Criticism | പോരാട്ടങ്ങളിൽ നിന്ന് പൊതിച്ചോറിലേക്ക് മാറുമ്പോൾ; ഡിവൈഎഫ്ഐ പിന്നിട്ട 44 വർഷങ്ങൾ


● ഡിവൈഎഫ്ഐയുടെ സജീവമായ പ്രവർത്തനങ്ങൾ കുറഞ്ഞു
● സാമൂഹിക സേവന പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു
● സമരങ്ങളിൽ നിന്ന് പിൻവാങ്ങിയെന്ന് വിമർശനം
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) രൂപീകരിച്ച് 44 വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ കേരളീയ സമൂഹത്തിൽ ഒരു കാലത്ത് സജീവമായിരുന്ന ഡി.വൈ.എഫ്.ഐയും തളരുന്നു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും പഞ്ചാബിലും സജീവമായിരുന്ന സംഘടന പലയിടങ്ങളിലും നാമ മാത്രമായാണ് പ്രവർത്തിക്കുന്നത്. സി.പി.എം മുപ്പതിലേറെക്കാലമായി തുടർഭരണം നടത്തിയ പശ്ചിമബംഗാളിൽ പാർട്ടിയോടൊപ്പം തന്നെ യുവജന സംഘടനയായ ഡിവൈ.എഫ്.ഐ യും ജനങ്ങൾ ചവിട്ടിക്കൂട്ടി മൂലയ്ക്കിരുത്തി.
മമത ബാനർജി സർക്കാരിനെതിരെയുള്ള പ്രക്ഷോഭവുമായി തിരിച്ചു വരാൻ ശ്രമിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയെന്ന് അവകാശപ്പെടുന്ന ഡിഫി. കേരളത്തിൽ കഴിഞ്ഞ എട്ടുവർഷമായി തുടരുന്ന പിണറായി സർക്കാരിനെ ന്യായീകരിച്ചു മെഴുകലാണ് ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനം. ചാനൽ ഫ്ളോറുകളിൽ വന്നിരുന്ന് ഈ കൃത്യത്തിന് ശേഷം അപഹാസ്യരായി മടങ്ങി പോകുന്നവരായി നേതാക്കൾ മാറി കഴിഞ്ഞു. 44 വർഷം മുൻപ് നവംബർ മൂന്നിന് പഞ്ചാബിലെ ലുധിയാനയിൽ രുപീകരിക്കപ്പെട്ട ഡി.വൈ.എഫ്.ഐ ആദ്യ രണ്ട് പതിറ്റാണ്ടുകളിൽ പൊരുതുന്ന യുവജന സംഘടനയെന്ന പ്രതീക്ഷ ഇന്ത്യൻ ജനതയ്ക്കു നൽകിയിരുന്നു.
അനശ്വര രക്തസാക്ഷി ഭഗത് സിംഗിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന പഞ്ചാബിലെ ലുധിയാനയില്‍ വെച്ച് 1980 നവംബര്‍ മൂന്നിനാണ് ഡമോക്രറ്റിക്ക് യൂത്ത് ഫെഡറേഷൻ ഓഫ് ഇൻഡ്യ അഥവാ ഡി.വൈ.എഫ്.ഐ രൂപീകരിച്ചത്. രാജ്യത്തെ മുഴുവന്‍ യുവതീ- യുവാക്കളെയും ഉള്‍ക്കൊള്ളുന്ന ഒരു യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം ഏറ്റെടുത്തുകൊണ്ടായിരുന്നു ഡി.വൈ.എഫ്.ഐയുടെ രൂപീകരണം. അക്കാലത്ത് സജീവമായിരുന്ന കെ എസ് വൈ എഫ് സോഷ്യലിസ്റ്റ് വാലിബര്‍ സംഘം, നവ് ജവാന്‍ ഭാരത് സഭ, ഡിവൈഎഫ് പശ്ചിമ ബംഗാള്‍ തുടങ്ങിയ യുവജന സംഘടനകളുടെ നേതാക്കള്‍ ദില്ലിയില്‍ വെച്ച് ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായാണ് ഡി.വൈ.എഫ്.ഐ രൂപീകരിക്കപ്പെട്ടത്.
