BJP | പരാജയത്തിന് കാരണം ജനവികാരം മാത്രമല്ല! ബിജെപി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
ദേശീയ നേതൃത്വത്തെ ഞെട്ടിക്കുന്നു
40 അംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ നിസ്സഹകരണത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്
അർണവ് അനിത
ന്യൂഡല്‍ഹി: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം ജനങ്ങള്‍ നല്‍കിയ പ്രഹരം മാത്രമല്ല, മോദി-ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയില്‍ പുകയുന്ന അമര്‍ഷം കൂടിയാണെന്ന് റിപ്പോര്‍ട്ട്. യുപിയിലെ കനത്ത പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച 40 അംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ നിസ്സഹകരണത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 78 ഇടത്തും സന്ദര്‍ശിച്ചാണ് ഇവര്‍ റിപ്പോർട്ട് തയ്യാറാക്കിയത്.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും മറനീക്കി പുറത്തുവരുന്നുണ്ട്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ നടത്തണമെന്ന് ബിജെപി നേതാവ് അശ്വനി ചൗബെ ആവശ്യപ്പെട്ടത് ജനതാദള്‍ യുണൈറ്റഡുമായുള്ള (ജെഡിയു) അഭിപ്രായ ഭിന്നത കൊണ്ട് മാത്രമല്ലെന്നാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബിജെപിയും ജെഡിയുവും തമ്മില്‍ നല്ല ഭിന്നതയിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അശ്വനി ബിജെപിയെ വെട്ടിലാക്കിയത്.
ബിഹാറിലെ ബക്‌സര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായിരുന്ന അശ്വനി ചൗബെയ്ക്ക് സീറ്റ് നല്‍കാത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും എതിരെ വലിയ എതിര്‍പ്പാണ് സംസ്ഥാന ഘടകത്തിലുള്ളതെനന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബ്രാഹ്‌മിണ്‍ വിഭാഗത്തില്‍ പെടുന്ന അശ്വനി, ന്യൂനപക്ഷ വിദ്വേഷ പ്രചാരണം കൊണ്ട് ശ്രദ്ധേയനായ നേതാവാണ്. തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്എസ് തലവന്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയതിന് പിന്നാലെ അശ്വനിയും നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
മോദി-അമിത് ഷാ സഖ്യത്തിനെതിരെ ശീതയുദ്ധം നടത്തുന്നെന്ന് കരുതുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, നിതിന്‍ ഗഡ്ക്കരി എന്നിവരുടെ കൂടാരത്തിലാണ് അശ്വനിയിപ്പോള്‍. 2005 ല്‍ ബിജെപി-ജെഡിയു മന്ത്രിസഭയിലെ അംഗമായിരുന്ന അശ്വനിയെ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് ഇഷ്ടമല്ലായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അശ്വനി നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നായിരുന്നു നിതീഷിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീല്‍ മോദിയുമായി അശ്വനി നല്ല അടുപ്പത്തിലായിരുന്നു. വാജ്‌പേയി-അദ്വാനി കാലത്തെ പ്രമുഖനായ നേതാക്കളില്‍ ഒരാളായിരുന്നു സുശീല്‍ മോദി. നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായതോടെ അശ്വനി അദ്ദേഹത്തിന്റെ വിശ്വസ്തനായി. വാജ്‌പേയി-അദ്വാനി കൂട്ടുകെട്ടിലെ ശക്തനായ നേതാവായ ലാല്‍മുനി ചൗബെയെ വെട്ടിനിരത്താനായി മോദിയും ഷായും 2019ല്‍ അശ്വനിയെ ബക്‌സര്‍ ലോക്‌സഭാ മണ്ഡലത്തിലിറക്കി. വിജയിച്ചതോടെ കേന്ദ്രമന്ത്രിയുമാക്കി.
അശ്വനിയുടെ വളര്‍ച്ചയ്ക്ക് മോദിയും ഷായും തന്നെ തടയിട്ടു. ഇത്തവണ മിതിലേഷ് തിവാരിയ്ക്കാണ് ബക്‌സറില്‍ സീറ്റ് കൊടുത്തത്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം തിവാരി തോറ്റു. സീറ്റ് കിട്ടാത്തതോടെ മോഡി-ഷാ സഖ്യവുമായി അശ്വനി അകന്നു.
സംസ്ഥാനത്ത് എം.എല്‍എയും മന്ത്രിയുമായിരുന്ന തന്നെ വഴിയാധാരമാക്കിയതിനെതിരെ അശ്വനി പടപ്പുറപ്പാട് ആരംഭിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിന്റെ തുടക്കമായാണ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കണമെന്നും ജെഡിയുവിനെ സഖ്യകക്ഷിയാക്കണമെന്നും തുറന്നടിച്ചതെന്നാണ് പറയുന്നത്. അപകടം മനസ്സിലാക്കി, ബിഹാറിന്റെ ചുമതലയുള്ള വിനോദ് താവഡെ പെട്ടെന്ന് തന്നെ നിതീഷ് കുമാറിനെ നേരില്‍ കണ്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു.
