Exit Polls | ആക്‌സിസ് മൈ ഇന്ത്യയും സി വോട്ടറും മഹാരാഷ്ട്രയിലെ എക്‌സിറ്റ് പോള്‍ ഫലം ഒരുദിവസം കഴിഞ്ഞ് പുറത്തുവിട്ടത് എന്തുകൊണ്ട്?
● എക്സിറ്റ് പോളുകളുടെ കൃത്യത ചോദ്യം ചെയ്യപ്പെടുന്നു
● വിവിധ ഏജൻസികൾ വ്യത്യസ്ത ഫലങ്ങൾ പ്രവചിക്കുന്നു
● പൊതുതെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ പരാജയപ്പെട്ടു
അർണവ് അനിത
(KVARTHA) ഏറെ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നെങ്കിലും പഴയപോലെ ജനങ്ങള്‍ക്ക് വിശ്വാസ്യതയില്ല. മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്ന് പറയുമ്പോള്‍ ഝാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിന് ഭരണം നഷ്ടപ്പെടുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. ഏക സ്വഭാവമില്ലാത്തതിനാല്‍ ഇവരില്‍ ആരുടെ പ്രവചനങ്ങള്‍ ഫലിക്കുമെന്ന് അറിയില്ല.
എക്സിറ്റ് പോളുകള്‍ സാധാരണയായി അഭിപ്രായ വോട്ടെടുപ്പുകളേക്കാള്‍ മികച്ചതാണ്, സീറ്റുകളുടെ എണ്ണം വളരെ കൃത്യമല്ലെങ്കില്‍ പോലും അവ ഒരു തിരഞ്ഞെടുപ്പ് തരംഗത്തിന്‌റെ ദിശ നിര്‍ദ്ദേശിക്കുന്നു. പക്ഷെ, 2024-ലെ പൊതുതെരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകളുടെ പരാജയം വലിയ നാണക്കേടായി, എല്ലാ ഏജന്‍സികളും നല്‍കിയത് തെറ്റായ വിവരങ്ങളാണ്. തുടര്‍ന്ന് നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ എക്‌സിറ്റ് പോളുകളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതിലേക്ക് ആളുകളെ നയിച്ചു.
ആക്‌സിസ് മൈ ഇന്ത്യയും സി വോട്ടറും മഹാരാഷ്ട്രയിലെ തങ്ങളുടെ സംഖ്യ പുറത്തുവിട്ടത് ഒരു ദിവസം കഴിഞ്ഞാണ്. എൻഡിഎ 178-200 സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം 80-102 സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 6-12 സീറ്റുകൾ നേടുമെന്നും വ്യാഴാഴ്ച വൈകീട്ട് പുറത്തുവിട്ട ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം പറയുന്നു. സി-വോട്ടർ, എൻഡിഎയ്ക്ക് മഹാരാഷ്ട്രയിൽ 112 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 104 സീറ്റുകളും നൽകുന്നു. മറ്റുള്ളവർക്ക് 11 സീറ്റുകൾ ലഭിച്ചേക്കാം. അതേസമയം സംസ്ഥാനത്ത് 61 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്, അതായത് ഈ സീറ്റുകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പ്രയാസമാണ് എന്നാണ് സി-വോട്ടർ എക്സിറ്റ് പോൾ ഫലം.
ഡാറ്റ പഠിക്കാന്‍ ഒരു ദിവസം വേണമെന്നായിരുന്നു അവർ നേരത്തെ പറഞ്ഞത്. സമീപകാല പരാജയങ്ങള്‍ക്ക് ശേഷം അവര്‍ ജാഗ്രതപുലര്‍ത്തുന്നു. ഈ തെരഞ്ഞെടുപ്പ് സീസണ്‍ പോളിംഗ് ഏജന്‍സികള്‍ക്ക് നിര്‍ണായകമായിരിക്കാം. അവര്‍ക്ക് തെറ്റുപറ്റിയാല്‍ വലിയ വിലനല്‍കേണ്ടിവരും, വ്യവസായത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും കാഴ്ചക്കാരുടെയും സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളുടെയും വിശ്വാസം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണവര്‍.
