Dry day | 'നാളെ സാധനം കിട്ടില്ല, ഇന്ന് തന്നെ വാങ്ങണേ'; ഇതാണോ ഡ്രൈ ഡേ!
എന്തായാലും കുടിക്കാൻ ഉള്ളവർ എവിടെ പോയാലും കുടിക്കും പിന്നെ ഈ അവധിക്ക് എന്ത് പ്രശസ്തിയാണ് ഉള്ളത്
(KVARTHA) കേരളത്തിൽ ലോക്സഭാ വോട്ടെണ്ണൽ നടക്കുന്ന ചൊവ്വാഴ്ച ഒരു തുള്ളി മദ്യം കിട്ടില്ല. പതിവുപോലെ ജൂൺ ഒന്നാം തീയതി ഡ്രൈ ഡേ ആണ്. അതുപോലെ വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ശരിക്കും ഇതിൻ്റെ ലോജിക്ക് എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്തൊരു ത്യാഗം. ഈ ഇലക്ഷൻ കമ്മീഷന്റെ ഒരു നിയമം. വല്ലവനും കഴിക്കുന്നതിനു ഇലക്ഷൻ കൗണ്ടിങ് തടസപ്പെടും എന്ന ലോജിക്ക് എന്താണ്? ഇവിടുത്തെ ഓഫീസേഴ്സ് മദ്യപിച്ച് കൗണ്ടിങ് കുളം ആക്കാൻ സാധ്യത ഉണ്ടെങ്കിൽ അത്രമാത്രം കപ്പാസിറ്റിയെ ഇവിടുത്തെ ഭരണകൂടത്തിന് ഉള്ളുവെന്നല്ലേ മനസിലാക്കേണ്ടത്. എങ്കിൽ പിന്നെ ഇവിടെ എന്തുകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം കൊണ്ടുവരുന്നില്ല.
മദ്യം മൂലം എത്രയെത്ര കുടുംബങ്ങൾ നശിക്കാൻ കാരണമായതാണ്. കേരളത്തിൽ പണ്ടേ ഈ നിരോധനം നടപ്പിലാക്കേണ്ടതാണ്. അതായത് മുഴുവൻ ഡ്രൈ. രണ്ട് ദിവസം അവധി പ്രഖ്യാപിച്ചാൽ ബ്ലാക്കിൽ വിൽക്കുന്നവൻ കാശുണ്ടാക്കും. അല്ലാതെ ഇതുകൊണ്ട് എന്ത് പ്രയോജനം. നാലാം തീയതി മദ്യശാലകള്‍ തുറക്കില്ല എന്ന് മുന്‍കൂട്ടി അറിയിച്ചത് നന്നായി. ഇല്ലെങ്കില്‍ മൂന്നാം തിയ്യതി തന്നെ വാങ്ങിച്ചുവെക്കാന്‍ കഴിയില്ലായിരുന്നു. നാലാം തിയ്യതി ബാര്‍ ജീവനക്കാര്‍ക്ക് അവധിയും കിട്ടും, നാലാം തിയ്യതി റിസള്‍ട്ട് അറിയാന്‍ വേണ്ടി പലരും ലീവാക്കുന്നത് കൊണ്ട് തലേന്ന് രണ്ടിരട്ടി കച്ചോടവും നടക്കും. അതാണ് ഇതുകൊണ്ട് കിട്ടുന്ന റിസൽറ്റ്!