1996 മുതല്‍ നിതീഷ് കുമാറാണ് ബിഹാറിലെ എന്‍ഡിഎയെ നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എല്ലാ തെരഞ്ഞെടുപ്പുകളും നേരിട്ടിട്ടുള്ളതെന്നും ഇനിയതിന് മാറ്റമില്ലെമെന്നും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും വ്യക്തമാക്കി. അശ്വനി ചൗബെയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാടുമായി യാതൊരു ബന്ധമില്ലെന്നും പ്രതികരിച്ചു. ഇതോടെ സംസ്ഥാന ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതിനിയും നടക്കാനിരിക്കുന്നേയുള്ള എന്നാണ് ലഭ്യമായ വിവരം.
യോഗി സര്‍ക്കാരിലെ പാര്‍ട്ടി എംഎല്‍എമാരും മന്ത്രിമാരും തെരഞ്ഞെടുപ്പ് പരാജയത്തിന് അട്ടിമറി നടത്തിയെന്നാണ് ബിജെപി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ യാതൊരു ഏകോപനവും ഇല്ലായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാനായില്ല എന്നീ കാരണങ്ങളും പരാജയത്തിന് വഴിയൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് കൈമാറി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിസഹകരണം വലിയ തിരിച്ചടിയായി. ഇതേ തുര്‍ന്ന് ബിജെപി പരാജയപ്പെട്ട 12 മണ്ഡലങ്ങളിലെ ജില്ലാ കളക്ടര്‍മാരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ ആഴ്ച സ്ഥലംമാറ്റി. സിതാപൂര്‍, ബന്ധ, ബസ്തി, ശ്രവാസ്തി, കൗശമ്പി, സാംമ്പാള്‍, സഹരന്‍പൂര്‍, മൊറാദാബാദ്, ഹാത്രസ് ജില്ലാ കളക്ടര്‍മാരെയാണ് മാറ്റിയത്. ജില്ലാ ഭരണകൂടം ബിജെപിക്കൊപ്പം നിന്നില്ലെന്ന് പ്രാദേശിക നേതാക്കന്‍മാര്‍ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പരാതി പറഞ്ഞിരുന്നു. വോട്ടെടുപ്പ് ദിവസം പല പ്രശ്‌നങ്ങളും ഉദ്യോഗസ്ഥരുണ്ടാക്കിയെന്നും പാര്‍ട്ടിക്കാരെ അപമാനിച്ചെന്നും പറഞ്ഞു.
വലിയ പരാജയത്തിന് കാരണം ദളിതരും പിന്നാക്കക്കാരും പാര്‍ട്ടിയില്‍ നിന്ന് അകന്നത് അകന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന അട്ടിമറിക്കുമെന്ന പ്രതിപക്ഷ പ്രചരണം തിരിച്ചടിയായി. സംവരണം ഇല്ലാതാകുമെന്ന് ബോധ്യം വന്ന ദളിത് സമുദായങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു. ഇതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ പറഞ്ഞു. ദളിത്, മുസ്ലിം വോട്ടുകള്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) നേടാതിരിക്കുകയും മുസ്ലിം വോട്ട് കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി (എസ്പി) സഖ്യത്തിന് ലഭിക്കുകയും ചെയ്തതോടെ പഴയപോലെ വോട്ട് വിഭജയം ഉണ്ടായില്ല.
പല സ്ഥലങ്ങളിലും ബിജെപി എംഎല്‍എമാരും മന്ത്രിമാരും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് പറഞ്ഞു. പ്രാദേശിക അട്ടിമറികള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും പതിവാണ്. സാധാരണ മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നാലെ മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ നീക്കമുണ്ടാകൂ. ഇതെന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഉദ്യോഗസ്ഥന്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം നിസ്സാരമായി കാണരുതെന്നും- മുതിര്‍ന്ന നേതാവ് പറയുന്നു.
യോഗിയോടുള്ള കടുത്ത എതിര്‍പ്പാണ് മറ്റ് നേതാക്കള്‍ പ്രകടിപ്പിച്ചതെന്ന് അറിയുന്നു. 2019ല്‍ യുപിയില്‍ 62 സീറ്റാണ് കിട്ടിയത്. ഇത്തവണയത് 33 ആയി ചുരുങ്ങി. ഏഴ് ശതമാനം വോട്ടും കുറഞ്ഞു. നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഏറെ പിന്നിലായി. 165 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നില്‍. കേവലഭൂരിപക്ഷത്തിന് 37 സീറ്റിന്റെ കുറവുണ്ട്. കോണ്‍ഗ്രസ്-എസ് സഖ്യം 222 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.