149 സീറ്റുകളുമായി മഹായുതി അധികാരം നിലനിര്‍ത്തുകയും 129 സീറ്റില്‍ എംവിഎ ചുരുങ്ങുമെന്നും മഹാരാഷ്ട്രയിലെ പല സര്‍വേകൾ കാണിക്കുന്നു, പൊതുതെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ജനപിന്തുണ കൂട്ടുന്നതില്‍ എംവിഎ പരാജയപ്പെട്ടു. എന്നാല്‍ രണ്ട് ഏജന്‍സികള്‍ എംവിഎ വിജയം പ്രവചിക്കുന്നു.
ഝാര്‍ഖണ്ഡില്‍, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും ജെ.എം.എം നയിക്കുന്ന ഇന്ത്യാ ബ്ലോക്കും ഏതാണ്ട് തുല്യമായ സീറ്റുകള്‍ നേടുമെന്നും 39-38 സീറ്റുകളോടെ ഒരു തൂക്കുസഭയാണ് സര്‍വേ സൂചിപ്പിക്കുന്നത്. മൂന്ന് ഏജന്‍സികള്‍ ഇന്ത്യാ ബ്ലോക്കിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ നാലെണ്ണം എന്‍ഡിഎയ്ക്കും ഒരണ്ണം തൂക്കുസഭയും പ്രവചിക്കുന്നു. എക്‌സിറ്റ് പോള്‍ നടത്തുന്നവര്‍ ശാസ്ത്രീയ സാമ്പിളിംഗ് നടത്തുമ്പോള്‍, വോട്ടര്‍മാര്‍ അതേ ശാസ്ത്രീയമായ രീതിയില്‍ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യാം.
ഉദാഹരണത്തിന്, ചില വോട്ടിംഗ് ഗ്രൂപ്പുകള്‍ക്ക് അത്തരം സര്‍വേകളില്‍ പങ്കെടുക്കുന്നതില്‍ ഭയമില്ലായിരിക്കാം, മറ്റുള്ളവര്‍ അങ്ങനെയായിരിക്കില്ല. കൂടാതെ, ചില വോട്ടര്‍മാര്‍ അഭിപ്രായം തേടുമ്പോള്‍ കള്ളം പറഞ്ഞേക്കാം. അതിനാല്‍ എക്‌സിറ്റ് പോള്‍ നടത്തുന്നയാള്‍ ഇതിന് തിരുത്തല്‍ വരുത്തേണ്ടതുണ്ട്, മാത്രമല്ല ഇത് ചെയ്യുന്നതിന് ചരിത്രപരമായ ഡാറ്റ ഉപയോഗിക്കുകയും വേണം. ഈ പശ്ചാത്തലത്തില്‍, ആരു വിജയിക്കുമെന്ന് പ്രവചിക്കുക ഏജന്‍സികള്‍ക്ക് എളുപ്പമല്ല.
ചില സര്‍വേക്കാര്‍ സൂചിപ്പിക്കുന്നത് പോലെ എന്‍ഡിഎ മഹാരാഷ്ട്രയില്‍ ജയിക്കുകയും ജാര്‍ഖണ്ഡില്‍ തോല്‍ക്കുകയും ചെയ്താല്‍, ലഡ്കി ബഹിന്‍/മായ സമ്മാന്‍ പദ്ധതികള്‍ രണ്ട് സംസ്ഥാനങ്ങളിലും ജനം ഏറ്റെടുത്തെന്നാണ് അര്‍ത്ഥമാക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും എന്‍ഡിഎ വിജയിക്കുകയാണെങ്കില്‍, മഹാരാഷ്ട്രയില്‍ ലഡ്കി ബഹിന്‍ യോജന ഫലവത്തായി എന്ന് കരുതാം. എന്നാല്‍ ഝാര്‍ഖണ്ഡില്‍ സമാനമായ ഒരു പദ്ധതി ജനം ഏറ്റെടുത്തുമില്ല. മഹായുതി മഹാരാഷ്ട്രയില്‍ വിജയിക്കുകയാണെങ്കില്‍, കാര്‍ഷിക ദുരിതം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഗ്രാമീണ ദുരിതം, അഴിമതി, മറാത്താ പ്രക്ഷോഭം തുടങ്ങിയ പ്രശ്നങ്ങളെല്ലാം ലഡ്കി ബഹിന്‍ യോജനയും ബി.ജെ.പിയുടെ മൈക്രോ മാനേജ്മെന്റും മറികടന്നെന്ന് സൂചിപ്പിക്കുന്നു.
