Politics | വിദേശ സർവകലാശാലകൾക്ക് ഇടത് സർക്കാർ ചുവപ്പു പരവതാനി വിരിക്കുമ്പോൾ; ഡോ. ടി പി ശ്രീനിവാസനോട് എസ്എഫ്ഐ ഇനിയെങ്കിലും മാപ്പുപറയുമോ?


● വിദേശ സർവകലാശാലകൾക്കെതിരെ എസ്എഫ്ഐ സമരങ്ങൾ നടത്തിയിട്ടുണ്ട്.
● ഇപ്പോൾ എസ്എഫ്ഐയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു.
● വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തം
● സാമൂഹിക നീതിയും മെറിറ്റും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ
ഭാമനാവത്ത്
(KVARTHA) വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നതിൽ നേരത്തെ ഒരുപാട് പ്രതിഷേധ സമരങ്ങൾ കണ്ടതാണ് മലയാളികൾ. ഇത്തരമൊരു സെമിനാറിൽ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദ്ധൻ ഡോ. ടി പി ശ്രീനിവാസൻ്റെ മുഖത്തടിച്ചു വീഴ്ത്തിയത് അതിനെതിരെ സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് ഇത്തരമൊരു നിർഭാഗ്യകരമായ സംഭവം ഉണ്ടായത്. അതിനു ശേഷം കാലമേറെ കഴിഞ്ഞു. ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാർ വിദേശ സർവകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കുന്നു.
കേരളത്തിൽ നിന്നും വിദേശ സർവകലാശാലകളിലേക്ക് പ്ലസ് ടു കഴിഞ്ഞാൽ വിദ്യാർത്ഥികളുടെ ഒഴുക്ക് ഉണ്ടാവുകയാണ്. ഇതു തടയുന്നതിനാണ് അത്തരം വിദേശ സർവകലാശാലകളെ തന്നെ നമ്മുടെ നാട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ചു വൈകിയെത്തിയ വിവേകമാണിത്. എന്നാൽ ഈ നയം നടപ്പിലാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ പലതാണ്. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി സർക്കാർ പുതിയ നയത്തെ കുറിച്ചു കൂടിയാലോചനകൾ ഇതുവരെ നടത്തിയിട്ടില്ല. കേരളത്തിൽ പ്രവർത്തിക്കാൻ തയ്യാറുള്ള വിദേശ സർവകലാശാലകൾക്ക് ഭൗതികസൗകര്യങ്ങളായി അന്താരാഷ്ട്ര നിലവാരമുള്ള ക്യാംപസുകൾ ഒരുക്കണം.
മാത്രമല്ല പൂർണ സ്വാതന്ത്ര്യമാണ് ഇത്തരം വിദേശ സർവകലാശാലകൾ ആവശ്യപ്പെടുന്നത്. അവർ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ ഭരിക്കുന്ന സർക്കാരുകളെ അധികാര പരിധിയിൽ കൈകടത്താൻ അനുവദിക്കാറില്ല. യു.എസിനെ പോലും മാറ്റി നിർത്തുന്ന വിദേശ സർവകലാശാലകൾ ഇന്ത്യയിലെ ഒരു ഫെഡറൽ സംസ്ഥാനമായ കേരളം വരയ്ക്കുന്ന കള്ളിക്കുള്ളിൽ നിൽക്കാൻ സാധ്യത വളരെ കുറവാണ്. കഴിവ് മാനദണ്ഡമാക്കി സാമൂഹിക നീതിയിലൂന്നിയുള്ള പൊതുവിദ്യാഭ്യാസമെന്ന സർക്കാർ ആശയം വിദേശ സർവകലാശാലകൾ അംഗീകരിക്കണമെന്നില്ല വിദേശസർവകലാശാലകൾ കേരളത്തിലേക്ക് വരുന്നത് ലാഭം കൊയ്യാൻ മാത്രമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ അമിതമായരാഷ്ട്രീയവൽക്കരണം കൊണ്ടു മുടിപ്പിച്ച ഒരു സർക്കാരിൻ്റെ തള്ളുകളായി മാത്രമേ സാമൂഹി നീതിയെന്ന വാദങ്ങളെ കാണാനാവുകയുള്ളു. സ്വകാര്യ സർകലാശാലകൾ കേരളത്തിലേക്ക് വരുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് എസ്.എഫ്.ഐയെന്ന വിദ്യാർത്ഥി സംഘടനയുടെ വിശ്വാസ്യതയാണ്. സ്വന്തം പാർട്ടി ഭരിക്കുന്ന സർക്കാരനെതിരെ പ്രതികരിക്കാൻ പോലും അവർക്ക് കഴിയുന്നില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം സർവകലാശാല യൂനിയനുകൾ ഭരിക്കുന്ന എസ്.എഫ്.ഐയെ സർക്കാർ നയം മാറ്റം വെട്ടിലാക്കിയിരിക്കുകയാണ്.
