Arrest | ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍


● യൂനിനെ കസ്റ്റഡിയിലെടുക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് നടന്നത്.
● നിലവിലെ വാറന്റ് പ്രകാരം യൂണിനെ 48 മണിക്കൂര്‍ വരെ തടവിലിടാം.
● കസ്റ്റഡി നീട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ വാറന്റിന് അപേക്ഷിക്കണം.
● 204-85 വോട്ടുകള്‍ക്കാണ് യൂനിനെ ഇംപീച്ച് ചെയ്തത്.
സോള്‍: (KVARTHA) സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് യൂന്‍. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ യൂന്‍ സുക് യോലിനെ അറസ്റ്റ് ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വിവാദ പട്ടാള നിയമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാന്‍ അദ്ദേഹം സമ്മതിച്ചതായി അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റ് യൂന്‍ അഴിമതി അന്വേഷണ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ തീരുമാനിച്ചുവെന്ന് അഭിഭാഷകന്‍ സിയോക് ഡോങ്-ഹിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിലവിലെ വാറന്റ് പ്രകാരം യൂനിനെ 48 മണിക്കൂര്‍ വരെ തടവിലിടാം.
എന്നാല്‍, ആയിരത്തോളം ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണ് യൂനിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. വസതിക്ക് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂണിന്റെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്ത് കടക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യൂനിന്റെ കസ്റ്റഡി നീട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ വാറന്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഡിസംബര്‍ 14-ന് പ്രതിപക്ഷത്തിന് ആധിപത്യമുള്ള അസംബ്ലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിനെത്തുടര്‍ന്ന് യൂനിന്റെ പ്രസിഡന്റ് അധികാരങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേസ് ഇപ്പോള്‍ ഭരണഘടനാ കോടതിയിലാണ്. 204-85 വോട്ടുകള്‍ക്കാണ് യൂനിനെ ഇംപീച്ച് ചെയ്തത്.
യൂനിനെ കസ്റ്റഡിയിലെടുക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് നടന്നത്. ജനുവരി 3ന് യൂനിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. അന്ന് അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫീസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേര്‍ന്ന് തടഞ്ഞു. പ്രസിഡന്റിന്റെ വസതിക്ക് ചുറ്റും യൂനിന്റെ അനുയായികള്‍ തടിച്ചുകൂടിയതോടെ ആറ് മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയിരുന്നു.
ആഴ്ചകളായി സിയോളിലെ വസതിയില്‍ താമസിച്ചിരുന്ന യൂണിനെ കസ്റ്റഡിയിലെടുക്കാന്‍ 1,000-ത്തിലധികം പൊലീസുകാരെയും അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെയും രംഗത്തിറക്കിയിരുന്നു. സൈനിക നിയമ പ്രഖ്യാപനത്തിനും തുടര്‍ന്നുള്ള ഇംപീച്ച്മെന്റിനും ശേഷം ഡിസംബര്‍ 12 മുതല്‍ യൂന്‍ അദ്ദേഹത്തിന്റെ വസതിയിലാണ്. വിമത കുറ്റത്തിന് ചൊവ്വാഴ്ച കോടതി തടങ്കല്‍ വാറന്റ് പുറപ്പെടുവിച്ചു.
പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്ന് വിലയിരുത്തിയ ഡിസ്ട്രിക്ട് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം മൂന്നിന് യൂന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ആറ് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു. പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയം 14ന് പാര്‍ലമെന്റ് പാസാക്കി.
#SouthKorea #YoonSukYeol #Arrest #Impeachment #CoupAttempt #AsiaNews