എന്തായാലും കുടിക്കാൻ ഉള്ളവർ എവിടെ പോയാലും കുടിക്കും പിന്നെ ഈ അവധിക്ക് എന്ത് പ്രശസ്തിയാണ് ഉള്ളത്. ഇന്ന് കേരളത്തിലെ സംസാരം, നാളെ സാധനം കിട്ടില്ല... ഇന്ന് തന്നെ വാങ്ങണംട്ടോ എന്നാണ്. വിരമിച്ച സൈനികർക്ക് അവരുടെ മദ്യത്തിൽ വിലപേശാൻ അവസരമുണ്ട്. ഷട്ടർ അടച്ചിട്ടശേഷം പുറകിൽ കൂടി വില്പനയും നടന്നെന്നിരിക്കും. അപ്പോൾ കാര്യം സത്യസന്ധമാകുമല്ലോ. കൊള്ളലാഭവും ഉണ്ടാക്കാം. കേരളത്തിൽ മദ്യവും മയക്കുമരുന്നും സ്വർണക്കടത്തും ലോട്ടറിയും അമിത നികുതിയും ഇല്ലാതെ ഒരു പാർട്ടിക്കും ഇന്ന് ഭരിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു. രണ്ട് ദിവസം പോലെ മദ്യ ശാലകൾ അടച്ചാൽ സർക്കാർ ഉദ്യോഗസ്ഥർ പട്ടിണിയിലാകുന്ന നാട് കേരളം മാത്രമാകും. പിന്നെ നമ്മുടെ ജനപ്രതിനിധികളുടെ അവസ്ഥയും കഷ്ടത്തിലാകും. നഷ്ടം നമ്മുടെ സർക്കാരിന് കോടികളാണെന്ന് അറിയാമോ.
പാവങ്ങൾക്ക് ഉടനെ അടുത്ത അമേരിക്കൻ യാത്രയ്ക്കുള്ള പൈസ എവിടെനിന്നുണ്ടാക്കും എന്നത് വലിയ പ്രശ്നമാകും. ഒരിക്കൽ പോയാൽ പോരാ ജനങ്ങളുടെ ചെലവിൽ ഇനിയും ഒരു നാല് തവണ പോകണം എന്ന് ചിന്തിക്കുന്നവരാണ് ഇവിടുത്തെ ജനപ്രതിനിധികൾ. അതിൽ കക്ഷി രാഷ്ട്രീയ വിത്യാസമൊന്നുമില്ല താനും. അതിനാൽ തന്നെ ഈ നഷ്ടം നികത്താൻ ഇനി ലിറ്ററിന് ഒരു പത്തു രൂപ സർചാർജ് ഏർപ്പെടുത്താനും മടി കാണിച്ചെന്നും വരില്ല. ഭാരം മുഴുവൻ പാവപ്പെട്ട കുടിയന്മാരുടെ തലയിലും കെട്ടിവെയ്ക്കും. വീട്ടമ്മമാർക്ക് കണ്ണീർ തോരാനും സാധിച്ചെന്ന് വരില്ല. ഇതൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്ന വികസനം.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 24 ന് വൈകിട്ട് ആറ് മണിക്ക് അടച്ചിട്ട മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് ആറ് മണിക്കാണ് തുറന്നത്. ഒരു കാര്യം സത്യമാണ് ഈ ദിനം ഡ്രൈ ഡേ ആക്കിയാലും ഇല്ലെങ്കിലും മറ്റേത് ദിവസത്തെക്കാൾ കുടിയന്മാർ കൂടുന്നത് ഈ ദിവസം തന്നെയാകും. അത്, എങ്ങനെയാണെന്നാണ് ആധികാരികമായി പരിശോധിക്കേണ്ടത്.
വോട്ടെണ്ണൽ നടക്കുന്ന ദിവസം എങ്ങനെ ഡ്രൈ ആവും എന്ന് കാണണമല്ലോ. എല്ലാം വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാവും രണ്ടു ടീമും, തോറ്റാൽ സങ്കടം മാറാൻ, ജയിച്ചാൽ ആഹ്ളാദിക്കാൻ. ലഡുവും പടക്കവും ഒരു ടീമേ വാങ്ങൂ. അതുകൊണ്ട് തന്നെ അതിന് മദ്യത്തിൻ്റെ അത്രയും ചെലവും വരില്ല. എന്തായാലും ഒരു കാര്യത്തിൽ സർക്കാരിനും കുടിയന്മാർക്കും സന്തോഷിക്കാം. ഇത് പെട്ടെന്നുള്ള തീരുമാനം അല്ല. ദിവസങ്ങൾക്ക് മുൻപ് എല്ലാവരെയും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തലേ ദിവസം കൂടുതൽ വാങ്ങി കരുതി വെക്കാം. ഇങ്ങനെവേണം അധികാരികൾ. എല്ലാവർക്കും സന്തോഷം ആയില്ലേ!