുടെ മെച്ചപ്പെട്ട പ്രകടനത്തിൽ ക്രൈസ്തവ വിഭാഗത്തിനുള്ള സ്വാധീനവും സഭയെ സംഘടനയോട് അടുപ്പിക്കുന്നതിൽ ജോർജ്ജ് കുര്യൻ വഹിച്ച പങ്കും എല്ലാം പരിഗണിച്ചാണ് മൂന്നാം മോദി സർക്കാരിൽ മന്ത്രി പദവി ലഭിച്ചത്.
പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തോടൊപ്പം ചേർന്നു സഞ്ചരിച്ച ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനം കേരളത്തിലെ റബർ കർഷകർ ഏറെ പ്രതീക്ഷയോടാണ് കാണുന്നത്. റബ്ബർ വില വർധനവിലും കർഷകർ നേരിടുന്ന വിഷയങ്ങളിലും ജോർജ് കുര്യൻ്റെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയെയാണ് കേരളം ഉറ്റുനോക്കുന്നത്.