Controversy | നടപ്പിലായത് മുഖ്യമന്ത്രിയുടെ പിടിവാശിയോ! എഡിജിപി വിഷയത്തിൽ കലിപ്പിൽ എൽഡിഎഫ് ഘടകകക്ഷികൾ; മറുകണ്ടം ചാടാൻ മുന്നൊരുക്കമോ?
● സിപിഐ, യുഡിഎഫിലേക്ക് മാറണമെന്ന ആവശ്യം ശക്തമാക്കുന്നു.
● ആർജെഡി അതൃപ്തി പരസ്യമാക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ആർ.എസ്.എസ് നേതാക്കളെ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിൽ എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് വൻ നിരാശ. മുന്നണിയിൽ ഇവർ ഉയർത്തിയ വിമർശനങ്ങൾ ചായകോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റാൻ പോലും കെൽപ്പില്ലാത്ത നിസഹായമായ അവസ്ഥയിലായി ഇടതുമുന്നണിയിലെ പാർട്ടികൾ. മറ്റു പാർട്ടികൾ അജിത്ത് കുമാറിനെ മാറ്റണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുകയും എൽ.ഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അനുകൂലിക്കുകയും ചെയ്തിട്ടും നടപടി ഇപ്പോൾ വേണ്ടെന്ന പിടിവാശിയാണ് കഴിഞ്ഞദിവസം നടന്ന യോഗത്തിൽ മുഖമന്ത്രി സ്വീകരിച്ചത്. ഇതിൽ ഘടകകക്ഷി നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.
ആർജെഡി അത് പരസ്യമാക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി. വെറുമൊരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് മാറ്റാൻ മുന്നണി യോഗത്തിൽ അതിശക്തമായ ആവശ്യം ഉയർന്നിട്ടും മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളും സംശയങ്ങളും ബലപ്പെടുത്തുന്ന വിധത്തിലാണെന്നാണ് മുന്നണി നേതാക്കൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ ഇനിയും മാറ്റാൻ ഒരുമാസം നീളുന്ന അന്വേഷണം വരെ എന്തിന് കാത്തുനിൽക്കണമെന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കമുയരുന്ന സാഹചര്യത്തിലും ഈക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിൽ ഒരിഞ്ചുപോലും മാറ്റമുണ്ടായിട്ടില്ല.
ആർഎസ്എസിനെതിരായ പോരാട്ടം വാക്കിൽ മാത്രമാണെന്ന തോന്നിപ്പിക്കും വിധം, മുന്നണിയുടെ അടിത്തറ ഇളക്കും വിധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനുള്ള പിണറായിയുടെ പിന്തുണയെന്നാണ് സി.പി.ഐയുടെ വിമർശനം. ഇതിനിടെ നാല് ദിവസത്തെ അവധി പിൻവലിച്ചു ആരോപണ വിധേയനായ എം.ആർ അജിത്ത് കുമാർ തൽസ്ഥാനത്തേക്ക് തിരിച്ചു വന്നതും ഘടകകക്ഷികളെ പ്രകോപിതരാക്കിയിട്ടുണ്ട്. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതൽ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാർ മാറ്റിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.
അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി വി അൻവർ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങൾക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു അവധി ചോദിച്ചിരുന്നത്. അൻവറിന് ഒപ്പം അജിത് കുമാറിൻ്റെയും പരാതി ഉള്ളതിനാൽ അജിത് കുമാറിൻ്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അൻവറിൻ്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരായ നടപടിയെന്ത് എന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ തുടരുകയാണ്.
എന്നാൽ മുഖ്യമന്ത്രി ഏകാധിപത്യം തുടരുന്ന സാഹചര്യത്തിൽ ഇനിയും അപമാനം സഹിച്ചു മുന്നണിയിൽ നിൽക്കാനാവില്ലെന്ന വികാരം സി.പി.ഐയിൽ നിന്നുയരുന്നുണ്ട്. നേരത്തെ മുന്നണി മാറ്റം സജീവമായ പാർട്ടിയിൽ ഇതോടെ യു.ഡി.എഫിലേക്ക് ചേക്കേറണമെന്ന അഭിപ്രായം ശക്തമായിരിക്കുകയാണ്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി എ.ഡി.ജി.പിയെ മാറ്റുന്നതിൽ കാണിച്ച അവഗണന സി.പി.ഐ സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കേന്ദ്രത്തിൽ ഇൻഡ്യാ മുന്നണിക്കൊപ്പം നിൽക്കുന്ന പാർട്ടി കേരളത്തിലും അതേ നിലപാട് തന്നെ സ്വീകരിക്കണമെന്ന ആവശ്യം അഡ്വ. പി സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ ഉന്നയിച്ചിരുന്നു.. കോൺഗ്രസിനോട് ചേർന്നാലെ ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് പ്രസക്തിയുള്ളൂവെന്നാണ് വിലയിരുത്തൽ.
#KeralaPolitics #LDF #CPI #PinarayiVijayan #ADGPControversy #RSS #Factionalism