വിദേശ സർവകലാശാലകളിൽ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്നും ബിൽ പാസാക്കും മുൻപ് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും വിദ്യാർത്ഥി സംഘടനകളോട് ചർച്ച നടത്തണമെന്നുമാണ് എസ്എഫ്ഐ നേതാക്കൾ പറയുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് ഇളവ് വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തകകൾക്ക് തുറന്നിട്ട് കൊടുക്കുന്ന സമീപനമാണ് കോൺഗ്രസ് - ബിജെപി സർക്കാരുകൾ സ്വീകരിച്ചതെന്നും എസ്എഫ്ഐ നേതാക്കൾ വിമർശിക്കുന്നു.
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും സ്വകാര്യവത്കരിക്കാൻ നടത്തിയ നീക്കങ്ങളെ ചെറുത്ത് തോൽപ്പിച്ചത് എസ്എഫ്ഐയുടെ സമരക്കരുത്താണെന്നും അവർ അവകാശപ്പെടുന്നുണ്ട്. അടച്ചു പൂട്ടേണ്ട മൂവായിരത്തിലധികം സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഇന്ന് കേരളത്തിൽ മികവിൻ്റെ കേന്ദ്രങ്ങളായി തലയുയർത്തി നിൽക്കുന്നത് എസ്എഫ്ഐയുടെ സമരത്തിൻ്റെ ഫലമായാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ആരംഭിക്കാനിരുന്ന സ്വാശ്രയ കോളേജുകളിൽ സാമൂഹിക നീതിക്കും മെറിറ്റിനും വേണ്ടി ഐതിഹാസികമായ സമരമാണ് എസ്എഫ്ഐ സംഘടിപ്പിച്ചത്.
അതിനെ തുടർന്നാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ റിസർവേഷനും, 50 ശതമാനം മെറിറ്റ് സീറ്റുകളും, ഫീ റഗുലേറ്ററി കമ്മീഷനുകളും യാഥാർത്ഥ്യമായത് എന്നും എസ്എഫ്ഐ വ്യക്തമാക്കി. പൂർണമായും സ്റ്റേറ്റ് ലിസ്‌റ്റിൽ ഉൾപ്പെട്ടിരുന്ന വിദ്യാഭ്യാസം കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അന്ന് മുതൽ വിദ്യാഭ്യാസ മേഖലയെ കേന്ദ്രവത്കരിക്കാനുള്ള ശ്രമങ്ങളാണ് മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ തുടർന്നത്. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഇതിന് ആക്കം കൂടി. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ അവകാശം ഓരോന്നോരോന്നായി റദ്ദ് ചെയ്ത് കൊണ്ടിരിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയം 2020, യുജിസി ചട്ടഭേദഗതിയുടെ കരട് എന്നിവ ഇതിനുദാഹരണമാണ് കേരളത്തിലെ സ്വകാര്യ ഡീംഡ് യൂണിവേഴ്സിറ്റികളിൽ സാമൂഹിക നീതിയോ മെറിറ്റോ, സർക്കാർ നിയന്ത്രണങ്ങളോ, വിദ്യാർത്ഥി - അദ്ധ്യാപക - അനദ്ധ്യാപക സംഘടനാ സ്വാതന്ത്ര്യമോ ഒന്നുമില്ലെന്നും എസ്എഫ്ഐ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ജനാധിപത്യ അവകാശങ്ങൾ. സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, ജീവനക്കാർക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാർത്ഥി യൂണിയൻ ഉൾപ്പെടെയുള്ള ജനാധിപത്യ വേദികൾ ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണമെന്നതാണ് എസ്.എഫ്.ഐയുടെ പക്ഷം.
വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്ന ആശങ്കകൾ അനുഭാവപൂർവ്വം പരിഗണിച്ചും, വിദ്യാർത്ഥി സംഘടനകളോട് ചർച്ച ചെയ്തും മാത്രമേ സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കാൻ പാടുള്ളൂവെന്നും സംസ്ഥാന സർക്കാരിനോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. എന്നാൽ ഇതൊക്കെ പരിഗണിച്ചു കൊണ്ടു കേരളത്തിൽ വിദേശ സർവകലാശാലകൾ പ്രവർത്തിക്കാൻ എത്തില്ലെന്ന് അവർക്കും അറിയാം, ജനങ്ങൾക്കും അറിയാം. കംപ്യുട്ടറിനും ദേശീയപാതയ്ക്കുമെതിരെ സമരം നടത്തിയ സി.പി.എമ്മിന് വർഷങ്ങൾ വേണ്ടി വന്നു തെറ്റുതിരുത്താൻ. എസ്.എഫ്.ഐയുടെതും അത്തരമൊരു വാചാടോപമായി മാത്രമേ ജനങ്ങൾ കാണുകയുള്ളു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുക.
The article discusses the irony of the Left government in Kerala welcoming foreign universities after SFI protests against the same during the UDF government's time. It highlights the challenges in implementing this policy, including infrastructure, autonomy, and ideological conflicts. SFI's concerns about social justice and merit in foreign universities are also mentioned, along with their past struggles for public education. The article concludes by questioning SFI's credibility and the practicality of their demands.
#ForeignUniversities #KeralaEducation #SFI #LeftGovernment #Politics #HigherEducation