രണ്ട് ഏജന്‍സികള്‍ പ്രവചിക്കുന്നത് പോലെ, എംവിഎ വിജയിക്കുകയാണെങ്കില്‍, അതിര്‍ത്ഥം ഭരണവിരുദ്ധവികാരം ശക്തമാണെന്നാണ്, അതായത്, എല്ലാ ജീവല്‍ പ്രശ്നങ്ങളും പ്രാധാന്യമര്‍ഹിക്കുന്നെന്നും മനസ്സിലാക്കാം. ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം ഝാര്‍ഖണ്ഡില്‍ വിജയിക്കുകയാണെങ്കില്‍, ഗോത്രവര്‍ഗ സ്വത്വം/അഭിമാനം ഒരു പ്രധാന പങ്ക് വഹിച്ചെന്ന് ഉറപ്പിക്കാം. ഇത് ബിജെപിയുടെ വിഭജിച്ചാല്‍ തകരും എന്ന മുദ്രാവാക്യത്തെ തകര്‍ത്തെന്ന് ഉറപ്പിക്കുകയും ചെയ്യാം. മാത്രമല്ല ഹേമന്ത് സൊരേന്‍ ആദിവാസികളുടെ അനിഷേധ്യ നേതാവായി മാറുകയും ചെയ്യും. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎ വിജയിക്കുകയാണെങ്കില്‍, ബിജെപിയുടെ വിഭജന രാഷ്ട്രീയം ജനം ഏറ്റെടുത്തെന്ന് വിശ്വസിക്കാം, ആദിവാസികളല്ലാത്തവര്‍ ബിജെപിക്ക് പിന്നില്‍ വലിയ തോതില്‍ അണിനിരന്നു.
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ വിജയിച്ചാല്‍, 2024 ലെ പൊതുതെരഞ്ഞെടുപ്പിലുണ്ടായിരുന്ന ജനങ്ങളുടെ എതിര്‍പ്പ് മറികടക്കാനായെന്ന് ബിജെപിക്ക് തെളിയിക്കാന്‍ കഴിയും, കൂടാതെ പ്രധാനമന്ത്രി മോദി വീണ്ടും കരുത്തനാകും. ഏക സിവില്‍കോഡ്, വഖഫ്, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിവാദപരമായ ബില്ലുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.
മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും എന്‍ഡിഎയ്ക്ക് നഷ്ടമായാല്‍, മോദി മാജിക് ശരിക്കും മങ്ങുകയാണെന്നും പൊതുതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വലിയ പ്രശ്നങ്ങളായി തുടരുന്നെന്നും വ്യക്തമാക്കും. അഭിപ്രായ വോട്ടെടുപ്പ് സര്‍വേകളേക്കാള്‍ എക്‌സിറ്റ് പോളുകള്‍ കാഴ്ചക്കാരുടെയും ഇടപാടികാരുടെയും മനസ്സില്‍ വളരെക്കാലം നിലനില്‍ക്കും. അതിനാല്‍, കൃത്യമായ ഫലങ്ങള്‍ നല്‍കുന്നതിന് ഏജന്‍സികള്‍ക്ക്‌മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. അവിടെയാണ് വോട്ടെടുപ്പ് നടത്തുന്നവരുടെ പശ്ചാത്തലം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്.
എക്സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തിനും വോട്ടെണ്ണല്‍ ദിവസത്തിനും ഇടയിലുള്ള നമ്മുടെ ആകാംക്ഷയും ആവേശവും കെടുത്തുന്നു. അവ തെറ്റാണെങ്കില്‍പ്പോലും.
#MaharashtraElections #ExitPolls #IndiaElections #BJP #IndiaAlliance #ElectionAnalysis