1980 നവംബര്‍ ഒന്നു മുതല്‍ മുന്ന് വരെ ലുധിയാനയിലായിരുന്നു ഡി.വൈ.എഫ് ഐയുടെ രൂപീകരണ സമ്മേളനം. സാമ്രാജ്യത്വ വിരുദ്ധതയും ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളുമാണ് ഡിവൈഎഫ്‌ഐയുടെ മുഖമുദ്രയായി പ്രഖ്യാപിച്ചത്. 1987 ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യചങ്ങല രാജ്യമാകെ ശ്രദ്ധേയമായിരുന്നു. സമര പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ കഷ്ടതയും പ്രയാസവും, അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന സാന്ത്വനത്തിനും ആശ്വാസത്തിനും കൂടിയാണ് ഡിവൈഎഫ്‌ഐ ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ പ്രവര്‍ത്തനം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധനേടിയതായി നേതാക്കൾ പറയുന്നു.
ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ വരെ ഡിവൈഎഫ്‌ഐയെ പ്രശംസിക്കുകയുണ്ടായി. പ്രളയകാകാലത്ത് കേരള ജനതയ്‌ക്കൊപ്പം നിന്ന് ആക്രിപെറുക്കിയാണ് ഡിവൈഎഫ്‌ഐ റീസൈക്കിള്‍ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. കേരളത്തിന്റെ ഉള്ളുലച്ച വയനാട്- മുണ്ടക്കൈ- ചൂരല്‍മാല ഉരുള്‍പൊട്ടല്‍ കാലത്തും ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയായി. യുവജനതയ്‌ക്കൊപ്പം ഒരു ജനതയുടെ ആകെ ഐക്യത്തിന്റെ സന്ദേശമാണ് ഡിവൈഎഫ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്.
എന്നാൽ കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽ ശ്രദ്ധേയമായ ഒരു സമരം പോലും നടത്താതെ നിഷ്ക്രീയമായാണ് ഡി.വൈ.എഫ്. ഐ കടന്നുപോയതെന്ന വിമർശനവും ഉയരുന്നുണ്ട്. പിണറായി സർക്കാരിൻ്റെ തുടർഭരണം കാരണം ശക്തിയും ഊർജ്ജവും ക്ഷയിച്ചത് ഡി.വൈ.എഫ്.ഐയുടെതാണ്. പ്രതികരിക്കാൻ എ.കെ.ജി സെൻ്ററിലെ സർക്കുലർക്കായി കാത്തു നിൽക്കുന്നവരായി ഡി.വൈ.എഫ്.ഐ നേതാക്കൾ. യുവജന കമ്മിഷൻ അദ്ധ്യക്ഷ പദവികൾ ഉൾപ്പെടെയുളള അധികാരത്തിൻ്റെ അപ്പകഷ്ണം ലഭിച്ചതിൽ തൃപ്തരായിരുന്നു പലരും.
ഏറ്റവും ഒടുവിൽ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ പി.പി ദിവ്യയെ ന്യായികരിക്കുന്നതിൽ വരെയെത്തി ഡി.വൈ.എഫ്.ഐ നേതാക്കളുടെ പുരോഗമന നിലപാടുകൾ. മൂന്നാം പിണറായി സർക്കാർ കൂടി അധികാരത്തിൽ വന്നാൽ കേരളത്തിൽ വംശനാശം സംഭവിക്കുക കോൺഗ്രസിനോ മറ്റു പാർട്ടികൾക്കോ അല്ല ഡി.വൈ.എഫ്.ഐയ്ക്കായിരിക്കുമെന്ന് വിമർശിക്കുന്നവരുണ്ട്. സമര പോരാട്ടങ്ങൾ മറന്നുപോയ യുവജന സംഘടനയ്ക്ക് ചാരിറ്റി മാത്രം നടത്തി ഏറെക്കാലം മുൻപോട്ടു പോകാനാവില്ലെന്നാണ് അവർ പറയുന്നത്.
#DYFI #KeralaPolitics #YouthActivism #SocialWelfare #CommunistParty #PinarayiVijayan